എസ്. നിരഞ്ജൻ
തിരുവനന്തപുരം: ലോകം കണ്ട മികച്ച രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ വെല്ലുന്നതായിരുന്നു കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇതിഹാസ താരം ആര്‍.ബാലകൃഷ്ണപിള്ളയുടെ മക്കള്‍ തമ്മിലുള്ള സ്വത്തിനായുള്ള പോര് മികച്ച സിനിമാ ത്രില്ലര്‍ പോലെ അത് അവസാനിക്കുന്നു. ഈ തർക്കം അവസാനിപ്പിക്കാന്‍ സിനിമാ തിരക്കഥയിൽ കാണുന്നത് പോലെ നായകന്റെ സുഹൃത്ത് അവതരിക്കുന്നു. ദൈവം നേരിട്ട് വന്നിറങ്ങി മധ്യസ്ഥത വഹിച്ചാല്‍ പോലും തീരാത്ത, അത്രയും കലുഷിതമായ ഒസ്യത്ത് തര്‍ക്കം രമ്യമായി ഗണേഷ്‌കുമാറിന്റെ ഉറ്റ സുഹൃത്ത് ദേവി ഫാര്‍മ ഉടമയും ശതകോടിശ്വരനുമായ കെ.എസ്.ബാലഗോപാല്‍ തീർക്കുന്നു. കിസിഞ്ചറിന്റെ റോളില്‍ മധ്യസ്ഥത വഹിച്ച ബാലഗോപാലിന്റെ ഈ കഥയിലെ റോളും വല്ലാത്ത കഥയായി മാറുന്നു. മുൻ മന്ത്രി ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എക്കാലത്തും ഒപ്പം കൈപിടിച്ച് നിൽക്കുന്ന ആളാണ് ബാലഗോപാൽ.
ഒടുവിൽ നല്ല അടിപൊളി സിനിമ പോലെ ജനം കണ്ട ,ആ അടി പടത്തില്‍ ശത്രുക്കളെ പോലെ പരസ്പരം പോരടിച്ച കുടുംബാംഗങ്ങൾ ഒന്നായി തീരുന്നു.രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒരു വലിയ ‘കുടുംബ അടിയന്തരാവസ്ഥ’യ്ക്കാണ് തിരശ്ശീലയാകുന്ന വാർത്തയാണ് മംഗളം ടിവി പുറത്തു വിടുന്നത്.
കേരള രാഷ്ട്രീയത്തെയും സിനിമാ ലോകത്തെയും വര്‍ഷങ്ങളായി പിടിച്ചുകുലുക്കിയ ആ വമ്പന്‍ കുടുംബപ്പേരിന് ഒടുവില്‍ ശുഭപര്യവസാനം! അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെയും ഒസ്യത്തിനെയും ചൊല്ലി മക്കളായ കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷ മോഹന്‍ദാസും തമ്മില്‍ നിലനിന്നിരുന്ന കടുത്ത നിയമപോരാട്ടമാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നത്.
കൊട്ടാരക്കര കോടതിയെയും രാഷ്ട്രീയ അണിയറകളെയും മാസങ്ങളോളം ചൂടുപിടിപ്പിച്ച കേസ് ഒത്തുതീര്‍പ്പായെന്ന നാടകീയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഗണേഷ് കുമാറിന് രാഷ്ട്രീയമായും വ്യക്തിപരമായും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ നീക്കം. മറ്റൊരു സഹോദരിയായ ബിന്ദു ബാലകൃഷ്ണനും ഈ ഒത്തുതീര്‍പ്പ് ഫോര്‍മുലയോട് പൂര്‍ണ്ണമായി സഹകരിച്ചു.
ആര്‍ക്കും വഴങ്ങാതെ നിന്ന ഈ കടുത്ത കുടുംബ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കിയത് ഗണേഷ് കുമാറിന്റെ ആത്മസുഹൃത്തും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ ‘ദേവി ഫാര്‍മ’ കെ.എസ്. ബാലഗോപാലാണ്. ഇരുവിഭാഗത്തിനും ഒരുപോലെ സ്വീകാര്യനായ ബാലഗോപാല്‍ നടത്തിയ അണിയറ നീക്കങ്ങളാണ് കോടികളുടെ ആസ്തിയുള്ള സ്വത്തുതര്‍ക്കം പരിഹാരത്തിലേക്ക് എത്തിച്ചത്. ‘അതി കഠിനമായ അദ്ധ്വാനം ദൈവാധീനത്തോടെ സന്തോഷമായി നിര്‍വഹിക്കുകയായിരുന്നു’ എന്നാണ് ഒത്തുതീര്‍പ്പിനെക്കുറിച്ച് ബാലഗോപാല്‍ മംഗളം ടിവിയോട് പ്രതികരിച്ചത്. തിരുവനന്തപുരത്തെ ഒരു പ്രമുഖ അഭിഭാഷകനും ഈ വിട്ടുവീഴ്ചാ ചര്‍ച്ചകളില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
ബാലകൃഷ്ണപിള്ളയുടെ മരണശേഷമാണ് കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, വില്‍പത്രങ്ങള്‍, സ്‌കൂള്‍ ട്രസ്റ്റുകള്‍ എന്നിവയെ ചൊല്ലി ഗണേഷ് കുമാറും സഹോദരി ഉഷ മോഹന്‍ദാസും തമ്മില്‍ പരസ്യമായ പോര് ആരംഭിക്കുന്നത്. പിള്ള എഴുതിവെച്ച ഒസ്യത്തില്‍ തനിക്ക് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നും, വാളകം സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കോടികളുടെ സ്വത്തുക്കള്‍ ഗണേഷ് കുമാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ഉഷ മോഹന്‍ദാസിന്റെ പ്രധാന ആരോപണം. സ്വത്ത് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ഉഷ കൊട്ടാരക്കര കോടതിയെ സമീപിച്ചതോടെയാണ് പോര് മുറുകിയത്.
ഈ തര്‍ക്കം കാരണം വ്യക്തിപരമായും രാഷ്ട്രീയമായും വലിയ കഷ്ടനഷ്ടങ്ങളും അപമാനങ്ങളുമാണ് കഴിഞ്ഞ കാലങ്ങളില്‍ ഗണേഷ് കുമാറിന് സഹിക്കേണ്ടി വന്നത്. ഒസ്യത്തിലെ ഒപ്പ് വ്യാജമാണെന്ന തരത്തില്‍ വരെ അക്കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ഒസ്യത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പ് വ്യാജമല്ലെന്ന് തെളിയുകയും ഗണേഷിന് അനുകൂലമായ സാഹചര്യം ഒരുങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ഇപ്പോള്‍ കോടതിക്ക് പുറത്തുള്ള നാടകീയ ഒത്തുതീര്‍പ്പ്.
ഈ കുടുംബ തര്‍ക്കം വെറുമൊരു വീട്ടുപ്രശ്നമായി ഒതുങ്ങിയിരുന്നില്ല. ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) യുടെ ആഭ്യന്തര ജനാധിപത്യത്തെപ്പോലും ഇത് ബാധിച്ചിരുന്നു. ഉഷ മോഹന്‍ദാസിനെ അനുകൂലിക്കുന്ന ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഗണേഷ് കുമാറിനെതിരെ പരസ്യമായി പടയൊരുക്കം നടത്തുകയും ഭാരവാഹിത്വത്തിനായി അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. കേസ് നീണ്ടുപോയാല്‍ എല്ലാർക്കും ദുഃഖം മാത്രമാകുക കിട്ടുക എന്ന തിരിച്ചറിവും പുതിയ നീക്കത്തിന് പ്രേരകമായി.രണ്ടു മാസമായി അതീവ രഹസ്യമായാണ് തിരുവനന്തപുരത്തും കൊട്ടാരക്കരയിലുമായി ചര്‍ച്ചകള്‍ പുരോഗമിച്ചത്. പലതവണ ഇരുവിഭാഗത്തെയും നേരില്‍ കണ്ടും ഫോണ്‍ വഴിയും ബാലഗോപാല്‍ സംസാരിച്ചു. ഒടുവില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ കേസ് ഒത്തുതീര്‍പ്പാവുകയാണെന്ന സംയുക്ത റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്‍ വഴി കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കോടതിയുടെ അടുത്ത സിറ്റിംഗില്‍ കേസിന്റെ ഭാവി അറിയാം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
ഒളിമ്പിക്സ് സ്വപ്നങ്ങളും കുന്നുകൂടുന്ന മാലിന്യവും: തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിസന്ധി രൂക്ഷം
ഒളിമ്പിക്സ് സ്വപ്നങ്ങളും കുന്നുകൂടുന്ന മാലിന്യവും: തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിസന്ധി രൂക്ഷം









