ചെന്നൈ: എം.ജി.ആര്, കരുണാനാധി, ജയലളിത, വിജയകാന്ത്, കമല്ഹാസന്, വിജയ് ഇപ്പോഴിതാ ധനുഷും. തമിഴ് സിനിമയുടെ വെളളിവെളിച്ചത്തില്‍ നിന്നും ദ്രാവിഡ രാഷ്ട്രീയചൂടിലേയ്ക്ക് ഇതാ മറ്റൊരു സൂപ്പര്‍താരം കൂടി. ധനുഷ് വെങ്കിടേഷ് പ്രഭു. വേലയില്ലാ പട്ടധാരിയിലൂടെ യുവാക്കളുടെ ആവേശമായി മാറി, കൊടിയിലൂടെ രാഷട്രീയ ഗോദയിലെ വേഷവും തനിക്ക് വഴങ്ങുമെന്ന തെളിയിച്ച ധനുഷ് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായി ധനുഷിന്റെ പുതിയ നീക്കത്തെ വ്യാഖ്യാനിക്കാം. അടുത്തിടെ ഒരു ആരാധക ഒത്തുചേരലില്‍, കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം പ്രാദേശികമായി ജനക്ഷേമ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ധനുഷ് തന്റെ ആരാധകരോട് ആഹ്വാനം ചെയ്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്.
ഇതോടെ വിജയ്ക്ക് പിന്നാലെ ധനുഷും തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന തരത്തിലുള്ള ശക്തമായ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ സജീവമാണ്. ധനുഷ് ഇരട്ടവേഷത്തില്‍ അഭിനയിച്ച് 2016-ല്‍ പുറത്തിറങ്ങിയ ഒരു ജനപ്രിയ രാഷ്ട്രീയ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമായ കൊടി റീലീസായപ്പോള്‍ അത് ഒരു തുടക്കമാണെന്ന് ആരും കരുതിയില്ല. മാസ് ഡയലോഗുകളിലൂടെ ധനുഷ് ആരാധകരെ ആവേശത്തിലാക്കിയത് വെറുതെയല്ല. ഇളയ ദളപതി വിജയ് ടിവികെയിലൂടെ തമിഴ്നാട് തൂത്തുവാരി മുഖ്യമന്ത്രിയായി ആവേശം വാരിവിതറുമ്പോഴാണ് അതിശക്തമായ ഫാന്‍ബേസുള്ള ധനുഷും രംഗത്തിറങ്ങുന്നത്. സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരാധകരോട് ആഹ്വാനം ചെയ്തത് രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ധനുഷ്.
എന്നാല്‍ ധനുഷോ അദ്ദേഹത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളോ രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും ആരാധകരുടെ കൂട്ടായ്മയെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ധനുഷ് ആവശ്യപ്പെട്ടത് തമിഴ് സിനിമാ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. മറ്റ് സൂപ്പര്‍താരങ്ങളെപ്പോലെ ധനുഷും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഏതായാലും തമിഴ് നാട്ടില്‍ വലിയ രാഷ്ട്രീയ നാടകങ്ങള്‍ ഇപ്പോള്‍ തന്നെ അരങ്ങേറുകയാണ്. വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റം തടയാന്‍ ദ്രാവിഡ കക്ഷികള്‍ ഒന്നിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നെങ്കിലും അന്തിമ തീരുമാനമായില്ല. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും കൈകൊടുക്കുമോ എന്നതാണ് ഏവരും കാത്തിരിക്കുന്ന ഒരു സംഭവം.
ശബരിമല താന്ത്രിക ചുമതലകൾ ഇനി കണ്ഠരര് ബ്രഹ്മദത്തന്
തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകമെന്ന ടി.വി.കെ വലിയ വെല്ലുവിളികള്‍ വരും നാളുകളില്‍ ഉയര്‍ത്തുമെന്ന് കൃത്യമായി മനസിവലാക്കിയ ബദ്ധവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സഖ്യത്തിലേക്ക് നീങ്ങുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഇതിനിടയില്‍ തമിഴ് മണ്ണില്‍ ബിജെപി വേരോട്ടം എന്ന ലക്ഷ്യവുമായി ഇറങ്ങിയ അണ്ണാമലൈ ദ്രാവിഡ മണ്ണില്‍ പുതിയ പരീക്ഷണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പരമ്പരാഗത രാഷ്ട്രീയത്തിന് ബദലാകുമോ അണ്ണാമലൈ മക്കള്‍ ഇയക്കം. അണ്ണാമലൈയും പുതിയ പ്രസ്ഥാനമായ വീ ദി പീപ്പിള്‍ ഫൗണ്ടേഷനെയും ഉറ്റുനോക്കുകയാണ് യുവാക്കള്‍.
ബി.ജെ.പി. വിട്ട കെ. അണ്ണാമലൈ തമിഴ്നാട്ടില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ള ചരടുവലികള്‍ നടത്തുകയാണ്. ഇപ്പോഴിതാ ധനുഷിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. ദ്രാവിഡ മണ്ണിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതി വിജയ്ക്ക് ബദലാകുമോ ധനുഷ്. സിനിമാ ലോകത്തെ സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ രാഷ്ട്രീയ ഗോജദയില് ഇനി എന്തുസംഭവിക്കും? രജനികാന്തും കമല്‍ഹാസനും പരാജയപ്പെട്ടിടത്ത് വിജയ് കുതിക്കുമ്പോള്‍ അതിന് തടയിടാന്‍ ധനുഷിന് എത്രത്തോളം കഴിയും. തമിഴകത്ത് വീണുടഞ്ഞ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊടിതട്ടിയെടുക്കാന്ധനുഷിന് ആകുമോ. ചോദ്യങ്ങള്‍ നിരവധിയാണ് പക്ഷെ ഉത്തരത്തിന് ധനുഷ് മനസ് തുറക്കണം.സിനിമയിലെ സ്റ്റാര്‍ഡവുമായി പൊതുജനമധ്യത്തിലേക്ക് കടന്നുചെല്ലുന്ന താരപ്പകിട്ടിന്റെ രാഷ്ട്രീയം തമിഴ് മണ്ണിന് പരിചിതമാണ്. പക്ഷെ എംജിആറിനെയും പുരട്ചി തലൈവി ജയലളിതയേയും സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ താരരാജാക്കന്മാരാക്കിയ ചരിത്രമുള്ള തമിഴ്നാട് കമലിനെ പറപ്പിച്ച ചരിത്രവുംരജനീകാന്തിനെ തുടങ്ങിയിടത്ത് തന്നെ നിര്‍ത്താന്‍ പ്രേരിപ്പിച്ച ചരിത്രവുമുണ്ട്.
വിജയെ പോലെ തന്നെ വിശ്വസിച്ച് കൂടെയിറങ്ങിയ പൊതുജനങ്ങള്‍ക്ക് വ്യക്തമായ സന്ദേശം കൈമാറാന്‍ ധനുഷിന് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. വിജയ് പയറ്റിയ അതേ തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ ധനുഷ് വിപ്ലവത്തിനും തമിഴ് ലോകം സാക്ഷ്യം വഹിക്കും. മറ്റ് ദ്രാവിഡ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി വോട്ടര്‍മാര്‍ക്കിടയില്‍ വിജയകരമായി പ്രചാരണം നടത്തിയ ടിവികെ മോഡല്‍ ആയുധം ധനുഷും പുറത്തെടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരാധാകരോടുളള ആഹ്വാനത്തില്‍ വ്യക്തമാണ്. പക്ഷെ വിജയ് നല്ല ഹോം വര്‍ക്ക് വര്‍ഷങ്ങളെടുത്ത് ചെയ്തു. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പ് ദ്രാവിഡ രാഷ്ട്രീയത്തെ വിജയ് പൂര്‍ണമായും മനസിലാക്കി. 2020-ന്റെ തുടക്കം മുതല്‍ സിനിമയിലൂടെയും പൊതുപരിപാടികളിലൂടെയും തന്റെ രാഷ്ട്രീയനിലപാടുകള്‍ വിജയ് വെളിപ്പെടുത്തി. പ്രേക്ഷകരില്‍ നിന്നും ഫാന്സില് നിന്നുമുള്ള പ്രതികരണങ്ങള്‍ കേട്ടു. പ്രായഭേദമന്യേ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്നു. രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിക്കുമ്പോള്‍ രജനീകാന്തിന്റെ പ്രായം 70-ഉം കമലിന്റെ പ്രായം 65-ഉം ആണ്. എന്നാല്‍, ഇരുവരേയും അപേക്ഷിച്ച്, അല്പം നേരത്തെ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയ വിജയിക്ക് ജെന്‍സി വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാന്‍ സാധിച്ചു. രണ്ട് കോടിയിലേറെ ജന്‍-സി വോട്ടര്‍മാര്‍ പിന്തുണ നല്കി.
അതായത്വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം സിനിമയുടെ താരപരിവേഷം കൊണ്ട് നേടിയതല്ല. ദശകങ്ങളോളം തമിഴ് രാഷ്ട്രീയത്തെ ഭരിച്ച ദ്രാവിഡ കക്ഷികള്‍ക്ക് വലിയൊരു വെല്ലുവിളിയാണ് 52 കാരനായ വിജയ് ഉയര്‍ത്തുന്നത്, ആ ദളപതിക്ക് വെല്ലുവിളിയാകാന്‍ 42 വയസുള്ള ധനുഷ് കൊടിപിടിച്ച് വരുമോ എന്നതാണ് ഇനി അറിയേണ്ടത്. അങ്ങനെയെങ്കില്‍ താരരാജാക്കന്മാര് തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമല്ല താരരാജാക്കന്മാരുടെ പിതാക്കന്മാരുടെ വാക്പോരുകള്‍ക്കും കാത്തിരിക്കാം. സംവിധായകന്, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, നടന് എന്നീ നിലകളില്‍ തിളങ്ങിയ എസ്.എ. ചന്ദ്രശേഖറിന്റെ മകന് കൂടിയാണ് ജോസഫ് സി വിജയ്. ചലച്ചിത്രസംവിധായകനായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്.


തലസ്ഥാനത്തെ അരുംകൊല; അതും ഈ പട്ടാപ്പകൽ; അയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കം, വിശാഖിനെ ആക്രമിച്ചത് കാറിലെത്തിയ സംഘം







