ദാതിയയിൽ നരോത്തം മിശ്രയെ വെട്ടി ബി.ജെ.പി! പ്രകോപിതരായി അണികൾ; പാർട്ടി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ വ്യാപക അക്രമം. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ ബി.ജെ.പി നേതാവും നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികൾ തെരുവ് യുദ്ധം അഴിച്ചുവിട്ടു. പ്രധാന ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ച ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമത്തിൽ ദാതിയ എസ്.പി മയൂർ ഖണ്ഡേൽവാൽ ഉൾപ്പെടെ എട്ടോളം പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.

മുൻ കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെ തുടർന്നാണ് ദാതിയയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂലൈ 30-ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലത്തിൽ നരോത്തം മിശ്ര തന്നെ വീണ്ടും മത്സരരംഗത്തിറങ്ങുമെന്നാണ് പ്രാദേശിക നേതൃത്വവും അണികളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബി.ജെ.പി കേന്ദ്ര നേതൃത്വം അപ്രതീക്ഷിതമായി അശുതോഷ് തിവാരിയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വരെ തയാറെടുപ്പുകൾ നടത്തിയിരുന്ന മിശ്രയുടെ അനുയായികൾ ഈ തീരുമാനത്തോടെ പൂർണ്ണമായും പ്രകോപിതരാവുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 5:30 ഓടെ മൂവായിരത്തിലധികം വരുന്ന ബി.ജെ.പി പ്രവർത്തകർ ദാതിയ, ഝാൻസി, ഗ്വാളിയോർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ദേശീയപാത 44 ഉപരോധിച്ചു. ശനിയാഴ്ച പുലർച്ചെ വരെ ഏകദേശം 12 മണിക്കൂറോളം നീണ്ടുനിന്ന ഉപരോധം മൂലം ഹൈവേയിൽ 25 കിലോമീറ്ററോളം നീളത്തിൽ വൻ വാഹനക്കുരുക്ക് രൂപപ്പെട്ടു. ആംബുലൻസുകളും ദീർഘദൂര ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ജില്ലാ കളക്ടറുടെയും എസ്.പിയുടെയും നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല.

തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചതോടെ ജനക്കൂട്ടം അക്രമാസക്തരാവുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കുകളുടെ ചില്ലുകൾ തകർത്ത അക്രമികൾ പൊലീസ് വാഹനങ്ങളും തകിടം മറിച്ചു. പിന്നീട് പൊലീസ് വലിയ രീതിയിൽ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിലവിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ദാതിയയിലെ ബി.ജെ.പിയിൽ കൂട്ടരാജിയും ആരംഭിച്ചിട്ടുണ്ട്. ജില്ലാ അധ്യക്ഷൻ രഘുവീർ സിംഗ് കുശ്വാഹയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ ഭാരവാഹികളും പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. 24 മണിക്കൂറിനുള്ളിൽ തീരുമാനം തിരുത്തിയില്ലെങ്കിൽ പ്രാഥമിക അംഗത്വം രാജിവെക്കുമെന്നാണ് ഇവരുടെ ഭീഷണി. എന്നാൽ, പ്രവർത്തകർ സമാധാനം പാലിക്കണമെന്നും പാർട്ടിയുടെ അച്ചടക്കം ലംഘിക്കരുതെന്നും നരോത്തം മിശ്ര അഭ്യർത്ഥിച്ചു. പുതിയ സ്ഥാനാർത്ഥി അശുതോഷ് തിവാരി നരോത്തം മിശ്രയെ നേരിട്ട് കണ്ട് പിന്തുണ തേടിയിട്ടുണ്ടെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോഴും കലുഷിതമായി തുടരുകയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.