ചെറുപ്പത്തിൽ ഞങ്ങൾ എപ്പോഴും വഴക്കായിരുന്നു, എന്നാൽ ഇന്നങ്ങനെ അല്ല; ‌അപ്പയുടെ മുഖ്യമന്ത്രി പദം എനിക്കും സഹോദരിക്കും ഉത്തരവാദിത്തം കൂട്ടിയെന്നും ജേസൺ സഞ്ജയ്!

അഭിമുഖത്തിൽ സംസാരിക്കുന്ന വിജയിയുടെ മകൻ ജേസൺ സഞ്ജയ്
തമിഴകത്തിന്റെ ദളപതിയും മുഖ്യമന്ത്രിയുമായ വിജയിയുടെ മകൻ ഒരു അഭിമുഖത്തിന് നൽകിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുഖ്യമന്ത്രി പദം അച്ഛന് ലഭിച്ചത് തനിക്കും സഹോദരിക്കും കുടുംബത്തിനുമൊന്നടങ്കം വലിയ ഉത്തരവാദിത്തമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം ചരിത്രപരമായ വിപ്ലവമാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയതെന്നും ഒരു യൂട്യൂബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ  സഞ്ജയ് പറയുന്നു.
‘‘കുട്ടിക്കാലത്ത് നിരധി സിനിമാ സെറ്റുകളിൽ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ ഒരു നോർമൽ ആയി കാണാൻ ചെറുപ്പത്തിലേ സാധിച്ചു. പക്ഷേ പൈലറ്റ് ആകണമെന്നായിരുന്നു ആദ്യ ആഗ്രഹം, പിന്നീട് ക്രിക്കറ്റ്.  പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിനിമയിലേക്കു പോകാൻ തീരുമാനിക്കുന്നത്.
ചെറുപ്പം മുതലേ കഥ പറയാൻ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നീട് മനസ്സിൽ വരുന്ന ചിന്തകളെല്ലാം എഴുതാൻ ആരംഭിച്ചു. അങ്ങനെ കാനഡയിൽ ഒരു ഫിലിം മേക്കിങ് കോഴ്സ് പഠിച്ചു. അതിൽ എല്ലാ വിഭാഗങ്ങളും ഉണ്ടായിരുന്നു. ക്യാമറ, എഡിറ്റിങ്, ഡയറക്‌ഷൻ. അവിടെ നിന്നു തന്നെ ചില സ്റ്റാർട് അപ്പ് കമ്പനികൾക്കു വേണ്ടി ആഡ് ഫിലിം ഷൂട്ട് ചെയ്തിരുന്നു.
അവിടെ വച്ചു തന്നെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ വോളന്റിയർ ആയി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ഒരുപാട് വേൾഡ് സിനിമകൾ കണ്ടു. സിനിമ കാണുന്ന രീതി തന്നെ മാറി. അന്ന് ആ സമയത്ത് നിവിൻ പോളി സാറിന്റെ ‘മൂത്തോൻ’ സിനിമ അവിടെ പ്രിമിയർ ചെയ്തിരുന്നു. അതിന്റെ ഭാഗമായി നടന്ന ക്യു ആൻഡ് എ സെഷനിൽ അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചു. സാറിന് ഓർമയുണ്ടോ എന്നറിയില്ല.
അങ്ങനെ നാട്ടിൽ തിരികയെത്തിയ ശേഷം സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. ‘സിഗ്മ’യുടെ കഥ പറയുന്നതിനു മുമ്പേ അച്ഛന്റെ സുഹൃത്തായ സഞ്ജീവ് അങ്കിളിനോട് ഈ വിഷയം പറഞ്ഞിരുന്നു. മാത്രമല്ല ഞാനെന്റേതായ ഒരു ടീമിനെയും ഉണ്ടാക്കി. അങ്ങനെ ഈ സിനിമയുടെ കഥ ഞങ്ങളൊരുമിച്ച് ചർച്ച ചെയ്ത ശേഷമാണ് ലൈക്കയോട് പോയി പറയുന്നത്.
അവര്‍ ഒരുപാട് കഥ കേൾക്കുന്നവരാണ്. ഈ കഥ ഇഷ്ടമാകുമോ എന്നുപോലും അറിയില്ല. കഥ ഇഷ്ടമായില്ലെങ്കിലും സാരമില്ല കുറച്ച് ഇൻപുട്ട്സ് അറിയാമെന്നു വിചാരിച്ചാണ് കഥ പറയുന്നത്. എന്നാൽ കഥ അവർക്ക് ഇഷ്ടമായി. കുറച്ച് ക്രിയേറ്റിവ് ഇൻപുട്ട്സ് അവരും പറഞ്ഞു. അങ്ങനെയാണ് ഫൈനൽ തിരക്കഥയിലേക്ക് എത്തിയത്.
ലൈക്കയുടെ ആദ്യ സിനിമ ‘കത്തി’യായിരുന്നു. അതുകൊണ്ട് തന്നെ അവരെന്നെ വളരെയധികം പിന്തുണച്ചു. ഒരു ഭാഗത്ത് സന്തോഷമുണ്ടെങ്കിലും വലിയൊരു ഉത്തരവാദിത്തവും എന്നിലുണ്ടായിരുന്നു. നമ്മൾ കാരണം അവർക്കൊരു നഷ്ടമുണ്ടാകരുത് എന്നതായിരുന്നു പ്രധാന വെല്ലുവിളി.
‘വേട്ടൈക്കാരൻ’ സിനിമയിൽ ഡാൻസ് കളിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും എനിക്കറിയില്ല. ഷോബി മാസ്റ്ററായിരുന്നു ആക്‌ഷൻ പറഞ്ഞത്. ആക്‌ഷൻ കേട്ടതും ഞാൻ പേടിച്ച് അപ്പയെ പോയി കെട്ടിപിടിച്ചു. അത്രയും ആൾക്കാരെ കണ്ട് പേടിച്ചു പോയി. പിന്നെ അപ്പ ഒരുപാട് ആശ്വസിപ്പിച്ച ശേഷമാണ് ഡാൻസ് കളിക്കാൻ തുടങ്ങിയത്. ഞാൻ സംവിധാനം ചെയ്ത സമയത്തും ഈ നിമിഷം എന്റെ മനസ്സിൽ വന്നിരുന്നു.
അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ
ചരിത്രപരമായ വിപ്ലവമാണ് ഇപ്പോൾ ഇവിടെ സംഭവിച്ചിരിക്കുന്നത്. എനിക്ക് ആണെങ്കിലും എന്റെ സഹോദരിക്കാണെങ്കിലും കുടുംബത്തിലെ മറ്റ് ഏതംഗങ്ങൾക്കാണെങ്കിലും ഇതൊരു വലിയ ഉത്തരവാദിത്തവും ലെഗസിയുമാണ്. അതുമായി വേണം ഇനി നമ്മൾ മുന്നോട്ടുപോകാൻ, അത് മാത്രമല്ല അതിനെ കാത്തുസംരക്ഷിക്കുകയും വേണം. അതുകൊണ്ടു തന്നെ ഞാൻ സ്വയം കരുതലോടെയും ജാഗ്രതയോടെയും ഇരിക്കണം.
എന്റേതായ വ്യക്തിത്വം വാർത്തെടുക്കുക, സ്വയം പേരെടുക്കുക എന്നതാണ് അച്ഛൻ തന്ന വലിയ ഉപദേശം. അതേ ട്രാക്കിൽ ആണ് എന്റെ മനസ്സും ഉണ്ടായിരുന്നത്. എന്ത് സഹായം വേണമെങ്കിലും ചോദിക്കാം, പക്ഷേ അത് നീ സ്വയം എന്നോടു വന്നു പറയണമെന്നും അപ്പ പറഞ്ഞിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെ ഞാൻ സ്വയം കടന്നുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അക്കാര്യത്തിൽ അപ്പയോടും അമ്മയോടുമൊക്കെ എനിക്ക് കടപ്പാടുണ്ട്.
സഹോദരിയുമായി ഏറെ അടുപ്പമുണ്ട്. ചെറുപ്പത്തിൽ ഞങ്ങൾ എപ്പോഴും വഴക്കാണ്. ഇപ്പോൾ അവൾ പഠിക്കുകയാണ്. അതുകൊണ്ട് തന്നെ നല്ലപോലെ മിസ്സ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും വിഡിയോ കോൾ ചെയ്യും. അവളൊരു സിനിമാ പ്രേമിയാണ്. കുടുംബത്തിൽ ആദ്യമായി എന്റെ സിനിമാ കഥ പറയുന്നത് അവളോടാണ്. അവളും നല്ലപോലെ സംസാരിക്കും, ഉള്ള കാര്യം ഉള്ളപോലെ പറയും എന്നും സഹോദരിയെ കുറിച്ച് സഞ്ജയ് പറഞ്ഞു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.