പ്രണവിന്റെ പാർക്കൂർ, വിസ്മയയുടെ മുവായ് തായ്… യോദ്ധയിലും തച്ചോളി വർഗീസ് ചേകവരിലും കണ്ട ആ ലാലേട്ടൻ മാജിക്; ഇതാ, അതുക്കും മേലെ!

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും സിനിമാതാരങ്ങളുടെ മക്കളുടെ പതിവ് ശൈലിയില്‍ നിന്നും എപ്പോഴും വ്യത്യസ്തമായി സഞ്ചരിക്കുന്നവരാണ്.മാത്രവുമല്ല സ്വകാര്യകതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഇരുവരും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നുകഴിയാന്‍ ആഗ്രഹിക്കുന്നവരുമാണ്. പക്ഷെ അപ്രതീക്ഷിതമായി ഇരുവരും സിനിമയിലേയ്‌ക്കെത്തി. പ്രണവ് ആദിയിലൂടെ നായകനായും വിസ്മയ തുടക്കത്തിലൂടെ നായികയായും. എടുത്തുപറയേണ്ട കാര്യം രണ്ടുപേരും രണ്ടു വിത്യസ്തമായ മേഖലകളില്‍ ഇതിനോടകം മികവ് തെളിയിച്ചവരും. ആ മികവ് സംവിധായകരുടെ ബ്രില്യന്‍സിലൂടെ ഈ രണ്ട് താരങ്ങളിലൂടെ സിനിമകളിലും കാണാം. പ്രണവിന്റെ പാര്‍ക്കൂര്‍. എന്താണതെന്ന് ഇതിനോടകം തന്നെ എല്ലാവരും ആദിയില്‍ കണ്ടതാണ്. വഴികളിലെ തടസ്സങ്ങളെ അതിവേഗം ചാടിയും ഓടിയും മറിഞ്ഞു കടക്കുന്ന ഒരു സാഹസിക കായിക ഇനമാണ് പാര്‍ക്കൂര്‍. ഫ്രാന്‍സില്‍ ഡേവിഡ് ബെല്ലെ ആണ് ഇത് തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളില്ലാതെ ശരീരത്തിന്റെ കരുത്തും വേഗതയും മാത്രം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പാര്‍ക്കൂറിന്റെ പ്രധാന സവിശേഷതകള്‍ വേഗതയും കൃത്യതയുമാണ്.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തുക, തടസ്സങ്ങള്‍ മറികടക്കല്‍, പ്രത്യേകിച്ചും മതിലുകള്‍, കൈവരികള്‍, പടവുകള്‍ എന്നിവ ചാടിക്കടക്കുകയാണ് പാര്‍ക്കൂറിലൂടെ. മികച്ച ശാരീരികക്ഷമത വേണം ഇതിനായി. കാല്‍പാടുകളുടെയും കൈകളുടെയും കരുത്ത്, ബാലന്‍സ്, ഏകാഗ്രത എന്നിവ അത്യാവശ്യമാണ്. പ്രധാന പ്രത്യേകത ചടുലത തന്നെയാണ്. റണ്ണിങ് ജമ്പിങ്, വാള്‍ ക്ലൈംബിങ്, ലാന്‍ഡിങ് അങ്ങനെ നീളുന്നു പാര്‍ക്കൂര്‍. ഇനി വിസ്മയിലേയ്ക്ക് പോകാം. തായ്ലന്‍ഡിന്റെ പരമ്പരാഗതമായ ഒരു ആയോധനകലയും ദേശീയ കായികവിനോദവുമാണ് മുവായ് തായ്. തായ് ബോക്‌സിംഗ് എന്നും ഇതിനെ വിളിക്കാറുണ്ട്. എട്ട് കോണ്‍ടാക്റ്റ് പോയിന്റുകളാണ് പ്രത്യേകത. സാധാരണ ബോക്‌സിംഗില്‍ മുഷ്ടികള്‍ മാത്രം ഉപയോഗിക്കുമ്പോള്‍, മുവായ് തായില്‍ കൈമുട്ടുകളും കാല്‍മുട്ടുകളും പ്രഹരങ്ങള്‍ക്കായി ശക്തമായി ഉപയോഗിക്കുന്നു.

എതിരാളിയെ അടുത്തേക്ക് ചേര്‍ത്തുപിടിച്ച് കാല്‍മുട്ടുകളും കൈമുട്ടുകളും കൊണ്ട് ആക്രമിക്കുന്ന തനത് ശൈലിയാണിത്. കൈത്തണ്ടകളും കണങ്കാലുകളും പ്രഹരങ്ങള്‍ തടുക്കാനുള്ള കവചങ്ങളായി ഈ പരിശീലനത്തിലൂടെ കഠിനമാക്കുന്നു.ശരീരഭാരം കുറയ്ക്കാന്‍, അതിവേഗം കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നതിനാല്‍ വെയ്റ്റ് ലോസ് ട്രെയിനിംഗിന് ഇത് മികച്ചതാണ്. വിസ്മയ മുവായ് തായ് പരിശീലനത്തിലൂടെ വലിയ രീതിയില്‍ ശരീരഭാരം കുറച്ചതും തുടക്കത്തിനായി ഇത് പരിശീലിച്ചതുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികള്‍ക്ക് കരുത്ത് നല്‍കാനും ഇത് സഹായിക്കുന്നു.
കഠിനമായ വര്‍ക്കൗട്ടുകള്‍ വഴി ആത്മവിശ്വാസവും മാനസിക ഏകാഗ്രതയും വര്‍ദ്ധിക്കുമെന്ന പ്രത്യേകതയുമുണ്ട്. മുവായ് തായ് പരിശീലനം വളരെ കഠിനമാണ്. ഷാഡോ ബോക്‌സിംഗ്, ഹെവി ബാഗ് വര്‍ക്ക്, പാഡ് വര്‍ക്ക്, സ്‌ട്രെങ്ത് ട്രെയിനിംഗ്, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു സ്‌ട്രൈക്കിംഗ് ശൈലി കൂടിയാണിത്. ആദി എന്ന സിനിമ കണ്ടിറങ്ങിയവര്‍ പ്രണവിന്റെ അഭിയനയത്തെക്കാളേറെ പാര്‍ക്കൂര്‍ ആണ് ചര്‍ച്ച ചെയ്തത്. ഇപ്പോളിതാ ചേട്ടന്റെ വഴിയേ അനുജത്തിയും.

സിനിമ കണ്ടിറങ്ങിയവര്‍ മാസ് ആക്ഷന്‍ സീനിനെക്കുറിച്ച് പറയുമ്പോള്‍ അത് വിസ്മയ അല്ലാതെ മറ്റാര്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമയിലെ ആക്ഷന്‍ സീനുകളും മെയ്  വഴക്കവും എല്ലാവര്‍ക്കുമറിയാം. കളരിയായാലും കരാട്ടെയായാലും ഇന് അതിനെക്കാള്‍ വലിയ ആക്ഷന്‍ സ്വീകന്‍സാണെങ്കിലും താരരാജാവ് റെഡി. യോദ്ധയിലും തച്ചോളി വര്‍ഗീസ് ചേകവരിലുമൊക്കെ നമ്മള്‍ അത് ഒരുപാട് കണ്ടതല്ലേ. ഇപ്പോഴിതാ അച്ഛന്റെ വഴിയേ മകനും മകളും. എല്ലാവര്‍ക്കും പൂര്‍ണ പിന്തുണയുമായി സുചിത്ര മോഹന്‍ലാല്‍ എന്ന കുടുംബിനിയും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.