ദോഹ: ഫുട്ബോൾ ലോകത്തെ രണ്ട് വൻശക്തികൾ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. യൂറോപ്യൻ ഫുട്ബോളിലെ ചിരവൈരികളായ ഫ്രാൻസും സ്പെയിനും കളത്തിലിറങ്ങുമ്പോൾ, ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത് കിലിയൻ എംബാപ്പെയും ലെമീൻ യമാലും തമ്മിലുള്ള ആവേശകരമായ നേർക്കുനേർ പോരാട്ടത്തിലേക്കാണ്. ഫ്രഞ്ച് നായകൻ എംബാപ്പെയെ സംബന്ധിച്ച് ഇത് കേവലമൊരു സെമി ഫൈനൽ മാത്രമല്ല, മറിച്ച് തനിക്കുണ്ടായ മുൻകാല തോൽവികൾക്ക് മറുപടി നൽകാനുള്ള സുവർണ്ണാവസരം കൂടിയാണ്.
രാജ്യാന്തര വേദിയിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള പോരാട്ടം ഇപ്പോൾ മറ്റൊരു ‘എൽ ക്ലാസിക്കോ’ ആവേശമാണ് സമ്മാനിക്കുന്നത്. സമീപകാലത്തെ ചരിത്രം പരിശോധിച്ചാൽ സ്പെയിനിനാണ് ഫ്രാൻസിനുമേൽ വ്യക്തമായ മേൽക്കൈ ഉള്ളത്. 2024 ലെ യൂറോ കപ്പ് സെമി ഫൈനലിലും, 2025 ലെ നേഷൻസ് ലീഗ് സെമിയിലും ഫ്രാൻസിനെ കണ്ണീരുകുടിപ്പിച്ചത് സ്പെയിൻ ആയിരുന്നു.
രാജ്യാന്തര മത്സരങ്ങളിൽ മാത്രമല്ല, ക്ലബ്ബ് തലത്തിലും എംബാപ്പെയ്ക്ക് മേൽ മേധാവിത്വം പുലർത്താൻ ലെമീൻ യമാലിന് സാധിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കൂടിയായ എംബാപ്പെയ്ക്കെതിരെ ബാഴ്സലോണയുടെ യമാൽ പലതവണ വിജയം ആഘോഷിച്ചു. വിവിധ ടൂർണമെന്റുകളിലായി നാല് തവണയാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ തകർത്തത്.
ഇരുവരും മുഖാമുഖം വന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞത് യമാലിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
ബാഴ്സലോണയ്ക്കെതിരെ ആറ് ഗോളുകൾ നേടി എംബാപ്പെ തന്റെ വ്യക്തിഗത മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും, ക്ലബ്ബിന് നിർണായക വിജയങ്ങൾ സമ്മാനിക്കാൻ പലപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ക്ലബ്ബ് തലം മുതൽ രാജ്യാന്തര വേദി വരെ തന്നെ വേട്ടയാടുന്ന ഈ തോൽവികളുടെ കണക്കുകൾ വീട്ടി, ഫ്രാൻസിനെ ലോകകപ്പിന്റെ ഫൈനലിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാകും എംബാപ്പെ പൂട്ടഴിക്കുക. എന്നാൽ, എംബാപ്പെയുടെ റീവെഞ്ച് മോഡിനെ തടഞ്ഞുനിർത്തി തങ്ങളുടെ ജൈത്രയാത്ര തുടരാൻ തന്നെയാകും യമാലും സ്പെയിനും ബൂട്ടു കെട്ടുന്നത്.


പ്രമുഖ നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു
സി.പി.എം നേതൃത്വത്തിന് വിമർശനം; പിണറായിയുടെ നിലപാടുകൾ പരാജയകാരണമെന്ന് ഡി.വൈ.എഫ്.ഐ







