എം റിജു
ക്രിസ്റ്റര്‍ഫര്‍ നോളന്! ആ രണ്ട് വാക്ക് മാത്രം മതി, ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാന്‍. തീര്‍ത്തും അസാധാരണമായ സിനിമാ അനുഭവങ്ങളാണ് നോളന് ചിത്രങ്ങള്‍. സമയ കാലങ്ങള്‍ കൊണ്ടുള്ള കുഴമറിച്ചിലും, നോണ്‍ ലീനിയര്‍ ആഖ്യാനശൈലിയും, ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും മാറിമാറിവരുന്ന പാറ്റേണും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ ഉപയോഗിക്കാതെ നേരിട്ടുള്ള ചിത്രീകരണവുമൊക്കെയായി, ലോക ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ആയി മാറിയ ഒരു സംവിധായകനാണ് അദ്ദേഹം.
ഫ്രെയിമിലും കോമ്പോസിഷനിലുമൊക്കെ ഈ പ്രതിഭയെ അനുകരിക്കുന്നവരില്‍ മലയാളത്തിലെ ന്യൂജന്‍ സംവിധായകര്‍വരെയുണ്ട്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക്ക്, ടെനറ്റ്, ബാറ്റ്മാന് സീരീസ്, ഓപ്പണ്‍ ഹൈമര്തുടങ്ങിയ നോളന്റെ മൂന്‍കാല ചിത്രങ്ങള്‍ ആ പ്രതിഭക്ക് അടിവരയിടുന്നു. ക്രിസ്റ്റഫര്‍ നോളനാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവുംമികച്ച സംവിധായകനെന്ന് വിശ്വസിക്കുന്നവരാണ് കോടിക്കണക്കിന് സിനിമാപ്രേമികള്‍. ഓസ്കര്, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ക്ക് ഒട്ടേറെ തവണ നാമനിര്‍ദേശം ലഭിച്ചിട്ടുമുണ്ട്. ടൈം മാഗസിന് തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 പേരുടെ പട്ടികയിലും നോളന് ഇടംപിടിച്ചു.
68ന്റെ നിറവിൽ സുരേഷ് ഗോപി; കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് താരം

ഫിലിം സ്കൂളില്‍ പോകാത്ത ഫിലിം എന്താണെന്ന് പഠിക്കാത്ത അയാളുടെ ചിന്തകളില്‍ നിന്നും ജനിച്ച കഥകളും കഥാപാത്രങ്ങളും ഇന്ന് സിനിമാപ്രേക്ഷരെ കീഴ്പെടുത്തുന്നു.സിനിമ വളരുന്നത് പരീക്ഷണങ്ങളിലൂടെയാണെങ്കില് ആ പരീക്ഷണങ്ങള്‍ക്ക് എന്നും മുന്നില്‍ നില്ക്കുന്നയാള് നോളനാണ്, അയാള്‍ക്ക് വേണ്ടി പുതിയ ക്യാമറകള്‍ സൃഷ്ടിക്കപ്പെടുന്നു, അയാളുടെ വിഷനനുസരിച്ച് പുതിയ തീയേറ്റുകള്‍ നിര്‍മിക്കപ്പെടുന്നു, അതിന് വേണ്ടി പ്രേക്ഷകര്‍ വാശി പിടിക്കുന്നു.
ഇപ്പോള്‍ വീണ്ടും നോളന് ഇഫക്റ്റ് എന്ന് പറയുകയാണ് ആഗോള സിനിമാലോകം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ദി ഒഡീസ്സി’യും ചരിത്രം രചിക്കയാണ്. ഹോമറിന്റെ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം റിലീസിന് എത്തിയ ആദ്യ വാരാന്ത്യത്തില്‍ തന്നെ ബോക്സ് ഓഫീസില്‍ വന്‍ റെക്കോര്‍ഡുകളാണ് ഭേദിച്ചിരിക്കുന്നത്. ഗ്രാഫിക്സ് പരമാവധി ഒഴിവാക്കി യഥാതഥമായ ദൃശ്യാനുഭവം സമ്മാനിക്കാന്‍ നോളന് ഒരിക്കല്‍ കൂടി ശ്രമിച്ചപ്പോള്‍ ലോകമെമ്പുടുമുള്ള സിനിമാപ്രേമികള്‍ ചിത്രം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
എന്താണ് ഒഡീസി?
ഐമാക്സ് ക്യാമറകളില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ചിത്രം എന്ന പ്രത്യേകതയോടെയെത്തിയ ‘ഒഡീസ്സിക്കായി’ വലിയ കാത്തിരിപ്പായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. റിലീസിന് മുന്‍പ് തന്നെ ഐമാക്സ് സ്ക്രീനുകളില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രം, തിയറ്ററുകളില്‍ എത്തിയ ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ആദ്യ മൂന്ന് ദിവസങ്ങളില്‍ നിന്ന് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകളാണ്. നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സിന്റെ ഔദ്യോഗിക കണക്കുപ്രകാരം ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 264 മില്യണ്‍ ഡോളറാണ് (ഏകദേശം 2546 കോടി രൂപ).
ഏറ്റവും അത്ഭുതകരമായ കാര്യം, ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായും തിരിച്ചുപിടിച്ചു എന്നതാണ്. ഏകദേശം 250 മില്യണ്‍ ഡോളര്‍ (2411 കോടി രൂപ) ആയിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാറ്റ്മാന് ഫ്രാഞ്ചൈസി സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫര്‍ നോളന് ചിത്രത്തിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനാണിത്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മാത്രം ചിത്രം 124.5 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിപണികളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതായത് ലോകം വീണ്ടും നോളന് തരംഗത്തിലേക്ക് പോവുകയാണ്.
ഒഡീസി എന്ന ചിത്രം ട്രോജന്‍ യുദ്ധത്തിനുശേഷം ഇതാക്കയിലെ രാജാവായ ഒഡീസിയസ് തന്റെ ജന്മനാട്ടിലേക്ക് നടത്തുന്ന അപകടകരമായ തിരിച്ചുവരവിന്റെ കഥയാണ് പറയുന്നത്.ട്രോയ് നഗരവുമായുള്ള 10 വര്‍ഷത്തെ യുദ്ധം ജയിച്ച ശേഷം ഒഡീസിയസും അദ്ദേഹത്തിന്റെ സൈനികരും സ്വന്തം രാജ്യമായ ഇതാക്കയിലേക്ക് കടല്‍ മാര്‍ഗ്ഗം യാത്ര തിരിക്കുന്നു. എന്നാല്‍ പോസിഡണ്‍ ഉള്‍പ്പെടെയുള്ള ഗ്രീക്ക് ദൈവങ്ങളുടെ കോപവും, ഒറ്റക്കണ്ണന്‍ രാക്ഷസനായ സൈക്ലോപ്സ്, മനുഷ്യനെ വശീകരിക്കുന്ന സൈറനുകള്‍, മാന്ത്രിക ശക്തിയുള്ള വിച്ചുകള്‍ തുടങ്ങിയ ഭയാനകമായ പ്രതിബന്ധങ്ങളും കാരണം ആ യാത്ര 10 വര്‍ഷം നീണ്ടുപോകുന്നു.
തന്റെ ഭര്‍ത്താവ് ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പെന്നിലോപ്പി എന്ന ഭാര്യയുടെയും അച്ഛനെ തിരഞ്ഞിറങ്ങുന്ന മകന് ടെലിമാക്കസിന്റെയും കാത്തിരിപ്പും ഈ യാത്രയുമാണ് സിനിമയുടെ പ്രമേയം. അസാധ്യമായ മേക്കിംഗ് എന്നാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര തലത്തില്വരുന്ന റിവ്യുകള്‍. പ്രായോഗിക ഇഫക്റ്റുകളും യഥാര്‍ത്ഥ ലൊക്കേഷനുകളും ഉപയോഗിച്ച് പൂര്‍ണ്ണമായും ഐമാക്സ് ക്യാമറകളില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു ദൃശ്യവിസ്മയമാണ്. ഒഡീസിയസായി വേഷമിട്ട മാറ്റ് ഡാമന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണിത്. ടോം ഹോളണ്ട്, ആന്‍ ഹാത്വേ, റോബര്‍ട്ട് പാറ്റിന്സണ്, സെന്‍ഡയ എന്നിവരടങ്ങുന്ന വന്‍ താരനിര തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.
ലുഡ്വിഗ് ഗൊറാന്‍സണിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സൗണ്ട് ഡിസൈനും തിയേറ്റര്‍ അനുഭവം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. പക്ഷേ ചില നിരൂപകരുടെ അഭിപ്രായത്തില്‍, ചിത്രത്തിന് വിഷ്വല്‍ ഗംഭീര്യം ഉണ്ടെങ്കിലും നോളന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വൈകാരികമായ ആഴം അല്പം കുറവാണ്.നോളന് സ്റ്റൈലിലുള്ള ഒരു എപ്പിക് ആക്ഷന്‍ ഫാന്റസി ചിത്രമാണിത്. തിയേറ്ററുകളില്‍ നിന്ന് തന്നെ കണ്ടനുഭവിക്കേണ്ട ഒരു മാസ്റ്റര്‍പീസ് തന്നെയാണിത്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജെയിസ് കാമറൂണ്‍, ക്രിസ്റ്റഫര്‍ നോളന്… ഈയിടെ സിഎന്‍എന്‍ നടത്തിയ ഒരു തെരഞ്ഞടുപ്പില്‍ സമകാലീന ലോകത്തെ ഏറ്റവും സ്വാധീച്ച മൂന്ന് സംവിധായകനായി കണ്ടെത്തിയത് ഇവരെയാണ്. പക്ഷേ ആദ്യത്തെ രണ്ടുപേരില്‍നിന്ന് തീര്‍ത്തും വ്യതസ്തനാണ് നോളന്. അസാധാരണങ്ങളില്‍ അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിതം.

7-ാം വയസ്സില്‍ ആദ്യ സിനിമ!
1970 ജൂലൈ 30ന് ലണ്ടനിലാണ് ക്രിസ്റ്റഫര്‍ നോളന് ജനിച്ചത്. ബ്രിട്ടീഷുകാരനായിരുന്ന അച്ഛന് ബ്രെന്‍ഡന്‍ നോളന്റെ ജോലി പരസ്യത്തിന്റെ പകര്‍പ്പെഴുത്തായിരുന്നു. അമേരിക്കക്കാരിയായ അമ്മ ക്രിസ്റ്റീന എയര്‍ ഹോസ്റ്റസായിരുന്നു. ചിക്കാഗോയിലും ലണ്ടനിലുമായി ക്രിസ്റ്റഫറിന്റെ ബാല്യം വിഭജിക്കപ്പെട്ടു. അതുകൊണ്ട് തന്നെ നോളന് രണ്ട് രാജ്യങ്ങളിലേയും പൗരത്വമുണ്ട്. മാത്യൂവെന്നും ജെനാഥന്‍ എന്നും രണ്ടു സഹോദരങ്ങള്‍ ഉണ്ട് ക്രിസ്റ്റഫറിന്. കുട്ടിക്കാലം തൊട്ടേ ശരിക്കും ഒരു സിനിമാ കുടുംബമാണ് ഇവര്‍. ഒന്നിച്ച് എഴുതി സിനിമയുണ്ടാക്കുകയായിരുന്നു അവരുടെ ഹോബി.
മൂന്ന് സഹോദരന്മ്മാരും സിനിമാ ഭ്രാന്തന്മ്മാര് ആയിരുന്നു. സ്റ്റാര്‍ വാര്‍സ്, ദി സ്പേസ് ഒഡീസി തുടങ്ങിയ സിനിമകളില്‍ പ്രചോദനം ഉള്‍കൊണ്ട് ഏഴാമത്തെ വയസില്‍ ഒരു നോളന് കുട്ടി ഒരു സിനിമ നിര്‍മിച്ചു, അതും തന്റെ അച്ഛന്റെ സൂപ്പര്‍ 8 ക്യാമറ ഉപയോഗിച്ച്. അതിലേക്ക് സഹോദരനായ ജോനാഥനെ കാസ്റ്റ് ചെയ്തു. കളിമണ്ണ്, മാവ്, ടോയ്ലറ്റ് റോളുകള്‍ എന്നിവയില്‍ നിന്ന് സെറ്റുകള്‍ നിര്‍മ്മിച്ചു. നാസയില്‍ അപ്പോളോ റോക്കറ്റുകള്‍ക്കായി ഗൈഡന്‍സ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ അമ്മാവന് അദ്ദേഹത്തിന് ചില വിക്ഷേപണ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു അത് സ്ക്രീനില്‍ നിന്ന് വീണ്ടും ചിത്രീകരിച്ച് മുറിച്ചെടുത്ത് തന്റെ സിനിമയില്‍ ഉപയോഗിച്ചു. അങ്ങനെ ആ കുട്ടി തന്റെ സിനിമ പൂര്‍ത്തിയാക്കി. നോക്കണം, വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് എത്ര ശരിയാണ്. ഒരു ഫിലിം സ്കൂളിലും പോകാതെ, ഫിലിം എന്താണെന്ന് അറിയുകപോലുമില്ലാതെയാണ് അവന് സിനിമയെടുത്തത്. ആ പടം കണ്ട അന്ന് അവന്റെ അധ്യാപകര്‍ ഞെട്ടിപ്പോയിട്ടുണ്ട്. പതിനൊന്നാം വയസ്സില്‍ ഒരു പ്രൊപഷണല്‍ ചലച്ചിത്രകാരനാകാന്‍ താന്‍ തീരുമാനിച്ചതായി അപൂര്‍വമായി നല്കിയ അഭിമുഖങ്ങളില്‍ ക്രിസ്റ്റഫര്‍ നോളന് പറയുന്നു. അന്ന് കൂടെക്കൂടിയ സഹോദരന് ജൊനാഥന് ഇന്നും നോളനൊപ്പമുണ്ട്. അവര്‍ രണ്ടുപേര്‍ക്കും ചേര്‍ന്ന് മികച്ച തിരക്കഥക്ക് അടക്കം അവാര്‍ഡുകള്‍ കിട്ടിയിട്ടുമുണ്ട്.

ഹെയ്ലീബെറി ആന്‍ഡ് ഇംപീരിയല്‍ സെര്‍വീസ് കോളേജില്‍ നിന്നായിരുന്നു നോളന്റെ വിദ്യാഭ്യാസം. പിന്നീട് ലണ്ടന്‍ യൂനിവേഴ്സിറ്റി കോളേജില്‍ (യുസിഎല്‍) നോളന് ബിഎ ഇംഗ്ലിഷിന് ചേര്‍ന്നു. അവിടുത്തെ ഫ്ലാക്സ്മാന് ഗ്യാലറി നോളന് തന്റെ വിഖ്യതമായ ഇന്‍സെപ്ഷനിലെ ഒരു രംഗത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്റ്റീന്‍ബാക്ക് എഡിറ്റിംഗ് സ്വീറ്റും 16 എംഎം ക്യാമറകളുമടക്കം യുഎസിഎല്ലിലെ ചലച്ചിത്ര സൗകര്യങ്ങളായിരുന്നു നോളെനെ അവിടേക്ക് ആകര്‍ഷിച്ചത് കോളേജ് യൂണിയന്റെ ഫിലിം സൊസൈറ്റി പ്രസിഡന്റായിരുന്നു അവന്. കാമുകിയായിരുന്ന എമ്മ തോമസുമായി ചേര്‍ന്ന് 35 എംഎം ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയും ലഭിച്ച പണമുപയോഗിച്ച് അവധിക്കാലത്ത് 16 എംഎം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. എമ്മയും ജീവിതത്തിലും സിനിമാ നിര്‍മ്മാണത്തിലും ഇപ്പോഴും നോളന്റെ കൂടെയുണ്ട്.
ഒറ്റ ഷോര്‍ട്ഫിലിമിലൂടെ ലോകം ശ്രദ്ധിച്ചു
ഒറ്റ ഷോര്‍ട്ട്ഫിലം കൊണ്ട് ലോകം ശ്രദ്ധിച്ച സംവിധായകനാണ് ക്രിസ്്റ്റഫര്‍ നോളന്.
അതാണ് 1997ലെ ‘ഡൂഡിള്ബഗ്ഗ്’. ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ ഒരു മനുഷ്യന് ഒരു കുഞ്ഞു പ്രാണിയെ കൊല്ലാനായി പുറകെ പായുകയാണ്. കുറെ ശ്രമങ്ങള്‍ക്ക് ശേഷം അയാള്‍ അതിനെ കൊല്ലുന്നു. എന്നാല്‍ പിന്നീടാണ് അത് അയാളുടെ തന്നെ മിനിയേചര്‍ ആണെന്ന് മനസ്സിലാകുന്നത്. വെറും 3 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോര്‍ട് ഫിലിം ക്രിസ്റ്റഫര്‍ നോളന് ഭാവിയിലെ പ്രേക്ഷകര്‍ക്ക് എന്താണ് കരുതിവച്ചിരിക്കുന്നതെന്നു കൃത്യമായി എടുത്തു കാണിക്കുന്നതാണ്. ഇത് അക്കാലത്ത് വലിയ ചര്‍ച്ചയായി. തുടര്‍ന്ന് നോളന് അവസരവും കിട്ടി.
1998 ലാണ് ആദ്യമായി നോളന് പ്രൊഫഷണല്‍ സിനിമാ സംവിധാനരംഗത്തേക്ക് കടക്കുന്നത്. 3000 പൗണ്ട് ഉപയോഗിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഫോളോവിങ് ആണ് ആദ്യ ചിത്രം. ഇതിന് ചിത്രത്തിന് മികച്ച അഭിപ്രായം നിരൂപകരില്‍ നിന്ന് ലഭിച്ചു. എന്നാല്‍ തന്റെ രണ്ടാം സിനിമയായ മെമെന്റോ ആണ് നോളന് എന്ന സംവിധായകന്റെ സ്ഥാനം ജനങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തിയ ചിത്രം. ഷോര്‍ട് ടെം മെമ്മറി ലോസ് ഉള്ള ഒരാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കൊലയാളിയെ തേടിയുള്ള യാത്രയാണ് സിനിമ. എന്നാല്‍ അത്ര എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നതല്ല നോളന്റെ ഈ പ്രതികാര കഥ. റിവേഴ്സ് ക്രോണോളജിയില്‍ സീനുകള്‍ ഡിസോഡര്‍ ആക്കി ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും ഇടകലര്‍ന്നാണ് നോളന് മെമെന്റോ അവതരിപ്പിച്ചത്. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെട്ട ഈ ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും, 74ാമത് അക്കാദമി അവാര്‍ഡിലേക്ക് മികച്ച തിരക്കഥക്കുള്ള നാമനിര്‍ദ്ദേശവും നോളന് നേടി.
മെമെന്റോയുടെ വിജയം നോളനെ വാര്‍ണര്‍ ബ്രോതെര്സ് എന്റര്‍ടൈന്‍മെന്റിലേക്ക് എത്തിച്ചു. പിന്നീട് റ്റെനെറ്റ് വരെ വാര്‍ണര്‍ ബ്രതേഴ്സുമായി ചേര്‍ന്ന് നോളന് അത്ഭുതങ്ങള്‍ നിര്‍മിച്ചു. 2002ല്‍ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് മികച്ച് വിജയം നേടിയ ഇന്‍സോംനിയ സംവിധാനം ചെയ്തു. തുടര്‍ന്ന് വാര്‍ണര്‍ ബ്രോസിനു വേണ്ടി ബാറ്റ്മാന് സിനിമാ ത്രയമായ, ബാറ്റ്മാന് ബിഗിന്‍സ്(2005), ദ ഡാര്‍ക്ക് നൈറ്റ്(2008), ദ ഡാര്‍ക്ക് നൈറ്റ് റൈസസ്(2012) എന്നിവ സംവിധാനം ചെയ്തു. ഇതിനു പുറമേ ജനപ്രീതിയും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടിയ ശാസ്ത്ര കല്പിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്(2006), ഇന്സെപ്ഷന്(2010), ഇന്റര്‍സ്റ്റെല്ലാര്‍ (2014) എന്നിവയും നോളന് പുറത്തിറക്കി. രണ്ടാം ലോകമഹായുദ്ധത്തിലെ ഡണ്‍കിര്‍ക്ക് ഒഴിപ്പിക്കലിനെ ആസ്പദമാക്കിയെടുത്ത, 2017 ജൂലൈയില്‍ പുറത്തിങ്ങിയ ഡണ്‍കിര്‍ക്കും ഏറെ ശ്രദ്ധേയാമായി.
ബ്ലാക്ക്ഹോളിനെ മാന്വലായി സൃഷ്ടിച്ചു
സിനിമ സംവിധായകന്റെ സൃഷ്ടിയാണ്, കമ്പ്യൂട്ടറിന്റേതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സംവിധായകനാണ് ഇദ്ദേഹം. സിജിഐയില്‍ (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഇമേജറി) എന്ത് അദ്ഭുതങ്ങളും സൃഷ്ടിക്കാന്‍ കെല്പുള്ള അനേകര്‍ക്കു പഞ്ഞമില്ലാത്ത ഹോളിവുഡില്‍ അതു വേണ്ടെന്നു വയ്ക്കാന്‍ അസാമാന്യമായ ചങ്കുറപ്പും തന്റേടവും വേണം. ഓപ്പണ്‍ ഹൈമര്‍ സിനിമയിലെ ആ അണവ പരീക്ഷണത്തിന്റെ ഘട്ടത്തില്‍ സ്വയം തീപ്പിടിച്ചെന്നപോലെ പ്രേക്ഷകര്‍ക്ക് തോന്നിടത്ത് കാണം നോളന് മാജിക്ക്.
ചിത്രത്തിനായി, 1945-ല്‍ ന്യൂ മെക്സിക്കോയിലെ മരുഭൂമിയില്‍ നടന്ന ന്യൂക്ലിയര്‍ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്ഫോടനമായ ട്രിനിറ്റി ടെസ്റ്റ് പൂര്‍ണ്ണമായും സിജിഐ ഇല്ലാതെ പുനഃസൃഷ്ടിച്ചത് വലിയ വാര്‍ത്തയായിരുന്നു.ചിത്രത്തിനു വേണ്ടി നോളന് ബോംബ് സ്ഫോടനംതന്നെ നടത്തിയെന്ന ചിലരുടെ വാദങ്ങളെ സംവിധായകന് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
തന്റെ മൂന്‍കാല ചിത്രങ്ങളിലെപ്പോലെ ഇമോഷന്‍സ് കൊണ്ടാണ് നോളന് ഇവിടെയും കളിക്കുന്നത്. അല്ലാതെ സാങ്കേതിക വിദ്യകള്കൊണ്ടല്ല. ടെനറ്റ് വരെ വാര്‍ണര്‍ ബ്രദേഴ്സുമായി ചേര്‍ന്നു നിന്ന നോളന് അവരുമായി തെറ്റിപ്പിരിഞ്ഞ് യൂണിവേഴ്സല്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ഓപ്പണ്‍ ഹൈമര്‍ പുറത്തിറക്കുന്നത്. (ഇത്രയൊക്കെ പ്രത്യകതകള്‍ ഉള്ള നോളന് ചിത്രം പക്ഷേ ഇന്ത്യയില്‍ വിവാദമാണ് ഉണ്ടാക്കിയത്. നഗ്നനായി ഭഗവദ് ഗീതവായിക്കുന്നുവെന്നൊക്കെ. ശരിക്കും നാണക്കേടാണ് കലാ സൃഷ്ടക്കുനേരെയുള്ള ഈ കുതിരകയറ്റം. പക്ഷേ അമേരിക്കയിലേക്ക് നോക്കു. ആ രാജ്യത്തെും, യുഎസ് പ്രസിഡന്റ് ട്രൂമാനെയടക്കം പ്രതിക്കൂട്ടിലാക്കിയിട്ടും ചിത്രത്തിന് പ്രദര്‍ശനവിലക്കോ ഭരണകൂട വേട്ടയോ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയില്‍ ആണെങ്കില്‍ കാണാമായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് ക്രിസ്റ്റഫര്‍ നോളന് അകത്തായേനെ!)
കൂടുതലും ഫിലിമില്‍ ഷൂട്ട് ചെയ്ത് വിഷ്വല്‍ എഫക്ട് മാക്സിമം കുറച്ച് പ്രാക്ടിക്കല്‍ എഫൊര്ട്സിലൂടെ ഓരോ സീനും പെര്‍ഫെക്റ്റ് ആക്കാന്‍ ആണ് അയാള്‍ക്ക് കൂടുതല്‍ താല്പര്യം. ഇന്‍സെപ്ഷനിലെ ഹാള്‍ വേ ഫൈറ്റ് സീന്‍ പ്രാക്ടിക്കല്‍ എഫ്ഫോര്‍ട്സ് കൊണ്ട് നോളന് ക്രിയേറ്റ് ചെയ്ത ഒരു വിസ്മയം ആണ്. ആ സീനിനായി ഒരു സെറ്റ് നിര്‍മിച്ചു അതിനെ റോട്ടെറ്റ് ചെയ്താണ് സൂക്ഷ്മമായി ആണ് നോളന് ആ സീന്‍ പെര്ഫെക്ഷനില് എത്തിച്ചത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. എന്നാല്‍ അതില്‍പ്പരം എല്ലാവരെയും ഞെട്ടിച്ചത് ഇന്റെര്സ്റ്റെല്ലാര് എന്ന ചിത്രത്തിനായി ക്രിസ്റ്റഫര്‍ നോളന് ഉണ്ടാക്കിയ ബ്ലാക്ക് ഹോളിന്റെ ഇമേജിനോട് വളരെയധികം സാമ്യത തോന്നുന്നതായിരുന്നു ശരിക്കുമുള്ള ബ്ലാക്ക് ഹോള്‍! എന്തൊരു ഭാവന.
ചിത്രത്തിനായി കിപ് തോര്‍ണ്‍ എന്ന ഫിസിസിസ്റ്നെയും ഒരുകൂട്ടം റിസേര്‍ച്ചേഴ്സിനെയും നോളന് ചുമതലപ്പെടുത്തിയിരുന്നു. വളരെ സൂക്ഷ്മമായ പരിശോധനകള്‍ക്കും കണ്ടെത്തലുകള്‍ക്കും ശേഷമാണ് നോളനും സംഘവും സിനിമയില്‍ നമ്മള് കണ്ട ബ്ലാക്ക് ഹോളിന്റെ രൂപത്തിലേക്ക് എത്തിപ്പെട്ടത്. ഡാര്‍ക്ക് നൈറ്റില്‍ ട്രക്ക് മറിച്ചതും, ടെനറ്റിനായി ഒരു വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റിയതും ഓപ്പണ്‍ഹൈമറിനായി വിഎഫ്എക്സില്ലാതെ ന്യൂക്ലിയര്‍ സ്ഫോടനം സൃഷ്ടിച്ചതും അയാള്‍ തന്നെ.
സയന്‍സ് ഫിക്ഷന്‍ സിനിമകില്‍ മാത്രം ഒതുക്കപ്പെടേണ്ട പേരല്ല നോളന് കാരണം ഏറ്റവും മികച്ച സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസുകളില്‍ ഒന്നായ ബാറ്റ്മാന് സീരീസ് നോളന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. ട്രഡീഷണല്‍ സ്റ്റന്റും, മിനിയേച്ചര്‍ എഫക്ടുകളും കൊണ്ട് സിജിഐ കഴിവതും കുറച്ചു വളരെ റിയലിസ്റ്റിക് ആയി ആണ് നോളന് ബാറ്റ്മാനെ അവതരിപ്പിച്ചത്. ഒരു പെര്‍ഫക്ട് ട്രിലജി എന്ന് ആ സീരീസിനെ വിളിക്കാന്‍ ഏത് സിനിമാപ്രേമിക്കും കഴിയും. കൂടാതെ ജോക്കര്‍ എന്ന എക്കാലത്തെയും ആരാധകരുള്ള വില്ലന്‍ കഥാപാത്രത്തെയും നോളന് ബാറ്റുമാനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.
സെല്‍ ഫോണില്ല, മെയിലില്ല
സ്വകാര്യ ജീവിത്തിലും തീര്‍ത്തും വ്യത്യസ്തനാണ് ക്രിസ്റ്റഫര്‍ നോളന്. ഈ ആധുനിക കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഒരാളെ കാണിച്ചുതരാന്‍ പറ്റുമോ. പക്ഷേ നോളന് അങ്ങനെയാണ്. ഒരിക്കല്‍ വാര്‍ണര്‍ ബ്രോസ്, ഒരു ഇമെയില്‍ വിലാസം നല്‍കിയെങ്കിലും കുറേ കാലത്തേക്ക് നോളന് ഇതിനെ കുറിച്ച് ബോധവാനായിരുന്നില്ല. പിന്നീട് തനിക്ക് ധാരാളം മെയിലുകള്‍, പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്നും അല്ലാത്തതുമായി കിട്ടാറുണ്ടെന്നും എന്നാല്‍ താനത് പരിഗണിക്കാറില്ലെന്നും നോളന് പറയുകയുണ്ടായി. താനുമായി ബന്ധപ്പെട്ടാന്‍ മെയിലയച്ചിട്ട് കാര്യമില്ലെന്നും നോളന് വ്യക്തമാക്കി. സെല്‍ഫോണ്‍ വിഷയത്തില്‍ താന്‍ പിന്തിരിപ്പന് വാദിയോ സാങ്കേതികവിദ്യാ വിരോധിയോ അല്ലെന്നും താല്പര്യമില്ലാത്തതു കൊണ്ടാണ് ഉപയോഗിക്കാത്തതെന്നും നോളന് വ്യക്തമാക്കിയിട്ടുണ്ട്. 1997-ല്‍ ലോസ് ആഞ്ചലസില്‍ താമസം ആരംഭിക്കുമ്പോള്‍ ആരും മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നും, പിന്നീട് അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമാണ് മൊബൈല്‍ ഉപയോഗിക്കാത്തതിനുള്ള കാരണമായി നോളന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭാര്യ എമ്മയുടെ നമ്പറാണ് സത്യത്തില്‍ നോളന്റെ ഔദ്യോഗിക നമ്പര്‍.

ഒരുപക്ഷേ സദാ സ്പേസിനെക്കുറിച്ചും, ടൈമിനെക്കുറിച്ചുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്ന നോളന്, സെല്‍ഫോണ്‍ ഒക്കെ വെറും ചീള് കേസായി തോന്നിയിരിക്കാമെന്നും ആരാധകര്‍ പറയാറുണ്ട്. ഗ്രാഫിക്സുകള്‍ ഇല്ലാതെ, സിനിമ പിടിക്കണം എന്ന ലൈവായ നിര്‍ബന്ധ ബുദ്ധിപോലെയാണിതും. സോഷ്യല്‍ മീഡിയയിലും നോളന് സജീവമല്ല.
ടൈം എന്ന കോണ്‍സെപ്ടിനെ ഇത്രയധികം ആഴത്തില്‍ എക്സ്പ്ലോര്‍ ചെയ്ത മറ്റൊരു സംവിധായകന് ഇല്ലെന്ന് തന്നെ പറയാം. കാരണം നോളന് എന്ന സംവിധായകന്റെ ഓരോ ചിത്രത്തിലും ടൈം എന്ന എലമെന്റിന് എന്തെങ്കിലും തരത്തില്‍ കഥപറച്ചിലില്‍ റോള്‍ ഉണ്ടാകും. നോണ്‍ ലീനിയര്‍ നരേറ്റീവും, പാസ്റ്റും പ്രെസെന്റും ഇടകലര്‍ത്തിയുള്ള കഥ പറച്ചിലും, സമയത്തെക്കുറിച്ച് ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത തരത്തിലൊരു ഡീറ്റയിലിങ്ങും അയാളുടെ സിനിമയിലുണ്ടാകും. ഒട്ടും സ്പൂണ്‍ഫീഡിങ് ഇല്ലാതെ ഒരു സയന്‍സ് പുസ്തകം മനസിലാക്കിയെടുക്കുന്ന ജാഗ്രതയോടെ വേണം ഓരോ പ്രേക്ഷകനും അത് വായിച്ചെടുക്കാന്‍. പ്രേക്ഷകരെ ഒന്നിലധികം വട്ടം അയാളുടെ സിനിമകിലേക്ക് അടുപ്പിച്ചു ഓരോതവണയും ഓരോ പുതിയ കണ്ടെത്തലുകള്‍ കണ്ടെത്താന്‍ അവരെ പ്രേരിപ്പിക്കുകയും അയാളുടെ ചിത്രങ്ങള്‍ ചെയ്യാറുണ്ട്. സിനിമ ഗൗരവമായി കാണേണ്ടതാണെന്നും അതില്‍ സമയത്തിലെന്ന പോലെ ആഴത്തിലേക്ക് കടന്നിരിക്കേണ്ടത് ആണെന്നും അയാളുടെ ചിത്രങ്ങള്‍ ഓരോ തവണയും പ്രേക്ഷകനോട് ആവര്‍ത്തിച്ചു.
നോളന് സിനിമകള്‍ പല തരത്തില്‍ ആകും ഓരോ പ്രേക്ഷകനും മനസ്സിലാക്കിയിട്ടുണ്ടാകുക, അതിന്റെ വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിച്ചു ഡീകോഡ് ചെയ്തെടുക്കാനായി പലരും പല വഴികളാകും കണ്ടെത്തുന്നത്. ചിലപ്പോള്‍ ഒരു നോളന് സിനിമ മുഴുവനായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വരാം. അല്ലാതെ വെറുതെ കണ്ടിരിക്കാന്‍ മാത്രമുള്ള ചിത്രങ്ങളല്ല നോളന് ചിത്രങ്ങള്‍. സിനിമ ഒരു ഗൗരവമേറിയ കലാസൃഷ്ടിയാണെന്നും, തന്റെ പ്രേക്ഷകരെ തനിക്ക് ഒത്തവര് ആയാണ് കാണുന്നതെന്നും നോളന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒഡീസിയിലൂടെയും ആ നോളന് മാജിക്ക് തുടരുകയാണ്.
വാല്‍ക്കഷ്ണം: മസിലുപിടുത്തക്കാരനായ ഒരു ബുജിയാണ് നോളന് എന്ന് കരുതേണ്ട. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, സൗഹൃദങ്ങളും, യാത്രകളും, ഇഷ്ടപ്പെടുന്ന ശാന്ത സ്വഭാവിയാണ് നോളണ്. നോളന്റെ സന്തത സഹചാരിയായി ഭാര്യ എമ്മ കൂടെയുള്ളതുകൊണ്ട് എന്തുകാര്യത്തിനും അവരെയാണ് സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ ബന്ധപ്പെടുക. കോളജ് കാലത്ത് പരിചയപ്പെട്ട എമ്മ തോമസിനെയാണ് നോളന് വിവാഹം ചെയ്തിരിക്കുന്നത്. നാലുകുട്ടികളുള്ള ഈ ദമ്പതികള്‍ ഇപ്പോള്‍ ലോസ് ആഞ്ചലസിലാണ് താമസിക്കുന്നത്.


“അച്ഛന്റെ വേർപാടിന് ശേഷം ആരും എത്തിയില്ല… ദിലീപേട്ടന്റെ കരുതൽ മറക്കാനാകില്ല; സംഘടനയെ കുറിച്ച് അമ്മ പറഞ്ഞത് തുറന്ന് പറഞ്ഞ് ധ്യാൻ”







