ഞങ്ങള്‍ നടപ്പാക്കുമ്പോള്‍ ആഹാ… നിങ്ങള്‍ക്ക് നടപ്പാക്കുമ്പോള്‍ ഓഹോ… പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന്കാട്ടി ഗഡ്ഗരി കളത്തിലിറങ്ങിയിരിക്കുകയാണ്. കരിമ്പ് കര്‍ഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായി ലാലു പ്രസാദ് യാദവ് എഥനോള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് കിടിലം കേട്ടോ. ഗഡ്ഗരി തുടങ്ങിയാലോ എന്തോ ഒരു വശപിശകെന്ന്. ഈ ഇരട്ടത്താപ്പ് ചര്‍ച്ചയാക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. കാരണം പ്രധാന്‍ ഗയാ നെക്‌സ്റ്റ് ഗഡ്കരി എന്നതാണ് രാജ്യത്തെ സോഷല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന ഒന്ന്.
മഹാരാഷ്ട്ര ഭരണകൂടങ്ങളും കരിമ്പ് കൃഷിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നത് ചരിത്രവും സത്യവും. ഇപ്പോഴിതാ കരിമ്പിന്റെ രാഷ്ട്രീയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കയ്ക്കുമോ മധുരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇനി അതുമല്ലെങ്കില്‍ കരിമ്പിന്‍ ചണ്ടിയില്‍ ഇജെപി കത്തിക്കയറുമോ എന്നതും നോക്കേണ്ടതുണ്ട്. അതോ നിതിന്‍ ഗഡ്ഗരി ഇനിയും അതിശക്തമായ നിലപാടുമായി വരുമോ.
ഇ20 പദ്ധതി അവതരിപ്പിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഉത്തരവാദി താനല്ല എന്ന് ഗഡ്ഗരി പറയുന്നതിലുമുണ്ട് കാര്യമെന്ന് ഒന്ന് ചരിത്രത്തിലോട്ട് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകും. 2003-ല്‍തന്നെ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ എഥനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക, പുനരുപയോഗിക്കാവുന്നതും തദ്ദേശീയവുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ തന്നെയാണ് അന്ന് അതിന് തുടക്കമിട്ടതും. നിതിന്‍ ഗഡ്കരി ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ അത് കൃത്യമായും വ്യക്തമാക്കുന്നുമുണ്ട്.
എഥനോള്‍ ബിസിനസിന്റെ 0.5 ശതമാനം മാത്രമുള്ള നിതിന്‍ ഗഡ്ഗരിയുടെ മക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്താണുള്ളതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം. മാത്രവുമല്ല കമ്പനികള്‍ക്ക് 1,600 കോടിയുടെ നഷ്ടവും ഉണ്ടെന്ന് ഗഡ്കരി പറഞ്ഞിട്ടുമുണ്ട്. അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാറിന്റെ കാലത്താണ് എഥനോള്‍ ചേര്‍ക്കല്‍ തുടങ്ങിയത്. യുപിഎ സര്‍ക്കാര്‍ അത് മുന്നോട്ട് കൊണ്ട്് പോയി.
മണിശങ്കര്‍ അയ്യര്‍ പദ്ധതി മുന്നോട്ട് കൊണ്ട് പോയി. ഇ20 പെട്രോള്‍ മൂലം എന്‍ജിന്‍ തകരാറുണ്ടാവുമെന്ന ആരോപണങ്ങളുണ്ടെങ്കില്‍ പക്ഷെ അതിനും പരിഹാരം കാണണം. പക്ഷെ അതിന് കൃത്യവും ശാസ്ത്രീയവുമായ തെളിവുകള്‍ വേണം.
പല വാഹനനിര്‍മാതാക്കളും ഈ 20 പെട്രോള്‍ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി അവകാശപ്പെട്ടിട്ടുണ്ട്. നിതിന്‍ ഗഡ്കരിയുടെ മക്കള്‍ എഥനോള്‍ ചേക്കലിലൂടെ ലാഭമുണ്ടാക്കിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ വിശദീകരണം പുറത്ത് വന്നതും പുതിയ ചര്‍ച്ചകളുമെന്നതും ചേര്‍ത്തുവായിക്കണം.
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുക എന്ന നയം ക്രമേണ മുന്നോട്ടുപോകുകയും 2025-26 ഓടെ 20% എഥനോള്‍ എന്ന നിലയില്‍ എത്തുകയും ചെയ്തു. ഇത് ഘട്ടംഘട്ടമായാണ് ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.
പദ്ധതി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിയന്ത്രിച്ചതും നടപ്പിലാക്കിയതും പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം ആണ്. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയമല്ലെന്നും അദ്ദേഹം വാദിച്ചു. ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ്, സ്റ്റാറ്റിയൂട്ടറി, സാമ്പത്തിക, നയ രൂപീകരണ അധികാരങ്ങള്‍ ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഗഡ്ഗരിവ്യക്തമാക്കിയിട്ടുണ്ട്.
എഥനോള്‍ പദ്ധതിയിലൂടെ നിതിന്‍ ഗഡ്കരിയും കുടുംബവും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നെന്ന് ആരോപിച്ച് വ്യാജ ദൃശ്യങ്ങളും കുറിപ്പുകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗഡ്കരി മെറ്റ, എക്സ്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെയുള്ളയില്‍നിന്ന് ഇത്തരം പ്രചാരണങ്ങള്‍ നീക്കംചെയ്യാനാവശ്യപ്പെട്ട് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.
അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇ20 പദ്ധതി നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇത് ഇന്ധനക്ഷമത കുറയ്ക്കും എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇതിനെതിരായ പ്രചാരണം നടക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ നിലവിലുള്ള വാഹനങ്ങളില്‍ എത്ര ശതമാനം വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ പൂര്‍ണമായും അനുയോജ്യമാണെന്ന് കണ്ടെത്താന്‍ പഠനങ്ങളോ കണക്കെടുപ്പുകളോ നടത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. കണക്കെടുപ്പ് നടത്തിയിട്ടില്ലെങ്കിലും ഇ20 സുരക്ഷിതമാണെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും ലാബ് പഠനങ്ങളിലൂടെയും ഉറപ്പാക്കിയെന്നാണ് സുരേഷ്ഗോപി വ്യക്തമാക്കുന്നത്.
പഴയ വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് വഴി എന്‍ജിന്റെ പ്രവര്‍ത്തനത്തിലോ ഭാഗങ്ങളുടെ തേയ്മാനത്തിലോ കാര്യമായ മാറ്റങ്ങള്‍ കണ്ടിട്ടില്ലെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതിച്ചെലവു കുറയ്ക്കാനും ആഭ്യന്തര കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ഗഡ്ഗരിയെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനും എഥനോള്‍ പദ്ധതിയുമായി ഇറങ്ങിയ നിതിന്‍ ഗഡ്ഗരിയുടെ മക്കള്‍ക്ക് പൊളളിയാല്‍ ഗഡ്ഗരി ഇനിയും രംഗത്തിറങ്ങുമെന്ന് വ്യക്തം.
പ്രധാന്‍ ഗയാ നെക്‌സ്റ്റ് ഗഡ്കരി രാജ്യത്തെ സോഷല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന ഒന്നാണിത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെയും കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത പെട്രോള്‍ നയത്തെയും പൂട്ടിക്കെട്ടിക്കുമെന്ന് ശപഥം ചെയ്ത് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വരുന്നത്. സമൂഹമാധ്യമങ്ങളിലെ യുവതലമുറയുടെ ശക്തമായ ട്രോളുകളും പ്രചാരണങ്ങളും ബിജെപിയുടെ വോട്ട് ബാങ്കിനെ വരും തിരഞ്ഞെടുപ്പുകളില്‍ ബാധിച്ചേക്കാമെന്ന ആശങ്ക ബിജെപിക്കുണ്ട്.
ഡല്‍ഹി പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ചതുപോലുള്ള വലിയ സമരങ്ങള്‍ രാജ്യവ്യാപകമായി ട്രാന്‍സ്‌പോര്‍ട്ട് മേഖലയെ സ്തംഭിപ്പിപ്പിക്കുമോ ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ നിതിന്‍ ഗഡ്കരിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം ഒന്നിച്ചു നീങ്ങിയാല്‍ അത് സര്‍ക്കാരിനു വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാക്കും.
അങ്ങനെയെങ്കില്‍ ഗഡ്ഗരി രാജിവയ്‌ക്കേണ്ടി വരുമോ അതോ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഗഡ്ഗരിക്ക് ഒരു സമ്മര്‍ദവുമില്ലെന്ന് കരുതുന്നവരും കുറവല്ല. ആര്‍എസ്എസ് നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് അതിനാല്‍ പാര്‍ട്ടിക്ക് അദ്ദേഹത്തെ എളുപ്പത്തില്‍ കൈവിടാനാകില്ല. രാജ്യത്തുടനീളം ഹൈവേകളും മികച്ച റോഡ് ശൃംഖലകളും നിര്‍മിച്ച് പെര്‍ഫോമിങ് മിനിസ്റ്റര്‍ എന്ന പേരെടുത്ത മന്ത്രിയാണ് ഗഡ്ഗരി.
എഥനോള്‍ ഉല്‍പാദനം വഴി കരിമ്പ് കര്‍ഷകര്‍ക്കും മറ്റ് കാര്‍ഷിക മേഖലകള്‍ക്കും വലിയ വരുമാനം ലഭിക്കുന്നതിനാല്‍ രാജ്യത്തെ വലിയ വിഭാഗം കര്‍ഷകരും ഗഡ്കരിക്കൊപ്പമുണ്ട്. സമരങ്ങള്‍ കടുക്കുമെങ്കിലും തന്റെ വികസന നേട്ടങ്ങളും ആര്‍എസ്എസ് പിന്തുണയും നിതിന്‍ ഗഡ്കരിയുടെ രാഷ്ട്രീയ വഴി അത്ര പെട്ടെന്ന് അടയ്ക്കില്ലെന്നാണു വിലയിരുത്തല്‍. എന്നാല്‍ ഇ20 ഇന്ധന നയത്തില്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന ചില മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായേക്കാം എന്നാണ് സൂചനകള്‍.
കാരണം പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന നിലവിലെ കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റണമെന്ന ആവശ്യം ശക്തിപ്രാപിക്കുകയാണ്. എഥനോള്‍ മിശ്രിതം പഴയതും പുതിയതുമായ വാഹനങ്ങളുടെ എന്‍ജിന്‍ തകരാറിലാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഈ വിഷയം ഒരു സജീവ ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ശിവാജി പാര്‍ക്കില്‍ വന്‍ റാലിയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ വിഷയം ജനങ്ങള്‍ക്കിടയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ്.
എഥനോള്‍ ഇന്ധന നയത്തിനെതിരെ ഡല്‍ഹിയിലെ വിവിധ ടാക്‌സി, ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളെ അണിനിരത്തി ഓഗസ്റ്റ് 4 ന് പാര്‍ലമെന്റിലേക്കു വന്‍ പ്രതിഷേധ മാര്‍ച്ചുമുണ്ട്. അതേസമയം എഥനോള്‍ മിശ്രിതം കാരണം രാജ്യത്ത് ഒരു വാഹനം പോലും തകരാറിലായിട്ടില്ലെന്നാണ് ഗഡ്കരിയുടെ വാദം. കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 ഇന്ധന പദ്ധതി നടപ്പിലാക്കിയത്. വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതിച്ചെലവു കുറയ്ക്കാനും ആഭ്യന്തര കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനും എഥനോള്‍ പദ്ധതി അത്യാവശ്യമാണ്.
സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതു ചില താല്‍പര്യക്കാരുടെ പണം കൊടുത്തുള്ള വ്യാജ പ്രചാരണം മാത്രമാണ്. ഗഡ്കരിയുടെ കുടുംബത്തിന് എഥനോള്‍ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്ന രീതിയില്‍ പ്രചാരണവും ഇതിനിടെ ചിലര്‍ നടത്തി. ക്രൂഡ് ഓയില്‍ വില കൂടുമ്പോഴാണ് സാധാരണ ഓയില്‍ കമ്പനികള്‍ എഥനോള്‍ മിശ്രണം നടത്തിയിരുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് പറയുന്നു. 2003 മുതല്‍ എഥനോള്‍ മിശ്രണം നടത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ലോകരാജ്യങ്ങളില്‍ ബ്രസീല്‍, അമേരിക്ക, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി അറുപത് രാജ്യങ്ങളെല്ലാം ഈ പണി ചെയ്യുന്നുണ്ട്. മാത്രമല്ല, നമ്മുടെ ഓട്ടമാറ്റിക് വാഹനങ്ങളെല്ലാം മികവുറ്റതാണ്. പ്രശ്‌നം ഉണ്ടാകുന്നതൊക്കെ പഴയ വാഹനങ്ങള്‍ക്കാണ്. പഴയ വാഹനങ്ങളും ഇപ്പോഴുള്ള കമ്പനികളുടേതു തന്നെയാണ് മാര്‍ക്കറ്റിലുള്ളത. എഥനോള്‍ ഉപയോഗം വഴി പെട്രോള്‍ പമ്പുകളില്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് ഓയില്‍ കമ്പനി ചെയര്‍മാന്മാരെയും സര്‍ക്കാരിനെയും ബോധിപ്പിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പുകളും ലൈനുകളും പൂര്‍ണമായും എഥനോളിന് ഇണങ്ങിയതല്ല. രാജ്യാന്തര തലത്തില്‍ അതിനുള്ള സിസ്റ്റമുണ്ട്. അത് ഇവിടെ വയ്ക്കാത്തതിനു കാരണം സ്ഥിരമായി എഥനോളല്ല വിതരണം ചെയ്യുന്നത് എന്നതുകൊണ്ടാണ്. സ്ഥിരമായി എഥനോള്‍ വിതരണം നടന്നെങ്കില്‍ മാത്രമേ ഇവിടത്തെ ടാങ്കുകള്‍ അങ്ങനെയാകൂ. കേരളത്തെ സംബന്ധിച്ചു വലിയതോതില്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണ്. ഏതെങ്കിലും രീതിയില്‍ മഴവെള്ളം എഥനോള്‍ മിശ്രിത പെട്രോളില്‍ കടന്നാല്‍ അതും വലിയ പ്രശ്‌നമാണ്. വെള്ളം ഇതില്‍ ചേരാതെ നോക്കാനുള്ള എക്‌സ്ട്രാ പണി കൂടി ഡീലറിനുണ്ട്. കരിമ്പ് കര്‍ഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായി ഇത് ലാലു പ്രസാദ് യാദവാണ് പ്രോത്സാഹിപ്പിച്ചത്. രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ രാജ്യത്തിനു മുഴുവന്‍ ഇത് ആവശ്യമാണ്. ലോകം മുഴുവന്‍ ഇതിനൊപ്പമാണ് . എഥനോള്‍ ഇ 20 നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയനേട്ടത്തിനോ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താല്‍പര്യത്തിനോ വേണ്ടിയുള്ളതല്ല.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുക, ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കുക, ഭാവിതലമുറയ്ക്കു കൂടുതല്‍ സുസ്ഥിരമായ ഊര്‍ജ സംവിധാനം ഒരുക്കുക എന്നീ ദേശീയ താല്‍പര്യങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഒരു മതവിഭാഗത്തിനോ ജനവിഭാഗത്തിനോ വേണ്ടിയുള്ളതല്ല. രാജ്യത്തിന്റെ സമഗ്ര വികസനവും ദേശീയ താല്‍പര്യവും മുന്‍നിര്‍ത്തിയുള്ളവയാണെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. നമ്മുടെ നാട്ടില്‍ ഭൂരിഭാഗം ആളുകളും സെക്കന്‍ഡ് ഹാന്‍ഡ് ആയി വാഹനം ഉപയോഗിക്കുന്ന ആളുകളാണ്.
കൂടുതലായും തൊഴില്‍ ആവശ്യങ്ങള്‍ക്കു വേണ്ടി ഇരുച്ചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ എല്ലാവരും പുത്തന്‍ വാഹനങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരല്ല. ഓര്‍ഗാനിക് ഫ്യൂവല്‍ എന്നുള്ളതെല്ലാം പേരില്‍ നല്ല ആശയം ഒക്കെ തന്നെയാണ് എങ്കിലും അതു കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ നിലവിലില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എഥനോള്‍ മിശ്രിത ഇന്ധന നയം വിദേശനാണയച്ചെലവു കുറയ്ക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി നിയന്ത്രിക്കുന്നതിനും സഹായകമാണ്.
കരിമ്പ്, ചോളം തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ഗ്രാമീണ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. എഥനോള്‍ ബ്ലെന്‍ഡിങ്ങിനു വേണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെപ്പറ്റിയുള്ള ആശങ്കയുണ്ട്. എന്നാല്‍ ഇ 20 പദ്ധതി പരിസ്ഥിതി സംരക്ഷണത്തിനും ഊര്‍ജ സ്വയംപര്യാപ്തതയ്ക്കും കര്‍ഷകക്ഷേമത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ദേശീയ വികസന നയമാണെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.
ഇ20 വന്നാലും പെട്രോളിനും ഡീസലിനും വിലയൊട്ടും കുറയുന്നില്ലെന്നും അതിനാല്‍ എഥനോള്‍ ബ്ലെന്‍ഡിങ് എന്ന നടപടി ചിലരുടെ മാത്രം കീശ വീര്‍പ്പിക്കുന്നതിന് അപ്പുറം യാതൊരു ഉപകാരവും പൊതുജനത്തിനോ സമൂഹത്തിനോ രാജ്യത്തിനോ ലഭിക്കുന്നില്ലെന്നും അലോഷ്യസ് സേവ്യര്‍ ആരോപിക്കുന്നു. പരിസ്ഥിതി സൗഹാര്‍ദമാണെന്നത് മാത്രമാണ് എഥനോള്‍ കൊണ്ടുള്ള ഏക ഗുണമെന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്നുണ്ട്. 2018ന് മുന്‍പുള്ള വാഹനങ്ങളില്‍ എഥനോള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
കെഎസ്ആര്‍ടിസി ബസുകളിലും ഉപയോഗിക്കാനാകില്ല. പക്ഷെ അതിന് ശാശ്വതമായ പരിഹാരം എന്നത് ഇനിയും അകലെയല്ല. രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിനപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗൗരവമുളള ചര്‍ച്ചകള്‍ നടത്തി കര്‍ഷകര്‍ക്കായി പരിസ്ഥിതിക്കായി അണിനിരക്കാം. ഒപ്പം നിലവിലുള്ള ആശങ്കകളെയും മറികടക്കണം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
കള്ളന് കപ്പലില്‍ തന്നെ, സ്വരാജിന്റെ വാദം തള്ളി കള്ളന് വിജയന്, വി.എസിനെ വെട്ടി അന്നും ഇന്നും
കള്ളന് കപ്പലില്‍ തന്നെ, സ്വരാജിന്റെ വാദം തള്ളി കള്ളന് വിജയന്, വി.എസിനെ വെട്ടി അന്നും ഇന്നും









