മൂന്നാറിൽ മലഞ്ചെരുവിൽ വിള്ളൽ; മഴ കനത്താൽ മലയൊന്നാകെ താഴേക്ക് പതിക്കുമോയെന്ന് ആശങ്ക

മൂന്നാർ: പഴയ മൂന്നാറിലെ മലഞ്ചെരുവിൽ വൻ വിള്ളൽ രൂപപ്പെട്ടത് പ്രദേശവാസികളെ വൻ ആശങ്കയിലാക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ സി.എസ്.ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവിലാണ് ഈ അപകടകരമായ വിള്ളൽ ദൃശ്യമായിരിക്കുന്നത്.

കാലവർഷം കനക്കുകയും വിള്ളലിലൂടെയുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ മലയൊന്നാകെ താഴേക്ക് പതിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
​കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം വൈദികൻ താമസിക്കുന്ന വീടിനോട് ചേർന്ന് ആദ്യമായി വിള്ളൽ കണ്ടെത്തുന്നത്.

തുടക്കത്തിൽ ചെറിയ രീതിയിലായിരുന്ന വിള്ളൽ, ദിവസങ്ങൾ കഴിഞ്ഞതോടെ ആഴം വർധിച്ച് വലിയ ഭീഷണിയായി മാറുകയായിരുന്നു. നിലവിൽ കെട്ടിടത്തിന് സമീപം മൂന്നടിയോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞുതാണിരിക്കുന്നത്.
​ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏകദേശം രണ്ടു മാസം മുൻപ് ദേശീയപാതയുടെ വീതി കൂട്ടുന്നതിനായി മലഞ്ചെരുവിന്റെ പാർശ്വഭിത്തിയിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിൽ കരാർ കമ്പനി വരുത്തിയ കാലതാമസമാണ് ഇപ്പോഴത്തെ അപകടത്തിന് വഴിതെളിച്ചതെന്ന് പള്ളി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

സംരക്ഷണ ഭിത്തിയില്ലാത്ത മണ്ണിലേക്ക് മഴവെള്ളം ഇറങ്ങിയതോടെ മണ്ണ് ഇടിഞ്ഞ് താഴേക്ക് നീങ്ങുകയായിരുന്നു.
​നിലവിൽ അപകടസാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ഒരാഴ്ചയായി ദേശീയപാത വഴിയുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. മലഞ്ചെരുവിൽ നിന്ന് താഴെ റോഡിലേക്ക് ഏകദേശം 300 മീറ്ററോളം ദൂരമുണ്ട്.

നിർമാണ കമ്പനി ശാസ്ത്രീയമായ രീതിയിൽ മണ്ണ് നീക്കം ചെയ്യാനോ പാർശ്വഭിത്തികൾ ക്രമീകരിക്കാനോ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി . വരും ദിവസങ്ങളിൽ മഴ ശക്തമായാൽ ഈ പാതയിൽ മുഴുവൻ വലിയ രീതിയിലുള്ള മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള ഭീഷണി നിലനിൽക്കുന്നുണ്ട്..

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.