ഓണക്കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് പണിയായി ഈ തീരുമാനം ; ഗൾഫ് രാജ്യത്തേക്ക് മടങ്ങാൻ ഇനി ഇരട്ടിയിലധികം പണം ചെലവാക്കണം

അബുദാബി: ഓണം പ്രമാണിച്ച് പ്രവാസികൾ നാട്ടിലേക്ക് എത്തുന്ന പ്രധാന സമയമാണ് ജൂലൈയും ഓഗസ്റ്റും. യുഎഇയിലെ സ്കൂൾ വേനലവധിയും ഇതേ കാലയളവിലായതിനാൽ, നിരവധി മലയാളികൾ കുടുംബസമേതം നാട്ടിലെത്താറുണ്ട്. എന്നാൽ, അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ, മടങ്ങിയാത്രയ്ക്ക് ഇരട്ടിയിലധികം തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഖലീജ് ടൈംസ് പുറത്തുവിട്ടു.

ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്‌ത്, ലെബനൻ, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലെ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളാണ് പരിശോധിച്ചത്. ഇതിൽ എല്ലാ റൂട്ടിലേക്കും ടിക്കറ്റ് നിരക്ക് വർദ്ധിച്ചിട്ടില്ല. ചില റൂട്ടുകളിൽ ഇരട്ടിയിലധികമായി വർദ്ധിച്ചു. ബംഗളൂരു – ദുബായ് റൂട്ടിലാണ് ഏറ്റവുമധികം വർദ്ധനവുണ്ടായത്. ഓഗസ്റ്റ് 13ന് 828 ദിർഹമാണെങ്കിൽ (21,440 രൂപ) ഓഗസ്റ്റ് 30ന് 1,694 ദിർഹമായി (43,865 രൂപ) ഉയ‌ർന്നു. അതായത് ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്.

കൊച്ചി – ദുബായ് റൂട്ടിലും സമാനമായ വർദ്ധനവുണ്ടായി. ഓഗസ്റ്റ് 13ന് 1,424 ദിർഹമായിരുന്ന (36,873 രൂപ) ടിക്കറ്റ് ഓഗസ്റ്റ് 30ന് 2,943 ദിർഹമായി (76,207 രൂപ) ഉയർന്നു. കോഴിക്കോട്ട് നിന്നുള്ള ടിക്കറ്റിന് സമാനമായ രീതിയിൽ 1,174 ദിർഹത്തിൽ (30,400 രൂപ) നിന്ന് 2,022 ദിർഹമായി (52,358 രൂപ) വർദ്ധിച്ചു. കൂടാതെ, ഹൈദരാബാദ് – ദുബായ് യാത്രാ നിരക്കുകൾ 857 ദിർഹത്തിൽ (22,191 രൂപ) നിന്ന് 1,321 ദിർഹമായും (34,206 രൂപ) മുംബയ് – ദുബായ് യാത്രാ നിരക്കുകൾ 780 ദിർഹത്തിൽ (20,197 രൂപ) നിന്ന് 1,095 ദിർഹമായും (28,354 രൂപ) വർദ്ധിച്ചു.

അതേസമയം, പാകിസ്ഥാനിലെ കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്ക്–ദുബായ് റൂട്ടിലെ ടിക്കറ്റ് നിരക്കിൽ കാര്യമായ മാറ്റമില്ല. ലണ്ടനിൽ നിന്ന് ദുബായിലേക്കുള്ള കണക്ഷൻ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, നേരിട്ടുള്ള സർവീസുകളുടെ നിരക്ക് ഗണ്യമായി വർധിച്ചതായാണ് റീപ്പോർട്ടുകൾ .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.