തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍, തലസ്ഥാനത്തെ രാഷ്ട്രീയക്കളത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മേയര്‍ വി.വി. രാജേഷിനെ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്തെ സംഭവവികാസങ്ങള്‍ അതീവ ഗൗരവത്തോടെ വീക്ഷിക്കുകയാണ്.
കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് വഴിയൊരുങ്ങുമ്പോഴും, ബിജെപി ഭരണത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. വി.വി. രാജേഷിനെ മേയര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും, ബിജെപി ഭരണം സുരക്ഷിതമാണെന്നുമാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായ ഇടപെടലും ഉള്ളതിനാല്‍, അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ജില്ലാ ഘടകം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്നില്‍ വലിയൊരു ‘അടവ് നയം’ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി നടിക്കുമ്പോഴും, ഭരണം പിടിച്ചെടുക്കാനുള്ള കുതിരക്കച്ചവടത്തിന് മുതിരാന്‍ സിപിഎം ഒട്ടും തയ്യാറല്ല.
വടകരയിലെ MDMA കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ
ഇതിന് പിന്നിലെ പ്രധാന കാരണം മാസപ്പടി കേസിലെ ഇഡിയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവിലെ ഇടപാടുകള്‍ ഇഡി പരിശോധിക്കുന്ന സാഹചര്യത്തില്‍, ബിജെപിയെ വെട്ടിലാക്കാന്‍ ശ്രമിച്ചാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് നന്നായറിയാം. ഭരണമാറ്റത്തിനായി അധാര്‍മ്മികമായ രാഷ്ട്രീയ അട്ടിമറികള്‍ക്ക് മുതിര്‍ന്നാല്‍, അതിന്റെ പ്രത്യാഘാതം പിണറായി വിജയനിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും നീളുമെന്ന് അവര്‍ ഭയക്കുന്നു.
കേന്ദ്രത്തിന്റെ ജാഗ്രത: തലസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം തന്നെ കേന്ദ്ര നേതൃത്വം ഒരുക്കിയിട്ടുണ്ട്. ബിജെപി ഭരണം നിലനിര്‍ത്തുക എന്നത് ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയുടെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നേതാക്കളെ എല്ലാം നിരീക്ഷിക്കുന്നുണ്ട്. അവിശ്വാസം പാസാക്കാന്‍ ആവശ്യമായ അംഗബലം സമാഹരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നതും, സ്വതന്ത്ര കൗണ്‍സിലര്‍മാരെ കൂട്ടുപിടിക്കാന്‍ സിപിഎം മടിക്കുന്നതും ബിജെപിക്ക് കരുത്താകുന്നു.
ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇഡി അന്വേഷണം കോര്‍പ്പറേഷനിലെ അവിശ്വാസ നാടകത്തെ വെറും ‘അടവ് നയം’ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. ചുരുക്കത്തില്‍, അവിശ്വാസ പ്രമേയമെന്ന കോണ്‍ഗ്രസിന്റെ ആയുധം കൈയ്യിലിരിക്കുമ്പോള്‍ തന്നെ, അത് ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിയാതെ സിപിഎം വിയര്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലോടെ, മേയര്‍ വി.വി. രാജേഷ് പദവിയില്‍ തുടരുമെന്നും കോര്‍പ്പറേഷനിലെ ബിജെപി ഭരണം സുരക്ഷിതമായിരിക്കുമെന്നും തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


ഗൂഢാലോചനയും അശ്ലീല പരാമർശവും ഉറപ്പിച്ചു’; അൻസിബയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ കേസിൽ സർക്കാരിനും പോലീസിനും നോട്ടീസ്







