ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി നിർമിതബുദ്ധി (എഐ) കമ്പനിയായ ഓപ്പൺഎഐ. ഊബർ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായിരുന്ന പ്രഭ്ജീത് സിങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ മാനേജിങ് ഡയറക്ടറായി സാം ഓൾട്ട്മാന്റെ കമ്പനി നിയമിച്ചു. അമേരിക്കയ്ക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയായാണ് ഓപ്പൺഎഐ ഇന്ത്യയെ കാണുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഊബറിൽ നിന്ന് രാജി പ്രഖ്യാപിച്ച സിങ് സെപ്റ്റംബറിൽ ഓപ്പൺഎഐയിൽ ചേരും. ഏഷ്യ പസഫിക് റീജിയണിലെ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കിരൺ മാനിക്ക് കീഴിലാകും അദ്ദേഹത്തിന്റെ പ്രവർത്തനം. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വളർച്ച, സ്വീകാര്യത, പങ്കാളിത്തം, ഇടപെടലുകൾ എന്നിവയ്ക്കെല്ലാം അദ്ദേഹം നേതൃത്വം കൊടുക്കും .
കഴിഞ്ഞ ഓഗസ്റ്റിൽ കമ്പനി ന്യൂഡൽഹിയിൽ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറന്നിരുന്നു. മുംബൈയിലും ബെംഗളൂരുവിലും പുതിയ ഓഫീസുകൾ തുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രൂകോളറിന്റെയും മെറ്റയുടെയും മുൻ എക്സിക്യൂട്ടീവ് ആയിരുന്ന പ്രഗ്യ മിശ്രയെ 2024-ൽ പബ്ലിക് പോളിസി, പാർട്ണർഷിപ്പ് തലവനായി കമ്പനി നിയമിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പദവി സ്ട്രാറ്റജി, ഗ്ലോബൽ അഫയേഴ്സ് മേധാവി എന്ന വിലയിലേക്ക് ഉയർത്തി. ട്വിറ്റർ ഇന്ത്യ മുൻ മേധാവി ഋഷി ജെയ്റ്റ്ലിയെ മുതിർന്ന ഉപദേഷ്ടാവായി ഓപ്പൺഎഐ നേരത്തെ നിയമിച്ചിരുന്നു.
ഇന്ത്യയിൽ ചാറ്റ്ജിപിടിയുടെ അതിവേഗം വർധിച്ചുവരുന്ന സ്വീകാര്യതയെ വിപണിയുടെ പ്രാധാന്യത്തിന്റെ സൂചനയായി ഓപ്പൺഎഐ കണക്കാക്കുന്നു. ഇന്ത്യയിൽ നിയമനങ്ങളും കമ്പനി കാര്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. എഐ ഡിപ്ലോയ്മെന്റ് എൻജിനീയർമാർ, ഡെവലപ്പർ എക്സ്പീരിയൻസ് എൻജിനീയർമാർ, ഡെവലപ്പർ മാർക്കറ്റിങ് ലീഡ്, പാർട്ണർ ഡയറക്ടർ, സൊല്യൂഷൻസ് എഞ്ചിനീയർമാർ മുതലായ ഒഴിവുകളിലാണ് നിയമനം.
ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രത്തിൽ പുതിയ അധ്യായം; യുറേനിയം ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഒരുങ്ങുന്നു
ഓപ്പൺഎഐയുടെ എതിരാളിയായ അന്ത്രോപിക് 2025-ന്റെ അവസാനത്തിൽ ബെംഗളൂരുവിൽ ഇന്ത്യ ഓഫീസ് തുറക്കുകയും മൈക്രോസോഫ്റ്റ് ഇന്ത്യ മുൻ മാനേജിംഗ് ഡയറക്ടർ ഐറിന ഘോസിനെ ഇന്ത്യ മേധാവിയായി നിയമിക്കുകയും ചെയ്തു .


നിർബന്ധിത തൊഴിലും താരിഫും: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം, ആഗോള വ്യാപാരത്തിൽ പുതിയ ചർച്ചകൾ







