ധനബില്ല് നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, വീര്യം കുറഞ്ഞ മദ്യത്തിനും നികുതി മാറ്റം

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ലിലെ വിവിധ വകുപ്പുകളിന്മേൽ വോട്ടെടുപ്പ് നടന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ആരും തന്നെ സഭയിൽ ഹാജരായിരുന്നില്ല. ഔദ്യോഗിക ഭേദഗതികൾ ഒന്നൊന്നായി അവതരിപ്പിക്കുകയും അവ ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയുമായിരുന്നു.

ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളി. ഈ വിഷയം ഫിനാൻസ് ബില്ലിൽ ഒളിച്ചുകടത്തിയതല്ലെന്നും മറിച്ച് ബജറ്റിൽ തന്നെ അവതരിപ്പിച്ച ടാക്സ് നിർദ്ദേശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ബജറ്റ് പ്രസംഗത്തിന്റെ സമാപനത്തിൽ ഇക്കാര്യങ്ങൾ കൃത്യമായി പറഞ്ഞിരുന്നതായും അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു.

ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒളിച്ചുകടത്തിയെന്ന് പറയുന്നത് അഞ്ചു വർഷം കേരളം ഭരിച്ച മുൻമുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ വരുന്ന നികുതി നിർദേശങ്ങളും ഇളവുകളും ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ 10 വർഷം കേരളം ഭരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ വിശദീകരണം കേൾക്കാതിരിക്കാനാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ ഫയലുകൾ 2021 നവംബർ 16-ന് ആരംഭിച്ചതാണെന്നും മുൻ സർക്കാരിന്റെ കാലത്തെ സെക്രട്ടറിയുടെ കുറിപ്പുകൾ ഇതിന് ആധാരമാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

സംസ്ഥാനത്ത് നിലവിൽ വിൽക്കുന്ന വിദേശമദ്യത്തിന്റെ വീര്യം 42.86 ശതമാനമാണ്. ഇതിനു പകരമായി 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാൽ ഹാർഡ് ലിക്കറിന്റെ ഉപഭോഗം കുറയ്ക്കാൻ സാധിക്കുമെന്ന് സബ്ജക്ട് കമ്മിറ്റിയുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യനിരോധനം പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യവർജ്ജനം എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയതെന്നും ഇത് ടൂറിസം, ഐടി മേഖലകളിൽ ഉണർവുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.പി. ഉദയഭാനു കമ്മീഷൻ, ജസ്റ്റിസ് രാമചേന്ദ്രൻ കമ്മിറ്റി എന്നിവർ വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത പ്രോത്സാഹിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. മദ്യാസക്തി കുറയ്ക്കുന്നതിനും മദ്യവർജ്ജനത്തിനും വേണ്ടിയാണ് ഇത്തരം ഒരു നീക്കം മുൻ ഗവൺമെന്റ് തന്നെ ആലോചിച്ചിരുന്നതെന്ന് മുഖ്യമന്ത്രി രേഖകൾ സഹിതം വിശദീകരിച്ചു. മുൻ മന്ത്രി എം.വി. ഗോവിന്ദൻ ചട്ടഭേദഗതിയുടെ കരട് അംഗീകരിച്ചിരുന്ന കാര്യവും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ഇത് നൽകിയിരുന്നതും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.

ഹാർഡ് ലിക്കർ ഉപയോഗം കുറച്ച് ആൽക്കഹോൾ കണ്ടെന്റ് കുറഞ്ഞ മദ്യത്തിലേക്ക് നിർമ്മാണം മാറ്റണമെന്ന് ഡബ്ല്യുഎച്ച്ഒ നിർദ്ദേശിക്കുന്നുണ്ട്. സിദ്ധരാമയ്യ ഗവൺമെന്റ് ഇത്തരത്തിൽ ടാക്സ് റീസ്ട്രക്ച്ചർ ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ ഇത്തരം മദ്യം വേണോ എന്നത് യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി മാത്രം തീരുമാനിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിയറിനും വൈനിനും ഇടയിലുള്ള മദ്യത്തിന് പുതിയൊരു കാറ്റഗറി സൃഷ്ടിക്കുകയാണ് ചെയ്തത്. പോയിന്റ് അഞ്ച് മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യത്തിന് 120 ശതമാനം മുതൽ 175 ശതമാനം വരെ നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ടാക്സ് നിരക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിയറിനെയും വൈനിനെയും അപേക്ഷിച്ച് ഉയർന്ന നികുതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചാൽ കേരളത്തിൽ അത് വിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷനാണ് ഇതിന്റെ ഹോൾസെയിൽ കുത്തക. സർക്കാർ വേണ്ടെന്ന് വെച്ചാൽ കെഎസ്ബിസി സാധനം വാങ്ങില്ല, അതോടെ വിൽപനയും നടക്കില്ല. ബജറ്റിന്റെ ശോഭ കെടുത്താൻ ചിലർ നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദമെന്നും സർക്കാർ കൃത്യമായ പ്ലാനുകളുമായാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.