നെന്മാറ ഇരട്ടക്കൊലപാതക കേസ് : നരാധപന് വധശിക്ഷയോ? ശിക്ഷാവിധി ഇന്ന്!

ചെന്താമര കേസിൽ വിധി പറയുന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു.
2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ടോടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും ആശുപത്രിയിൽ മരിച്ചു.
ഈ കേസിൽ ശ്രദ്ധേയമായ കാര്യം, സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത് എന്നതാണ്. സജിത വധക്കേസിൽ 2025 ഒക്ടോബർ 18ന് ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് പോത്തുണ്ടിയിൽ തുടർന്നതും പോലീസ് നടപടിയെടുക്കാതിരുന്നതും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
2026 ഫെബ്രുവരി 23ന് ആരംഭിച്ച വിചാരണയിൽ 81 സാക്ഷികളിൽ 46 പേരുടെ മൊഴി കോടതി രേഖപ്പെടുത്തി. മുപ്പതിലധികം രേഖകളും ഫൊറൻസിക് തെളിവുകളും കോടതിക്ക് മുന്നിലെത്തി. ബി.എൻ.എസ് 103(1), 126(2) വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ “എന്തെങ്കിലും പറയാനുണ്ടോ” എന്ന ജഡ്ജിയുടെ ചോദ്യത്തിന് “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്നായിരുന്നു ചെന്താമരയുടെ കൂസലില്ലാത്ത മറുപടി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.
സുധാകരന്റെ മക്കളായ അതുല്യയും അഖിലയും ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്നും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചത്തെ കുറ്റവിധിയെ സ്വാഗതം ചെയ്ത കുടുംബം പരമാവധി ശിക്ഷ വേണമെന്ന ആവശ്യം ആവർത്തിച്ചു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.