തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിര ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും, അതിനൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആണ് തുടക്കം തന്നെ പ്രിയദർശിനി പദ്ധതിയുടെ വിജയമായി നിരീക്ഷിച്ചിരുന്നത്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതിദിനം 10 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 15 ലക്ഷമായി ഉയർന്നു. ആകെ യാത്രക്കാരിൽ സ്ത്രീകളുടെ പങ്ക് നേരത്തെ 40 മുതൽ 50 ശതമാനം വരെയായിരുന്നത് ഇപ്പോൾ 60 ശതമാനമായി വർധിച്ചു.
ഇരുചക്രവാഹനങ്ങളും കാറും ആശ്രയിച്ചിരുന്ന വലിയൊരു വിഭാഗം സ്ത്രീകൾ ബസ് യാത്രയിലേക്ക് മാറിയതോടെ രാവിലെയും വൈകിട്ടും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തിയില്ല എന്നതും ചിന്തിക്കേണ്ട കാര്യമാണ്.
പദ്ധതി വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് പോലെ, നഷ്ടം കുതിച്ചുയരുകയാണ്. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 600 കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും, യാഥാർഥ്യം അതിലും രൂക്ഷമാണ്. പ്രതിദിനം ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാന നഷ്ടം കണക്കാക്കിയിരുന്നതെങ്കിലും, ചില ദിവസങ്ങളിൽ ഇത് 3 കോടി രൂപ വരെയെത്തുന്നുണ്ട്. ഈ നഷ്ടം നികത്താൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കാൻ സർക്കാർ നിർബന്ധിതരായി.
ആറുമാസത്തേക്ക് സർക്കാർ ഗ്യാരന്റിയോടെയാണ് ഈ ഓവർ ഡ്രാഫ്റ്റ് അനുവദിച്ചിരിക്കുന്നത്. അതായത്, ഒരു മാസത്തിനുള്ളിൽ തന്നെ പദ്ധതി കടമെടുപ്പിലേക്ക് കെഎസ്ആർടിസിയെ തള്ളിവിട്ടു എന്നതാണ് സത്യം.
ജീവനക്കാരുടെ ശമ്പളം മുടങ്ങിസാമ്പത്തിക ബാധ്യതയുടെ ആഘാതം ജീവനക്കാരിലേക്കും എത്തിക്കഴിഞ്ഞു. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതായി പരാതി പല ഇടങ്ങളിലും ഉയർന്നിട്ടുണ്ട്. സാധാരണയായി മാസത്തിൽ രണ്ട് ഘട്ടമായി ലഭിച്ചിരുന്ന ശമ്പളം, കഴിഞ്ഞ മാസത്തെ രണ്ടാം പകുതിക്ക് പകുതി തുക മാത്രമാണ് ഇത്തവണ നൽകിയത്. പ്രിയദർശിനി പദ്ധതി വഴിയുള്ള നഷ്ടം സർക്കാർ പൂർണമായി നികത്തിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സ്വകാര്യ ബസ് മേഖലയും പ്രിയദർശിനിയുടെ വരവോടെ കടുത്ത പ്രതിസന്ധിയിലേക്ക് മാറിയിരിക്കുകയാണ്. കെഎസ്ആർടിസിയിലേക്ക് സ്ത്രീ യാത്രക്കാർ കൂട്ടത്തോടെ മാറിയതോടെ സ്വകാര്യ ബസ് മേഖലയും കടുത്ത നഷ്ടത്തിലാണ്. ഇത് ഉദ്ഘടന ദിവസത്തിന് മുൻപും ശേഷവും പലപ്പോഴായി ഉന്നയിച്ചെങ്കിലും സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ട മറുപടി ഒരു മാസം ആയിട്ടും ലഭിച്ചിട്ടില്ല. ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.
കൊല്ലം ജില്ലയിൽ മാത്രം 20 സ്വകാര്യ ബസുകൾ താൽക്കാലികമായി സർവീസ് നിർത്തിവച്ചു. സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് പണിമുടക്കിന് വരെ ഇത് വഴിവച്ചു. ഇതേത്തുടർന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതി രൂപീകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
പുറത്തുവരുന്ന പല റിപ്പോർട്ടുകളും പരിശോധിച്ചാൽ സ്ത്രീകൾക്ക് പ്രതിമാസം ശരാശരി 3,000 രൂപ വരെ ലാഭിക്കാൻ പദ്ധതി സഹായകമായെങ്കിലും, ഗതാഗത മേഖലയിൽ ഏകദേശം 350 ഓളം പേർക്ക് തൊഴിൽ നഷ്ടമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രി എട്ടിന് ശേഷം സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന ജോലിക്കാരായ സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസിയിലേക്ക് മാറിയത് സ്വകാര്യ മേഖലയുടെ രാത്രി സർവീസുകളെ സാരമായി ബാധിച്ചു.
അതേസമയം, വിമർശനങ്ങൾക്കിടയിലും, പദ്ധതി സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ ചെലുത്തിയ സ്വാധീനംചെറുതല്ല. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങുന്ന സ്ത്രീകൾക്ക് യാത്രാച്ചെലവ് ഒരു ബാധ്യതയല്ലാതായി മാറി. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഇത് വലിയ ആശ്വാസമായി. ഇരുചക്രവാഹനങ്ങളെ ആശ്രയിക്കാതെ പൊതുഗതാഗതം ഉപയോഗിക്കുന്നത് വർധിച്ചത് സുരക്ഷിതത്വത്തിന്റെ കാര്യത്തിലും നല്ല മാറ്റമായി വിലയിരുത്തപ്പെടുന്നു.
ചുരുക്കത്തിൽ ഒരു മാസം പിന്നിടുമ്പോൾ പ്രിയദർശിനി പദ്ധതി ജനപ്രീതിയിൽ വൻ വിജയമാണെങ്കിലും, സാമ്പത്തികമായി കെഎസ്ആർടിസിയെയും സ്വകാര്യ ബസ് മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഈ സാമ്പത്തിക ബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


EXCLUSIVE സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടന: നടി പ്രിയങ്കാ നായര്‍ വൈസ് ചെയര്‍പേഴ്സണാകും; യു.ഡി.എഫ്. സാംസ്കാരിക ചേരിയില്‍ നിന്ന് അക്കാദമി തലപ്പത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍







