കള്ളന്‍ വിജയന്‍’ പേടിച്ചോ?, മരിച്ചിട്ടും വി.എസിനെ ഭയക്കുന്നതാര് ? വിഎസിനെ മറന്ന് ദേശാഭിമാനി, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം ഒതുക്കും തോറും ആ കടലിരമ്പം മുഴങ്ങുമോ

അസ്തമിക്കാത്ത സമരസൂര്യന്‍ എന്ന പ്രയോഗം വി.എസിന്റെ കാര്യത്തില്‍ വളരെ ശരിയാണെന്ന് ഒരിക്കല്‍ കൂടി രാഷ്ട്രീയ കേരളം കണ്ടു. വി.എസില്ലാത്ത രാഷ്ട്രീയ കേരളത്തിന് ഒരാണ്ട് ജൂലൈയ് 21 ന് തികയുമ്പോഴും ഇന്നും വി.എസ് എന്ന രണ്ടക്ഷരം തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു എന്നത് തന്നെ കാരണം.വി.എസിന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചത് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

മരിച്ചിട്ടും വി.എസിനെ ഭയക്കുന്ന കള്ളന്‍ വിജയന്‍മാര്‍ ആരെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്. ആരാധകര്‍ ചാേദിക്കുന്നത്. ഒന്നാം ചരമ വാര്‍ഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളില്‍ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് പാര്‍ട്ടി പത്രം ഇറങ്ങിയത്. വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെവി സുധാകരന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാല്‍ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. കൂടാതെ സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തില്‍ അറിയിപ്പ് നല്‍കുകയായിരുന്നു.

വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്നായിരുന്നു തലക്കെട്ട്. കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ ലോകം കാണേണ്ട ഫീച്ചറാണ് വെട്ടിനിരത്തിയത്. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്നയാളെ കുറിച്ചായിരുന്നു ഫീച്ചര്‍. പുതിയ കാലഘട്ടത്തില്‍ വി.എസ്സിന്റെ ഓര്‍മ പുതുക്കല്‍ അനിവാര്യഘടകമാണെന്ന് സിപിഎം സംസ്ഥാന സമിതി നേരത്തേ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള പ്രവര്‍ത്തകരുടെ ചലനശേഷിയെ സ്വാധീനിക്കുന്ന തരത്തില്‍ വി.എസ്സിന്റെ ചരമദിനം ആചരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് ദേശാഭിമാനി പ്രസിദ്ധീകരണം തന്നെ പിന്‍വലിച്ചിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാനാകില്ലെന്ന വിശദീകരണമാണ് നിലവില്‍ ദേശാഭിമാനി തന്നെയും നല്‍കിയിരിക്കുന്നത്. വി.എസിന്റെ സ്മാരകം മാത്രവുമല്ല നേരത്തെ വി.എസ്. അച്യുതാനന്ദന് ആലപ്പുഴയിലെ വലിയചുടുകാട്ടില്‍ സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു സിപിഎം മുതിര്‍ന്ന നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം, രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയില്‍ ഒരാള്‍ക്കായി സ്മൃതി മണ്ഡപം പണിയുന്നത് ചരിത്രനിഷേധമാണെന്ന് ആരോപിച്ച് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയച്ചിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ ജീവത്യാഗം ചെയ്ത നിരവധി രക്തസാക്ഷികള്‍ക്ക് പോലും ഇന്നുവരെ അവിടെ പ്രത്യേക സ്മാരകമില്ലെന്നും, അത്തരമൊരു സ്ഥലത്ത് വി.എസിന് മാത്രം സ്മാരകം ഉയര്‍ത്തുന്നത് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

വിവാദം ശക്തമായതോടെ പ്രതികരിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, വലിയചുടുകാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐയും സിപിഐഎമ്മും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും, ഇക്കാര്യത്തില്‍ രണ്ട് പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും പറഞ്ഞു.അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സ്മാരകം വേണമെന്ന ആശയത്തെ പാര്‍ട്ടി എതിര്‍ക്കുന്നില്ലെന്നും, ടി.വി. തോമസിനും അവിടെ സ്മാരകം വേണമെന്ന നിലപാടാണുള്ളതെന്നും പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.