കൊച്ചി: വീണ്ടും ചർച്ചയായി നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് വിവാദം. വർഷങ്ങൾക്ക് മുമ്പ് നിയമപരമായും പൊതുസമൂഹത്തിലും ഏറെ ചർച്ചയായ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്.തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനക്കൊമ്പുകൾ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹൻലാൽ അറിയിച്ചു.
നേരത്തെ മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2015ലും 2016ലും ഇത് മോഹൻലാലിന് കൈവശം സൂക്ഷിക്കാനായി അധികാരപ്പെടുത്തി ഉത്തരവിറക്കുകയും പിന്നീട് വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. ഇതാണ് കോടതി നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ആ നിയമനടപടികള്‍ ഹൈക്കോടതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് വനംവകുപ്പിന്റെ പദ്ധതിയിൽ കൂടുതൽ ആനക്കൊമ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്. ഇതോടെ 5 ജോഡി ആനക്കൊമ്പുകളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.
കൂടാതെ ആനക്കൊമ്പിൽ തീര്‍ത്ത 13 ശിൽപങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇവയെല്ലാം തനിക്ക് സമ്മാനമായി ലഭിച്ചതെന്നാണ് നടന്റെ വിശദീകരണം. എന്നാൽ ഇതിൽ ചില നിയമപ്രശ്നങ്ങളുണ്ട്. ആനക്കൊമ്പുകള്‍ പാരമ്പര്യമായി, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി സൂക്ഷിക്കുകയല്ലാതെ അത് സമ്മാനമായി സ്വീകരിക്കരുത് എന്നാണ് വനംനിയമത്തിൽ പറയുന്നത്. ഈ ആനക്കൊമ്പുകളെല്ലാം വനംവകുപ്പ് കൃത്യമായി പരിശോധിക്കണം. ഇപ്പോള്‍ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. ഡിഎൻഎ ടെസ്റ്റ് നടത്തി ഇവ ആറും, ആറ് ആനകളുടേതാണ് എന്ന് തെളിഞ്ഞാൽ കാര്യങ്ങള്‍ കൂടുതൽ സങ്കീര്‍ണമായേക്കാം. എത്രയും പെട്ടെന്ന് ഇവയുടെ വിശദാംശങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചതായി വനംവകുപ്പ് വ്യക്തമാക്കി.
കൊല്ലത്തെ കല്യാണം ഐസ്ക്രീമിൽ ‘കുളമായി’; വധു കുഴഞ്ഞുവീഴാൻ മാത്രം അവിടെയുണ്ടായത് ഇത്


ഏഴ് നോൺ-ഐ.പി.എസ് എസ്.പിമാർക്ക് സ്ഥലംമാറ്റം; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി







