നടി തൃഷയ്‌ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ വിശാൽ. ഉദയനിധിക്കെതിരായ പൊലീസ് നടപടിയെ പിന്തുണച്ച വിശാൽ, സിനിമാ മേഖലയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ സമാനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് മോശം പരാമർശങ്ങൾ നടത്തുന്ന എല്ലാവർക്കും ഒരേ നിയമനടപടി ബാധകമാകണമെന്നാണ് തന്റെ നിലപാടെന്ന് വിശാൽ പറഞ്ഞു. ഉദയനിധിയുടെ കാര്യത്തിൽ സ്വീകരിച്ച നിയമപരമായ സമീപനം മറ്റുള്ളവരുടെ കാര്യത്തിലും ഉണ്ടാകണമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി.
സിനിമാ താരങ്ങളായ സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിലും യൂട്യൂബിലുമടക്കം അപകീർത്തികരമായ പരാമർശങ്ങളും ട്രോളുകളും നടത്തുന്നവർക്കെതിരെയും നിയമം കർശനമായി നടപ്പാക്കണമെന്നാണ് വിശാലിന്റെ ആവശ്യം. വനിതാ സഹപ്രവർത്തകരെക്കുറിച്ച് പരസ്യമായി മോശം പരാമർശങ്ങൾ നടത്തുന്ന നിരവധി യൂട്യൂബർമാരുണ്ടെന്നും അവർക്കും ഒരേ രീതിയിലുള്ള നിയമപരമായ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.
കാവേരി സമരത്തിനിടെ തൃഷയെക്കുറിച്ച് ഉദയനിധി നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർത്ഥ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. ഉദയനിധി സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിൽ ചിലർ ‘തൃഷ, തൃഷ’ എന്ന് വിളിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുന്നതിനിടെയാണ് വിവാദമായ പരാമർശം ഉണ്ടായത്. പിന്നീട് താൻ കാവേരി വെള്ളവുമായി ബന്ധപ്പെട്ടാണ് സംസാരിച്ചതെന്നായിരുന്നു ഉദയനിധിയുടെ വിശദീകരണം.
എന്നാൽ പരാമർശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വനിതാ വിഭാഗം പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
ചൊവ്വാഴ്ച രാവിലെ തഞ്ചാവൂർ ഈസ്റ്റ് പൊലീസ് സംഘം ചെന്നൈ നീലാങ്കരയിലെ ഉദയനിധിയുടെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഏകദേശം ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. രാത്രി എട്ടരയോടെ അദ്ദേഹത്തെ വിട്ടയച്ചു. പിന്നീട് വിമാനമാർഗം ചെന്നൈയിലേക്ക് മടങ്ങി.
ഉദയനിധി മുൻകൂർ ജാമ്യഹർജി നൽകിയിരുന്നതിനാൽ ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാഹനത്തിൽ കൊണ്ടുപോയി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അതേസമയം, ഉദയനിധിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് ഡി.എം.കെയുടെ നിലപാട്. വ്യക്തിപരമായി ആരെയും ലക്ഷ്യമിട്ടല്ല, സർക്കാരിന്റെ പ്രവർത്തനങ്ങളെ ഉദ്ദേശിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും പാർട്ടി വിശദീകരിച്ചു. സംഭവത്തിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്. വിഷയത്തിൽ നടി തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘ഞാൻ മുഖ്യമന്ത്രിയാകുന്ന ദിവസം നവ്യയെ എനിക്ക് ഇങ്ങനെ കാണണം, അമ്പരന്ന് നവ്യ







