തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്തെന്ന വിവിരങ്ങള്‍ പുറത്തുവന്നതോടെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് എം.ആര്. അജിത് കുമാറിനെതിരെ കേവലം അച്ചടക്ക നടപടി മാത്രമല്ല, ക്രിമിനല്‍ കേസ് കൂടി വരാനുള്ള സാധ്യത തെളിയുന്നു. സസ്പെന്ഷന് ഉത്തരവിലെ വിശദീകരണങ്ങള്‍ തന്നെ ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
കേവലം ഒരു ഉദ്യോഗസ്ഥന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലല്ല എസ്.ഐ.ടി തങ്ങളുടെ നിഗമനത്തിലെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.പി. ടോംസണ്, ഡിവൈ.എസ്.പിമാരായ അരുണ്‍ കെ.എസ്, സുനില്‍രാജ് എന്നിവര്‍ നല്കിയ മൊഴികളിലെ സമാനതകള്‍ എ.ഡി.ജി.പി ഓഫീസില്‍ നിന്നുണ്ടായ വഴിവിട്ട സമ്മര്‍ദ്ദങ്ങളെയും ഇടപെടലുകളെയും സംശയങ്ങള്‍ക്കിടയില്ലാത്തവിധം അടിവരയിടുന്നുണ്ട്. അന്നത്തെ എ.ഡി.ജി.പി കേസ് ഡയറി നേരിട്ട് വിളിപ്പിച്ചുവരുത്തുകയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ കണ്ടെത്തലുകള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്. ‘നാളെത്തന്നെ കേസ് റെഫര്‍ ചെയ്യണം’ എന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി വഴി സന്ദേശമയച്ചതും കേസ് വിചാരണയിലേക്ക് കടക്കാതെ പൂര്‍ണ്ണമായും അവസാനിപ്പിച്ച് പ്രതികളെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇതോടെയാണ് അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസ് പോലുളള കടുത്ത നടപടികളിലേക്ക് പോലീസ് നീങ്ങുമെന്ന സൂചനകള്‍ ശക്തമാകുന്നത്. തടസ്സവാദങ്ങള്‍ തള്ളി ഡി.ജി.പി; അമിതാധികാര പ്രയോഗത്തിന് ‘പൂട്ട വീണു’നേരത്തെ, പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആസ്ഥാനത്തുനിന്നും അജിത് കുമാറിന് വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ മെമ്മോ നല്‍കിയിരുന്നു. ഇതിന് നല്കിയ ഇടക്കാല മറുപടിയിലാണ് താന്‍ അന്വേഷണത്തില്‍ വഴിവിട്ട് ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച എസ്.ഐ.ടി സ്വന്തം പരിധി ലംഘിച്ചുവെന്നും അജിത് കുമാര്‍ പ്രധാനമായും ആരോപിച്ചത്. കൂടാതെ, തനിക്കെതിരെ മൊഴി നല്കിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ക്രോസ് വിസ്താരം ചെയ്യാന്‍ അവസരം വേണമെന്നും ഇതിനായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കണമെന്നും അജിത് കുമാര്‍ ആവശ്യമുന്നയിക്കുകയുണ്ടായി.

എന്നാല്‍, അജിത് കുമാര്‍ നല്കിയ ഇടക്കാല വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡി.ജി.പി സര്‍ക്കാരിനെ അറിയിച്ചു. അന്വേഷണം നടക്കുന്ന നിലവിലെ ഘട്ടത്തില്‍ മൊഴികളുടെ കൃത്യത അറിയാന്‍ ഉദ്യോഗസ്ഥരെ ക്രോസ് വിസ്താരം ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം നിരസിക്കേണ്ടതാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഉയര്‍ന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പദവിയിലിരുന്ന് കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കേവലമൊരു അച്ചടക്കലംഘനമല്ല, മറിച്ച് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഡി.ജി.പി, അദ്ദേഹത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നേരിട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
‘രക്ഷാപ്രവര്‍ത്തന സസ്പെന്ഷന്’ ഉത്തരവ് പുറത്ത്; സസ്പെന്‍ഷനില്‍ ഡി.ജി.പിയുടെ ഉറച്ച നിലപാട്
ഉന്നത ഉദ്യോഗസ്ഥന് എന്ന നിലയില്‍ സി.ആര്.പി.സി സെക്ഷന്‍ 36 പ്രകാരം ഒരു എ.ഡി.ജി.പിക്ക് കേസ് അന്വേഷണത്തില്‍ ഇടപെടാനും മേല്‍നോട്ടം വഹിക്കാനും നിയമപരമായി അധികാരമുണ്ടെന്ന വാദവും സര്‍ക്കാര്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു അധികാര വിനിയോഗം നീതി ഉറപ്പാക്കാനും നിയമപരമായ വഴിയിലൂടെ കേസ് കൊണ്ടുപോകാനുമാകണം ഉപയോഗിക്കേണ്ടതെന്ന് സസ്പെന്ഷന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അജിത് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും ഇരകള്‍ക്ക് നീതി നിഷേധിക്കാനുമുള്ള നിയമവിരുദ്ധമായ ഇടപെടലായിരുന്നുവെന്ന് വ്യക്തമാണ്.
ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായത് പോലീസ് ഭരണത്തിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുന്ന കാര്യമാണ്. തനിക്കെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ഒഴിവാകാന്‍ അജിത് കുമാര്‍ നടത്തിയ നീക്കങ്ങള്‍ ഡി.ജി.പി തള്ളിയതോടെ, അദ്ദേഹത്തെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് നിഷ്പക്ഷമായ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേരുകയായിരുന്നു. ഡി.ജി.പിയുടെ കടുത്ത നിലപാടും എസ്.ഐ.ടിയുടെ പക്കലുള്ള തെളിവുകളും ചേര്‍ന്നതോടെയാണ് ബെവ്കോ സി.എം.ഡി പദവിയിലിരുന്ന എം.ആര്. അജിത് കുമാറിനെ സര്‍വീസില്‍ നിന്നും അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓള് ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) റൂള്‍സ്, 1969-ലെ റൂള്‍ 3(1) പ്രകാരമാണ് ചീഫ് സെക്രട്ടറി അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സസ്പെന്ഷന് കാലയളവില്‍ അജിത് കുമാറിന് ചട്ടപ്രകാരമുള്ള ഉപജീവന അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് അട്ടിമറിയുടെ പേരില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ നടപടിയായാണ് ബെവ്കോ സി.എം.ഡിയുടെ ഈ സസ്പെന്ഷന് വിലയിരുത്തപ്പെടുന്നത്


EXCLUSIVE സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടന: നടി പ്രിയങ്കാ നായര്‍ വൈസ് ചെയര്‍പേഴ്സണാകും; യു.ഡി.എഫ്. സാംസ്കാരിക ചേരിയില്‍ നിന്ന് അക്കാദമി തലപ്പത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
സൗജന്യ ബസ് യാത്രയ്ക്ക് ഒരു മാസം: യാത്രക്കാർ കുതിച്ചുയർന്നപ്പോൾ ദിവസം 3 കോടി വരെ നഷ്ടം ; കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, ജീവനക്കാർക്ക് ശമ്പളം മുടങ്ങി ; സ്വകാര്യ ബസുകളും കട്ടപ്പുറത്ത്; വിജയിച്ചോ പ്രിയദർശിനി?







