മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെസംഭവിച്ച ചികിത്സാപിഴവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ചികിത്സിച്ച ഡോക്ടറും ചേർന്നാണ് ഈ തുക കുഞ്ഞിന്റെ കുടുംബത്തിന് നൽകേണ്ടത്.
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ചേലാകർമ്മത്തിന് ശേഷം കുഞ്ഞിന് കടുത്ത അണുബാധ ഉണ്ടാവുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അമല ആശുപത്രിയിലും, പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ച് തീവ്രപരിചരണവും ചികിത്സയും നൽകി. അണുബാധ ഗുരുതരമായതിനാൽ തുടർ ശസ്ത്രക്രിയകളും ചികിത്സകളും ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തുടർന്നാണ് കുഞ്ഞിന്റെ കുടുംബം നീതിതേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കേസിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെയും ഹെൽത്ത് വിജിലൻസിന്റെയും നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ആശുപത്രിയുടെയും ഡോക്ടറുടെയും ഭാഗത്തുനിന്ന് കടുത്ത വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയിരുന്നു.
വൈദ്യുതി ഉപഭോഗം ഉയരുന്നു: ഇന്ന് മുതൽ ജനങ്ങൾ ഇരുട്ടിലാണ്
ഇത്തരം ശസ്ത്രക്രിയകൾക്ക് ആവശ്യമായ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഈ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഇത്തരം കാര്യങ്ങളിൽ ആവശ്യത്തിന് പരിചയസമ്പത്ത് ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
കോടതി വിധിച്ച 50 ലക്ഷം രൂപയിൽ, 25 ലക്ഷം രൂപ കുഞ്ഞും കുടുംബവും അനുഭവിച്ച ദുരിതത്തിനും മാനസിക വിഷമങ്ങൾക്കും ഉള്ള നഷ്ടപരിഹാരമായാണ്. ബാക്കി 25 ലക്ഷം രൂപ കുഞ്ഞിന്റെ തുടർചികിത്സകൾക്കായി വേണ്ടിവരുന്ന ചിലവുകൾ മുൻനിർത്തിയുമാണ് അനുവദിച്ചിരിക്കുന്നത്.
ഒരു മാസത്തിനകം ഈ തുക കൈമാറണമെന്നാണ് ഉത്തരവിലുള്ളത്. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ, കേസ് ഫയൽ ചെയ്ത ദിവസം മുതൽ 9 ശതമാനം പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.


കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; എറണാകുളം പൊലീസിന് നിർദേശം നൽകി ഹൈക്കോടതി, പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകണം







