കണ്ണൂരില്‍ ആയങ്കിയുണ്ടെന്ന കാര്‍ത്തിക്കിന്റെ നിഗമനം തെറ്റിയില്ല; ആയങ്കിയെ വലയിലാക്കാന്‍ എഡിജിപി വിജയന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം; 17 പോലീസ് ജില്ലകളില്‍ ജാഗ്രത, രണ്ടുനാള്‍ ഉറങ്ങാതെ ഡി.ഐ.ജി കാത്തിരുന്നത് വെറുതെയായില്ല; അറസ്റ്റ് ആദ്യം അറിഞ്ഞത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്റലിജന്‍സ് മേധാവിയും ആയങ്കിയെ പൂട്ടിയത്് കേരള പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ

കണ്ണൂര്‍: ദിവസങ്ങളോളം പോലീസിനെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവിലിരുന്ന കുപ്രസിദ്ധ കുറ്റവാളി അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയിലായത് കേരള പോലീസിന്റെ കൃത്യതയാര്‍ന്നതും സമാനതകളില്ലാത്തതുമായ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നും, 38 ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 17 പോലീസ് ജില്ലകളില്‍ പ്രത്യേക അലേര്‍ട്ട് നല്‍കിയുമായിരുന്നു അന്വേഷണത്തിന്റെ ഏകോപനം.
തൃശ്ശൂരില്‍ ആയങ്കിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രതി സ്വന്തം തട്ടകമായ കണ്ണൂരിലേക്ക് തന്നെ തിരിച്ചെത്തുമെന്ന ഉത്തരമേഖലാ ഡി.ഐ.ജി. കെ. കാര്‍ത്തിക്കിന്റെ മനക്കണക്കും വിശ്രമമില്ലാത്ത ജാഗ്രതയുമാണ് കേസില്‍ നിര്‍ണ്ണായകമായത്. കണ്ണൂര്‍ റൂറല്‍ എസ്.പി, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി രണ്ടു ദിവസത്തോളമാണ് ഡി.ഐ.ജി. ഉറങ്ങാതെ പ്രതിക്കായി വലനെയ്തത്. ആയങ്കി പിടിയിലായ വിവരം ആദ്യമറിഞ്ഞത് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, ഇന്റലിജന്‍സ് മേധാവി എന്നിവരാണ്. പോലീസിന്റെ സമാനതകളില്ലാത്ത ടീം വര്‍ക്കിന്റെ വിജയമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.
തളിപ്പറമ്പിലെ രഹസ്യ ലോഡ്ജിലായിരുന്നു ആയങ്കി കുറച്ചു ദിവസങ്ങളായി തങ്ങിയിരുന്നത്. എന്നാല്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തളിപ്പറമ്പിലെ ഒളിത്താവളം മനസ്സിലാക്കിയെന്ന് സൂചന കിട്ടിയതോടെ പ്രതി അവിടെ നിന്നും അതിവേഗം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് പയ്യന്നൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടു. ഈ യാത്രാവേളയിലാണ് ആയങ്കിക്ക് വന്‍ പിഴവ് സംഭവിച്ചത്. സ്വന്തം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ ഇയാള്‍ ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി സുഹൃത്തായ ജിതിനെ വിളിക്കുകയായിരുന്നു.
ആയങ്കിയുടെ പെരുമാറ്റത്തിലും വിളിയിലും സംശയം തോറ്റ ഓട്ടോ ഡ്രൈവര്‍, ഇയാള്‍ ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെ വിവേകപൂര്‍വ്വം വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ ഫോണ്‍ കോളാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ഓട്ടോക്കാരന്‍ നല്‍കിയ ജിതിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അതിവേഗം അന്വേഷണം ഊര്‍ജ്ജിതമാക്കി. നിമിഷങ്ങള്‍ക്കകം ജിതിനെ പോലീസ് പൊക്കിയെങ്കിലും ആദ്യഘട്ടത്തില്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും സത്യം മറച്ചുവെക്കാനും ശ്രമിച്ചു. തുടര്‍ന്ന് ജിതിനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാന കവലകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മുന്നില്‍ നിരത്തിയതോടെ രാഹുലിന്റെ കാറിലാണ് ആയങ്കി യാത്ര ചെയ്തതെന്നും, കണ്ണൂര്‍ നഗരത്തിലെ ഒരു ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിലേക്കാണ് ഇയാള്‍ പോയതെന്നും വ്യക്തമായി. ഉച്ചയ്ക്ക് മൂന്നരയോടെ ആയങ്കി ഫ്‌ലാറ്റില്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കൂടിയെത്തിയതോടെ പോലീസ് മിന്നല്‍ നീക്കത്തിലേക്ക് കടക്കുകയായിരുന്നു.
ഉച്ചയ്ക്ക് ലഭിച്ച കൃത്യമായ തുമ്പ് അടിസ്ഥാനമാക്കി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റ് വളഞ്ഞ് പോലീസ് മിന്നലാക്രമണം നടത്തിയത്. ഫ്‌ലാറ്റില്‍ പോലീസ് എത്തിയെന്ന് മനസിലായതോടെ ആയങ്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, കെട്ടിടത്തിന് ചുറ്റും മുന്‍കൂട്ടി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രിയെയും പോലീസിനെയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് നിലവിലെ അറസ്റ്റ്. കോതമംഗലത്ത് ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കസ്റ്റഡിയിലായ ശേഷം ജാമ്യത്തിലിറങ്ങി ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി മുഴക്കിയതിനാണ് കേസ് എടുത്തിരുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ഒളിവിലിരുന്ന് പോലീസിനെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വീണ്ടും വെല്ലുവിളിച്ചതാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കാരണം.
വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴും യാതൊരു കുറ്റബോധവുമില്ലാതെയാണ് ആയങ്കി പെരുമാറിയത്. ‘ഞാന്‍ കീഴടങ്ങാന്‍ വന്നതല്ല, പോലീസിനെ വെല്ലുവിളിച്ചിട്ടില്ല, ന്യായമായ കാര്യങ്ങളാണ് പറഞ്ഞത്’ എന്ന് അവകാശപ്പെട്ട ഇയാള്‍ ‘കടലില്‍ കാണാതായവരെ കിട്ടിയോ?’ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലീസിനെ പരിഹസിക്കുകയും ചെയ്തു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം തുടങ്ങി നിരവധി ഗുരുതര കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
അതേസമയം, ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇയാളുടെ സഹോദരന്‍ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്ത ഇയാളെ, കുറ്റവാളിയെ സഹായിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്ക് സോഷ്യല്‍ മീഡിയ ഹാന്‍ഡ്ലുകള്‍ ഒരുക്കിക്കൊടുത്തത് അജയ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
ആയങ്കിയെ ഒളിവ് ജീവിതത്തില്‍ സഹായിച്ച അഭിഭാഷക ഉള്‍പ്പെടെയുള്ള മറ്റ് കണ്ണികളിലേക്കും അന്വേഷണം നീളുകയാണ്. കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. അറസ്റ്റിലായ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ ചോദ്യം ചെയ്യലുകള്‍ക്കായി എറണാകുളത്തേക്ക് മാറ്റാനാണ് തീരുമാനം. പോലീസിന്റെ കഴിവുകേടുകളെ പരിഹസിച്ച കുറ്റവാളി ഒടുവില്‍ അതെ പോലീസിന്റെ കൈകള്‍ക്കുള്ളില്‍ കൈവിലങ്ങണിഞ്ഞു നില്‍ക്കുന്ന കാഴ്ചയ്ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.