മണ്ണാർക്കാട് നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച്, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെട്ടു. ചെറിയ അക്ഷരത്തെറ്റ് വന്നപ്പോൾ “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ ശാസിക്കുകയും, കുട്ടിയെ ചെവിയിൽ നുള്ളുകയും ചെയ്തതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തു.
“ഞാൻ ഒരു കുട്ടിയേയും ശിക്ഷിച്ചിട്ടില്ല” എന്ന ജലീലിന്റെ വിശദീകരണം
വിമർശനം ഉയർന്നതോടെ ജലീൽ ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ 12 വർഷത്തിലധികം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ടെന്നും, അക്കാലത്ത് കുട്ടികളോട് സുഹൃത്തിനെപ്പോലെയാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടില്ല” എന്നാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളുടെ പിഴവുകൾ ചൂണ്ടിക്കാണിക്കാതിരുന്നാൽ അവർ “മയ, കുയി, പുയ” എന്നൊക്കെ എന്നും തെറ്റായി പറയുമെന്നും അദ്ദേഹം ന്യായീകരിച്ചു.
രസകരമെന്നു പറയട്ടെ, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ തന്നെ “അപമാനിച്ചിട്ടില്ല” എന്നും “സ്കൂളിലെ അധ്യാപകർ ചെയ്യുന്നത് പോലെ വെറുതെ ചെവിക്ക് പിടിച്ചതാണ്” എന്നും പ്രതികരിച്ചിട്ടുണ്ട്. ഇത് ജലീലിന്റെ വാദത്തെ ബലപ്പെടുത്തുന്നതായി തോന്നാമെങ്കിലും, ബാലാവകാശ കമ്മീഷൻ ഇത് പൂർണമായി അംഗീകരിക്കുന്നില്ല. “കുട്ടികൾക്ക് പരാതിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും മനസ്സിലാകും” എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം. അധികാരസ്ഥാനത്തിരുന്ന ഒരാൾക്കെതിരെ പരസ്യമായി പരാതിപ്പെടാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും മടിയുണ്ടാകാമെന്ന സൂചനയാണിത്.
ഈ വിഷയം ഇന്നലെ തന്നെ സോഷ്യൽ മീഡിയയിലെ തീപ്പൊരി ചർച്ചയായി മാറിക്കഴിഞ്ഞു. “കമ്പ് കൊണ്ട് ശിക്ഷിക്കുകയോ, ദേഷ്യപ്പെട്ട് സംസാരിക്കുകയോ അല്ല, മറിച്ച് വളരെ രസകരമായ രീതിയിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചു എന്നല്ലേ ഉള്ളു…” എന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റൊരു കൂട്ടരുടെ വിമർശനം ഇങ്ങനെയാണ്, “രസകരം എന്ന് തോന്നുന്നത് പറഞ്ഞയാൾക്കും കേട്ടുനിന്നവർക്കും മാത്രമാണ്, അത് അനുഭവിച്ചവർക്ക് അത്ര നല്ല മാനസികാവസ്ഥ ആകില്ല, മന്ത്രി ആയതിനാൽ ആ സ്റ്റുഡന്റ് തുറന്നുപറയില്ല… എന്ന് നീളുന്നു വിമർശനം.
ജലീലിന്റെ ഉദ്ദേശ്യം കുട്ടികളെ തിരുത്താനായിരുന്നു എന്നത് ശരിയായിരിക്കാം. എന്നാൽ ഇവിടെ ചോദ്യം ഉദ്ദേശ്യത്തിന്റേതല്ല, രീതിയുടേതും വേദിയുടേതുമാണ്. ക്ലാസ് മുറിയിൽ ഒരു അധ്യാപകൻ ചെയ്യുന്ന തിരുത്തലും, പൊതു അനുമോദന ചടങ്ങിൽ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ ഒരു മുൻമന്ത്രി ഒരു കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി നടത്തുന്ന തിരുത്തലും ഒരുപോലെയല്ല. അധ്യാപകർ പോലും ഇന്ന് ബോധപൂർവ്വം പൊതുഇടത്തിൽ കുട്ടികളെ അപമാനിക്കുന്ന രീതികളിൽ നിന്ന് മാറി, സ്വകാര്യമായി തിരുത്തുന്ന സമീപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണ്, ഒരു മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതിന് വിപരീത ദിശയിൽ പെരുമാറിയത്.
ജലീലിന്റെ അനുഭാവികൾ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ ദീർഘകാല അധ്യാപന പശ്ചാത്തലവും, കുട്ടികളുടെ തന്നെ പ്രതികരണവും കണക്കിലെടുക്കുമ്പോൾ ഇത് ഒരു “teaching moment” ആയി മാത്രമേ കാണേണ്ടതുള്ളൂ എന്നാണ്. എതിർ ഭാഗം ചൂണ്ടിക്കാട്ടുന്നത്. സ്ഥാനവും പ്രായവും കണക്കിലെടുക്കുമ്പോൾ, ഒരു കുട്ടിയെ പരസ്യമായി ശാരീരികമായി സ്പർശിച്ച് തിരുത്തുന്നത് ബാലാവകാശ ലംഘനത്തിന്റെ പരിധിയിൽ വരാമെന്നും, ഈ സംഭവം കുട്ടിക്ക് ബുദ്ധിമുട്ട് തോന്നിയില്ലെങ്കിലും മറ്റുള്ളവർക്ക് സമാന സാഹചര്യത്തിൽ അസ്വസ്ഥത ഉണ്ടാക്കാമെന്നും ആണ്. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


CBSE/ICSE പഠിച്ചവരുടെ മക്കൾക്ക് ജാതി തെളിയിക്കാൻ വഴിയില്ലാതാകുമോ? സംവരണ ആനുകൂല്യങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്ക, ബദൽ സംവിധാനം വേണമെന്ന് ആവശ്യം







