വിജയ്–തൃഷ പരാമർശത്തിൽ പൊട്ടിത്തെറിച്ച് തമിഴ്നാട് രാഷ്ട്രീയം; പ്രതിഷേധം ശക്തമായതിന് പിന്നാലെ ഉദയനിധി സ്റ്റാലിന് തിരിച്ചടി, കേസും പൊലീസ് നടപടിയും

ഉദയനിധി സ്റ്റാലിൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം
ചെന്നൈ : കഴിഞ്ഞ ദിവസം നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സ്റ്റാലിന്റെ പരാമർശം ഉണ്ടായത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തി.
തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വച്ചാണ് കഴിഞ്ഞ ദിവസം വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല പരാമർശം ഉന്നയിച്ചത്. പ്രസംഗത്തിനു പിന്നാലെ ടിവികെയുൾപ്പടെയുള്ള പാർട്ടികൾ ഉദയനിധിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.
ഇതേ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധമാണ് ടിവികെ നേതാക്കൾ ഇന്ന് ആഹ്വാനം ചെയ്തത്. ഇതിനുപിന്നാലെ ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസിലും ദേശീയ വനിത കമ്മിഷനിലും പരാതി എത്തി. ടിവികെ വനിത വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഭൈരവിയാണ് ദേശീയ വനിത കമ്മിഷനിൽ പരാതി നൽകിയത്.
കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിർത്തിയ ശേഷം ഉദയനിധി നടത്തിയ പരാമർശമാണ് നിലവിലെ വിവാദം. ഉടൻതന്നെ ദ്വയാർഥ പ്രയോഗത്തിന് ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനമുയർന്നു. ‘അറപ്പുളവാക്കുന്ന’ പരാമർശം എന്നാണ് ടിവികെ എംഎൽഎ രേവന്ത് ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചത്.
‘അങ്ങേയറ്റം അറപ്പുളവാക്കുന്ന പരാമർശമാണിത്. ആർക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല. പരാമർശം അക്കൂട്ടരുടെ മനോഭാവവും രാഷ്ട്രീയ സംസ്കാരവും നിലവാരത്തകർച്ചയും വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ഏറ്റവും തരംതാണ പ്രവൃത്തിയാണ്.’ എന്ന് രേവന്ത് ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചു.
സ്റ്റാലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടിരുന്നു. ‘തഞ്ചാവൂരിൽ മുഖ്യമന്ത്രി വിജയ്‌യെയും തൃഷയെയും കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പ്രയോഗം അറപ്പുളവാക്കുന്നതും അശ്ലീലവും മ്ലേച്ഛവും ലജ്ജാകരവുമാണ്. അമ്മയും ഭാര്യയും മകളുമുള്ള ഒരു വ്യക്തിയും ഇത്രയും നീചമായി സംസാരിക്കില്ല. ഇത്തരത്തിൽ സംസാരിക്കുന്നവരോട് ഒരു അമ്മയും ഭാര്യയും മകളും ക്ഷമിക്കുകയുമില്ല. എന്നാൽ, ‘ദ്രാവിഡ മോഡൽ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പരസ്യമായി ഇങ്ങനെ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കണ്ടുനിൽക്കുന്നു എന്നത് ലജ്ജാകരമാണ്’  എന്നായിരുന്നു നാരായണൻ തിരുപ്പതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.