ലണ്ടൻ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും നിർണ്ണായക സാന്നിധ്യമായ സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് രംഗത്ത്. പ്രമുഖ കായിക മാധ്യമമായ ‘ക്രിക്ബസിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ സഞ്ജു സാംസൺ ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ റൺസ് കണ്ടെത്താനാകാതെ സഞ്ജു ബുദ്ധിമുട്ടിയതോടെ, സോഷ്യൽ മീഡിയയിലടക്കം താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. സഞ്ജുവിനെ മാറ്റി യുവതാരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി ടീമിലെത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജുവിന് പിന്തുണച്ചുകൊണ്ട് കാർത്തിക് എത്തിയത്.
ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സഞ്ജു നിർണ്ണായക പങ്കുവഹിച്ചിരുന്നുവെന്ന് ദിനേശ് കാർത്തിക് ഓർമ്മിപ്പിച്ചു. ആ ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ കൂടിയായിരുന്നു അദ്ദേഹം. ലോകകപ്പ് പോലൊരു വലിയ വേദിയിൽ രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള പ്രകടനം പുറത്തെടുത്ത ഒരു കളിക്കാരനെ ഏതാനും മത്സരങ്ങളുടെ പേരിൽ വിലയിരുത്തരുതെന്നാണ് കാർത്തിക്ക് പറഞ്ഞത്. അനാവശ്യ സമ്മർദ്ദം ചെലുത്തി ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കുന്നത് പ്രതിഭയുള്ള ഒരു കളിക്കാരന്റെ ആത്മവിശ്വാസത്തെ തകർക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്പെയിനിന് ലോക റെക്കോർഡ് : ഒരു ഗോൾ പോലും വഴങ്ങാതെ 609 മിനിറ്റുകൾ
വൈഭവ് മികച്ച പ്രതിഭയാണെന്നതിൽ തർക്കമില്ല. എന്നാൽ ഇന്ത്യൻ സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ താരം ഇനിയും അല്പം കൂടി കാത്തിരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാൻ വൈഭവിന് കൂടുതൽ പരിചയസമ്പത്ത് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ യുവതാരത്തെ പെട്ടെന്ന് വലിയ വേദിയിലേക്ക് എത്തിച്ച് സമ്മർദ്ദത്തിലാക്കുന്നതിനേക്കാൾ നല്ലത് ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ നൽകി വളർത്തിയെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നിലവിലെ സാഹചര്യത്തിൽ സഞ്ജു സാംസണെപ്പോലൊരു പരിചയസമ്പന്നനായ കളിക്കാരന് ആവശ്യമായ പിന്തുണയും കൂടുതൽ അവസരങ്ങളും നൽകി ഒപ്പം നിർത്തുകയാണ് ടീം മാനേജ്‌മെന്റ് ചെയ്യേണ്ടത്. സഞ്ജുവിന്റെ സ്വാഭാവികമായ ഗെയിം പുറത്തെടുക്കാൻ അദ്ദേഹത്തിന് മാനസികമായ പിന്തുണയാണ് ഇപ്പോൾ ആവശ്യം. ടി20 ക്രിക്കറ്റിന്റെ ഫോർമാറ്റിൽ ഏത് നിമിഷവും മത്സരഗതി മാറ്റാൻ ശേഷിയുള്ള താരമാണ് സഞ്ജു. ഇന്ത്യയ്ക്കായി മുൻപ് മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെപ്പോലൊരു കളിക്കാരനെ ടീം മാനേജ്‌മെന്റ് തീർച്ചയായും പിന്തുണയ്ക്കുമെന്നാണ് താൻ കരുതുന്നതെന്നും ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.


ലോകകപ്പിൽ ജർമനിയെ മുട്ടുകുത്തിച്ചു; പരാഗ്വേയിൽ ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്







