എം റിജു
ചക്കിന് വെച്ചത് കൊക്കിന് കൊള്ളുക എന്ന് കേട്ടിട്ടില്ലേ. മലയാളത്തിന്റെ എല്ലാമെല്ലാമായ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ ലോഞ്ച് ചെയ്യിക്കുന്ന എന്ന ഉദ്ദേശത്തോടെ കുടിയാണ്, ജൂഡ് ആന്റണി ജോസഫ് എന്ന ഹിറ്റ്മേക്കര് ഡയറക്ടര്‍, ‘തുടക്കം’ എന്ന സിനിമയെടുത്തത്. പക്ഷേ മോഹന്‍ലാലിന്റെ മകളുടെ പേരില്‍ അറിയപ്പെടുന്ന പടം, നിര്‍മ്മാതാവും ലാലേട്ടന്റെ വലം കൈയുമായ ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണി തൂക്കിയെന്ന് പറയുന്നതാവും ശരി. എജ്ജാതി കിടുവില്ലന്. നോട്ടംകൊണ്ടും ബോഡി ലാംഗ്വേജുകൊണ്ടും ശരിക്കും ഭയം ജനിപ്പിക്കാന്‍ കഴിയുന്ന ഇതുപോലെ ഒരു നടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ഒരു സംശയവും വേണ്ട. ടൈപ്പായിപ്പോയില്ലെങ്കില് ആശിഷ് കയറിവരും. ഈ പടത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചതും അവന് തന്നെയാണ്. ( അസ്ഥാനത്ത് കേറി അഭിനിയിക്കുക എന്നത് ആന്റണി പെരുമ്പാവൂരിന്റെ ഒരു വീക്ക്നെസ്സായി പലരും വിമര്‍ശിച്ചിരുന്നു. എമ്പൂരാനിലെയടക്കം ആന്റണിയുടെ വേഷം സോഷ്യല്‍ മീഡിയയുടെ വലിയ വിമര്‍ശനത്തിന് ഇരയായി. പക്ഷേ അച്ഛന് കഴിയാത്തത് മകന് കഴിഞ്ഞിരിക്കയാണ്!)

‘2018’ എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും വിസ്മയയുടെ ആദ്യ ചിത്രമായതുകൊണ്ടം, ലാലേട്ടന് ഫാന്‍സ് ഇരച്ചുകയറി തീയേറ്റര്‍ നിറക്കുകയാണ്. പക്ഷേ ഫാനല്ലാത്ത ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച്, കാശ് മൊത്തംപോയി എന്ന് പറയാന്‍ കഴിയില്ല. ഒരു കോമേര്‍ഷ്യല്‍ സിനിമയുടെ ചേരുവകള്‍ ഒക്കെയും ചിത്രത്തിനുണ്ട്. ഒരു ഫാമിലി ഓറിയന്‍ഡഡ് ആക്ഷന്‍ മൂവി എന്ന നിലയില്‍, കണ്ടിരിക്കാവുന്ന ചിത്രമാണിത്. പക്ഷേ ഇവിടെ പ്രശ്നം പ്രതീക്ഷകളാണ്. ജൂഡിന്റെ മൂന്‍കാല ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നോ, ലാലേട്ടന്റെ ഗസ്റ്റ് അപ്പിയന്സ് കസറിയോ എന്നൊക്കെ ചോദിച്ചാല്‍ കൂഴഞ്ഞുപോവും. എന്നാല്‍ ന്യൂജന്‍ പിള്ളേര് പറയുന്ന രീതിയില്‍ ഒരു അവാരതമോ, മലങ്കള്ട്ടോ അല്ല ഈ ചിത്രം. ഒരു എബൗ ആവറേജ് സിനിമ എന്ന രീതിയില്‍, ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന പടമാണ്. ഔട്ട്സ്റ്റാന്ഡിങ്ങിനും ആവറേജിനും ഇടയിലാണ് ചിത്രത്തിന്റെ കിടപ്പ്.
ആക്ഷനില്‍ തിളങ്ങി വിസ്മയ
ഞെട്ടിക്കുന്ന തുടക്കമാണ് ‘തുടക്ക’ത്തിന്. ആശിഷ് ജോ ആന്റണി ഇവിടം തൊട്ട് സ്കോര്‍ ചെയ്തു തുടങ്ങുന്നു. തുടര്‍ന്നങ്ങോട്ട് കഥപോവുന്നത് ഒരു മലയോര ഗ്രാമത്തിലേക്കാണ്. അവിടക്കേ് സ്ഥലം മാറിയെത്തുന്ന വില്ലേജ് ഓഫീസറായ അച്ഛനോടൊപ്പം (സായികുമാര്‍) സമാധാനപരമായ ജീവിതം നയിക്കുന്ന ‘മീനു’ എന്ന പെണ്‍കുട്ടിയാണ് ( വിസ്മയ) കഥയിലെ പ്രധാന താരം. അച്ഛനും മകളും തമ്മിലുള്ള കുടുംബമുഹൂര്ത്തങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇവിടെ ഒരു പാട്ടൊക്കെ വരുന്നതോടെ അല്‍പ്പം ലാഗടിച്ച് തുടങ്ങുന്നുണ്ടെങ്കിലും ഡയറക്ടര്‍ ഉടന്‍ തന്നെ പടം തിരിച്ചുപിടിക്കുന്നുണ്ട്. ഒരു ദിവസം ബാങ്ക് ടെസ്റ്റ് എഴുതാന്‍ നഗരത്തിലേക്ക് പോയ മീനുവിനെ കാണാതാവുന്നു. അപ്രതീക്ഷിതമായി ചില അപരിചിതര്‍ അവരുടെ വീട്ടിലേക്ക് കയറിവരുന്നതോടെ മീനുവിന്റെ ശാന്തമായ ജീവിതം തകിടം മറിയുന്നു. തുടര്‍ന്ന് ജീവനും കുടുംബത്തിനും വേണ്ടി അവള് നടത്തുന്ന അതിജീവന പോരാട്ടമാണ് ‘തുടക്കം’.
‘ആകെ മൊത്തം ടോട്ടലായിട്ട്’ നോക്കുമ്പോള്‍ വിസ്മയ മോശമാക്കിയിട്ടില്ല. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ വിസ്മയയുടെ പ്രകടനം തിയേറ്ററുകളില്‍ വലിയ കയ്യടി നേടുന്നുണ്ട്. ക്ലൈമാക്സില്‍ സ്ത്രീ പേക്ഷകര്‍ നിന്ന് കൈയടിക്കുന്നതു കണ്ടു. താരം യഥാര്‍ത്ഥ ജീവിതത്തില്‍ പഠിച്ച ‘മുവായ് തായ്’ മാര്‍ഷ്യല്‍ ആര്‍ട്സ് സ്കില്ലുകള്‍ ചിത്രത്തിലെ ഫൈറ്റ് സീനുകളില്‍ മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ മറ്റ് രംഗങ്ങളില്‍ ഒരു പുതുമുഖത്തിന്റെ പതര്‍ച്ച ചിലപ്പോഴൊക്കെ പുറത്താവുന്നുണ്ട്. സദാമുഖത്ത് ഒരു ക്യൂട്ട്നെസ്സ് വാരിവിതറുന്നതുപോലെ തോന്നി. മലയാളം ഡബ്ബിംഗിലും നേരിയൊരു സിങ്ക് കുറവ് അനുഭവപ്പെടുന്നുണ്ട്.
കുഴപ്പമില്ല. ആദ്യ ചിത്രമല്ല, വിസ്മയ കയറിവരും.’മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍’ വില്ലനനായി മോഹന്‍ലാല്‍ എന്ന ചെറുപ്പക്കാരന് തോളും ചരിച്ച് നടന്നുവരുമ്പോള്‍, ആരെങ്കിലും കരുതിയോ, അത് ലോകനിലവാരത്തിലുള്ള ഒരു നടന്റെ തുടക്കമാണെന്ന്. ആദ്യ ചിത്രത്തില്‍, ചോക്ളേറ്റ് മൊണ്ണയെന്ന പേരുദോഷം കേട്ട് ഫീല്ഡ്ഔട്ടായ ശേഷം തിരിച്ചുവരികയായിരുന്നു, ഫഹദ് ഫാസില്‍ എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്. പിതാവ് ഫാസില്‍ എടുത്ത ‘കൈയത്തും ദൂരത്ത്’ എന്ന ആദ്യ ചിത്രം കണ്ടാല്‍ തോന്നുമോ, ഇത്രയും പ്രഹരശേഷി ഉള്ളിലൊളുപ്പിച്ച ഒരു അഗ്നി പര്വതമായിരുന്നു അതെന്ന്. അതുപോലെ വിസ്മയയും നിരന്തരം പരിശ്രമിക്കട്ടെ. നെപ്പോകിഡിന്റെ സംവരണമൊന്നും അവള്‍ക്ക് വേണ്ട. ആദ്യ ചിത്രത്തിലെ തന്നെ ഫയര്‍ അത് തെളിയിക്കുന്നു.

മനോജ് കെ. ജയന്, കെ. ബി. ഗണേഷ് കുമാര്‍, മിയ, ജാഫര്‍ ഇടുക്കി, ബോബി കുര്യന്, ടി. ജി. രവി, ജയ കുറുപ്പ്, അശ്വിന് തുടങ്ങിയ വലതും ചെറുതമായ വേഷങ്ങള്‍ ചെയ്തവര്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. സായികുമാറിന്റെയും, കോട്ടയം രമേഷിന്റെയും വേഷങ്ങള്‍ ടൈപ്പോട് ടൈപ്പാണ്. പലയടിത്തും നാടകവും സീരിയലും മണക്കുന്നു. സായികുമാറിനൊക്കെ ഇത് എന്ത് പറ്റിയെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. മീനുവിന്റെ അമ്മയായി വന്ന ചിപ്പിയും പതിവ് ‘അമ്മപാസ’മാണ്.
മോഹന്‍ലാലിന്റെ കാമിയോ ആരാധകരില്‍ കൈയടി ഉയര്‍ത്തുന്നുണ്ട്. ലാലേട്ടനെ ഫാന്‍സ് കാണാനാഗ്രഹിക്കുന്ന വേഷത്തിലാണ്, ജൂഡ് ആന്റണി അവതരിപ്പിക്കുന്നത്. പക്ഷേ ഫാന്‍സിന്റെ ആരാധകക്കണ്ണ് മാറ്റിവെച്ച് ക്യാരക്ടറിലേക്ക് വന്നാല്‍ അതിന് അത്രമാത്രം ഇംപാക്റ്റ് ഉണ്ടായോ എന്ന് സംശയമാണ്.
പക്ഷേ ചിത്രത്തിന്റെ തിരക്കഥയില്‍ പലയിടത്തും പാളിച്ചകള്‍ പ്രകടമാണ്. പല സിനിമകളിലും കണ്ടിട്ടുള്ള പരിചിതമായ റിവഞ്ച് ഫോര്‍മുലയാണ് ഇവിടെയും. ആദ്യം കാണിച്ച സംഭവങ്ങളുടെയൊന്നും വിശദീകരണം, പിന്നീട് വരുന്നില്ല. അനാവശ്യമായി സ്ത്രീ ശാക്തീകരണം കുത്തിക്കയറ്റിതുപോലെയും തോനുന്നുണ്ട്. ക്ലൈമാക്സും പ്രവചനീയമാണ്. ആര്‍ക്കും എപ്പോഴും സ്ത്രീകളെ ഉപദ്രവിക്കാവുന്ന, നിയമവാഴ്ച തീരെയില്ലാത്ത ഒരു വെള്ളരിക്കാപ്പട്ടണമായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമകളുടെ പതിവ് രീതി ഇതിലുമുണ്ട്. പരിചയമുള്ള ഒരു ജീപ്പ് ഡ്രൈവര്‍പോലും മീനുവിനെ ഉപദ്രവിക്കാനള് നോക്കുന്നുണ്ട്. ഈ സിനിമയിലെ മനോജ് കെ ജയന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് അന്വേഷണമുണ്ട്. കാണാതായ കുട്ടിയുടെ അച്ഛനോട് ഓരോ ഘട്ടത്തിലും പൊലീസ് കാര്യങ്ങള്‍ ബ്രീഫ് ചെയ്തുകൊണ്ടിരിക്കയാണ്. അതുപോലെ മീനുവിന്റെ കാണാതാവലിന്റെ കാരണവും വിശ്വസനീയമല്ല. നാലഞ്ചുപേരെ തട്ടി സ്വത്ത് കൊള്ളയടിക്കുന്നതൊക്കെ എത്ര കൂളായാണ് പ്ലാന്‍ ചെയ്യുന്നത്. സ്ക്രിപിറ്റില് കുറേക്കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ചിത്രം അതിഗംഭീരമായ ഒരു അനുഭവമാവുമായിരുന്നു.
ജോമോന് ടി. ജോണിന്റെ ക്യാമറ പലയിടത്തും സിനിമയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്. ഒരു മിന്നാല്‍ സീനിലുള്ള വില്ലന്റെ വിഷ്വല്‍സൊക്കെ കാണണം. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. പതിവ് റാപ്പ് ഫ്യൂഷന്‍ പകരം ചിത്ര ആലപിച്ച പഴയ മോഡലിലുള്ള ഒരു ഗാനമാണ് ചിത്രത്തിലുള്ളത്. ചമന്‍ ചാക്കോയുടെ എഡിറ്റിംഗ് ചിത്രത്തിന് മികച്ച പേസിംഗ് നല്‍കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, പ്രതീക്ഷയുടെ അമിതഭാരവുമായി പോകാത്തവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണിത്.
വാല്‍ക്കഷ്ണം: ഏത് യാത്രയിലും പവര്‍ബാങ്ക് കരുതുക, കാരാട്ടെയടക്കമുള്ള ആയോധനകലകള്‍ പഠിക്കുക, വീട്ടില്‍ നായയെ പോറ്റുക…. സ്ത്രീ സുരക്ഷയുടെ മൂന്ന് പ്രധാന ടിപ്സായി ചിത്രം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ ഇവയാണ്. മാര്‍ഷല്‍ ആര്‍ട്സ് പഠിച്ചവര്‍ക്ക് എന്തും കഴിയു എന്ന മിഥ്യാധാരണ ‘ബ്ലാസ്റ്റ്’ എന്ന ഈയിടെയറിങ്ങിയ തമിഴ് സിനിമപോലെ ഈ ചിത്രവും പങ്കുവെക്കുന്നുണ്ട്!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്മീഡിയിയില് പങ്ക് വച്ച് താരം







