ശബരിമല: അയ്യപ്പസ്വാമിയുടെ പുണ്യഭൂമിയില്‍ ദേവസ്വം ബോര്‍ഡിന്റെ പെട്രോള്‍ പമ്പിന്റെ മറവില്‍ നടന്നത് സമാനതകളില്ലാത്ത അഴിമതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നിലയ്ക്കലിലും പമ്പയിലും പ്രവര്‍ത്തിക്കുന്ന ‘സ്വാമി അയ്യപ്പ ഫ്യുവല്‍സ്’ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടന്നത് 20 കോടിയോളം രൂപയുടെ കൂറ്റന്‍ സാമ്പത്തിക തട്ടിപ്പെന്ന് പുതിയ കണ്ടെത്തല്‍. മുന്‍പ് ഹൈക്കോടതി ഇടപെടലിലൂടെ പുറത്തുവന്ന 40 ലക്ഷം രൂപയുടെ ക്രമക്കേട് വന്‍ അഴിമതിയുടെ ചെറിയൊരു അഗ്രം മാത്രമായിരുന്നുവെന്നാണ് വിപുലമായ അന്വേഷണത്തിലും പരിശോധനയിലും ഇപ്പോള്‍ തെളിയുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും ശബരിമലയിലേക്ക് ചരക്കു സര്‍വീസ് നടത്തുന്ന ട്രാക്ടറുകള്‍ക്കും ഇന്ധനം നിറയ്ക്കുക എന്ന വിശുദ്ധമായ ലക്ഷ്യത്തോടെയാണ് ഈ പമ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍ വിശുദ്ധിയുടെ കേന്ദ്രമായ ശബരിമലയുടെ പേരില്‍ ഉയര്‍ന്ന ഈ സ്ഥാപനങ്ങള്‍, ഉന്നതരുടെ ഒത്താശയോടെയുള്ള അടിമുടി അഴിമതികേന്ദ്രമായി മാറുകയായിരുന്നു. ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തിലെ ഏതോ ‘വമ്പന്‍ സ്രാവിന്റെ’ ആസൂത്രിത കുബുദ്ധിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സൂചനകളാണ് പുറത്തുവരുന്നത്. പമ്പുകളിലെ കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് സംവിധാനങ്ങളിലെയും രജിസ്റ്ററുകളിലെയും വിടവുകള്‍ മുതലെടുത്തായിരുന്നു തട്ടിപ്പിന്റെ വിപുലീകരണം. വാഹനങ്ങളില്‍ പെട്രോളോ ഡീസലോ അടിക്കാതെ തന്നെ പണം വകമാറ്റി എടുത്തതായി പുതിയ അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിനേക്കാള്‍ ഗുരുതരം, ശബരിമല ഡ്യൂട്ടിക്കായി എത്തുന്ന സര്‍ക്കാര്‍ വകുപ്പുകളുടെയും പോലീസ്, അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെയും വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയെന്ന് വ്യാജ രേഖ ചമച്ചുള്ള അഴിമതിയാണ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കടമായി ഇന്ധനം നല്‍കിയെന്ന പേരില്‍ വ്യാജമായി ഉയര്‍ന്ന തുക എഴുതിച്ചേര്‍ക്കുകയും, പിന്നീട് ബോര്‍ഡില്‍ നിന്ന് ഈ തുക കൈപ്പറ്റി വിഴുങ്ങുകയുമായിരുന്നു. കേവലം ജീവനക്കാരുടെ മാത്രം തലച്ചോറില്‍ ഉദിക്കുന്ന തിരിമറിയല്ല ഇതെന്ന് ഉറപ്പാണ്. പമ്പിലെ ഇന്ധന അളവുകളിലെ തട്ടിപ്പിന് പുറമേ, വ്യാജ ബില്ലിംഗ് ശൃംഖല തന്നെ ഈ തട്ടിപ്പിനായി പമ്പിലും നിലയ്ക്കലിലും പ്രവര്‍ത്തിച്ചിരുന്നതായി വ്യക്തമാകുന്നു. നേരത്തെ ഈ കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി നടത്തിയ ദീര്‍ഘവീക്ഷണത്തോടെയുള്ള നിരീക്ഷണം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് രാജ വിജയരാഘവന് വി., ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിഷയം പരിഗണിച്ചപ്പോള്‍, ‘ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പ് ഒരു വലിയ അഴിമതി മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാം’ എന്ന് പ്രത്യേകം അടിവരയിട്ടിരുന്നു. ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ മേല്‍നോട്ട വീഴ്ചയെയും അന്ന് കോടതി കടന്നാക്രമിച്ചിരുന്നു.

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സമര്‍പ്പിച്ച അടിയന്തര ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഹൈക്കോടതി അടിയന്തര നടപടിക്ക് ഉത്തരവിട്ടത്. എന്നാല്‍ അന്ന് പുറത്തുവന്നത് കേവലം 40 ലക്ഷത്തിന്റെ ക്രമക്കേട് മാത്രമായിരുന്നു. തുടര്‍ന്ന് നടത്തിയ ആഴത്തിലുള്ള പരിശോധനകളിലാണ് കോടികളുടെ മോഷണം ഒളിഞ്ഞിരുന്ന രഹസ്യം പുറത്തായത്. സ്വകാര്യ മേഖലയിലെ ഒരു ചെറിയ പമ്പില്‍ പോലും ഡിജിറ്റല്‍ ബില്ലിംഗും ബാങ്ക് കണക്കെഴുത്തുകളും നിര്‍ബന്ധമായിരിക്കെ, കോടികളുടെ ഇടപാട് നടക്കുന്ന ശബരിമലയിലെ പമ്പുകളില്‍ ഔദ്യോഗിക ബുക്കുകള്‍ക്ക് പകരം ഒരു സാധാരണ നോട്ടുബുക്കിലായിരുന്നു പ്രതിദിന വില്‍പ്പന രേഖപ്പെടുത്തിയിരുന്നത്! സ്റ്റോക്ക് രജിസ്റ്ററുകളില്‍ മാസങ്ങളോളം വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, വില്‍പ്പന രജിസ്റ്റര്‍ ഇല്ലാതിരിക്കുക തുടങ്ങിയ വിചിത്രമായ രീതികളാണ് ഇവിടെ പിന്തുടര്ന്നത്.
ഡിജിറ്റലൈസേഷന് ബോധപൂര്‍വ്വം ഒഴിവാക്കി അരാജകത്വം സൃഷ്ടിച്ചത് തട്ടിപ്പുകാര്‍ക്ക് കളമൊരുക്കാനായിരുന്നുവെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനി നടത്തിയ പരിശോധനയിലാണ് ഡിജിറ്റല്‍ റീഡിംഗും രജിസ്റ്ററിലെ കണക്കുകളും തമ്മിലുള്ള വന്‍ വ്യത്യാസം ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിലാണ് വര്‍ഷങ്ങളായി നടന്നുവന്ന ശതകോടികളുടെ കൃത്രിമം വെളിച്ചത്തായത്. 40 ലക്ഷത്തിന്റെ തട്ടിപ്പ് ആദ്യം പിടിക്കപ്പെട്ടപ്പോള്‍, ക്രമക്കേട് നടത്തിയ ചില താഴ്ന്ന നിലയിലുള്ള ജീവനക്കാര്‍ക്കെതിരെ ബോര്‍ഡ് അച്ചടക്ക നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ സാമ്പത്തിക ബാധ്യതയായി വന്ന 40 ലക്ഷം രൂപ ബോര്‍ഡിലേക്ക് തിരികെ അടച്ച് കേസുകളില്‍ നിന്നും നടപടികളില്‍ നിന്നും നിശബ്ദമായി തലയൂരി. അന്ന് വിഷയത്തെ അവിടെ അവസാനിപ്പിക്കാനാണ് ബോര്‍ഡ് അധികൃതരും ശ്രമിച്ചത്. പക്ഷേ ദേവസ്വം വിജിലന്‍സ് എസ് പി വീണ്ടും പരിശോധനയും അന്വേഷണവും നടത്തുകയായിരുന്നു.
40 ലക്ഷം രൂപ അത്ര പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ ജീവനക്കാര്‍ കാണിച്ച ധൃതി തന്നെ സംശയങ്ങള്‍ക്ക് വഴിവെച്ചു. വന്‍ അഴിമതി ശൃംഖല പുറത്തുവരാതിരിക്കാനും ‘വമ്പന്‍ സ്രാവുകളിലേക്ക്’ അന്വേഷണം എത്താതിരിക്കാനുമുള്ള മുന്‍കൂര്‍ ജാമ്യമായിരുന്നു ആ തുക തിരിച്ചടയ്ക്കല്‍ എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ഉന്നതരുടെ സാമ്പത്തിക സംരക്ഷണം ഈ താഴ്ന്ന ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു എന്നതിന് തെളിവാണിത്. 2015-ല്‍ തന്നെ ദേവസ്വം സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വത്കരിക്കാന്‍ ഹൈക്കോടതി വിധിയിലൂടെ നിര്‍ദ്ദേശിച്ചിരുന്നതാണ്. 2023-ല്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് 9.73 കോടി രൂപ ചെലവില്‍ സോഫ്റ്റ്വെയര് പദ്ധതി ആരംഭിച്ചെങ്കിലും തര്‍ക്കങ്ങള്‍ ഉന്നയിച്ച് അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ബദല്‍ സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തയ്യാറായതുമില്ല.
വിവരസാങ്കേതിക വിദ്യ വകുപ്പിന്റെയും സ്പെഷ്യല്‍ കമ്മീഷണറുടെയും നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് പൂര്‍ണ്ണമായി അവഗണിച്ചു. ഈ സാങ്കേതിക അവഗണന യാദൃശ്ചികമല്ലെന്നും, സാമ്പത്തിക ചോര്‍ച്ച തടസ്സമില്ലാതെ തുടരാന്‍ ബോര്‍ഡിനുള്ളിലെ ചില താല്പര്യക്കാര് ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാണെന്നും വ്യക്തമാണ്. തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലെ (1950) നിര്‍ണായക വകുപ്പുകളായ 3, 15എ, 24, 25 എന്നിവയുടെ നഗ്നമായ ലംഘനമാണ് പമ്പിലും നിലയ്ക്കലിലും നടന്നത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാനും സ്ഥാപനങ്ങള്‍ ശരിയായി പരിപാലിക്കാനും ബോര്‍ഡിന്റെ പണം സുരക്ഷിതമായി സൂക്ഷിക്കാനും സാമ്പത്തിക ചോര്‍ച്ച തടയാനും ബോര്‍ഡിന് നിയമപരമായ ബാധ്യതയുണ്ട്.
അയ്യപ്പ ഭക്തര്‍ നല്കുന്ന കാണിക്ക പണവും ദേവസ്വത്തിന്റെ വരുമാനവും ഉപയോഗിച്ച് നടത്തുന്ന സ്ഥാപനങ്ങളില്‍ സാങ്കേതിക വിദ്യയുടെ സുതാര്യത ബോധപൂര്‍വ്വം നിഷേധിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ഭക്തജന സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ദേവസ്വം ഭരണസമിതി പൂര്‍ണ്ണമായി പരാജയപ്പെട്ടു. ഇത്തരത്തിലുള്ള ആസൂത്രിത അഴിമതികള്‍ തടയാന്‍ തിരിമറികള്‍ നടത്താനാകാത്ത ആധുനിക ക്ലൗഡ് അധിഷ്ഠിത ആപ്പുകളും സോഫ്റ്റ്വെയറുകളും ഉടന്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരുമാനവും ചെലവും, ആന്തരിക ഓഡിറ്റ് വിവരങ്ങള്‍, ടെന്‍ഡറുകള്‍, മാനവവിഭവശേഷി എന്നിവയെല്ലാം ഡിജിറ്റലായി ബന്ധിപ്പിക്കണം. തത്സമയ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനം വന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള വന്‍ തട്ടിപ്പുകള്‍ തടയാനാകൂ.
പമ്പില്‍ 40 ലക്ഷത്തില്‍ നിന്ന് 20 കോടിയിലേക്ക് തട്ടിപ്പിന്റെ അളവ് ഉയര്‍ന്നതോടെ കേവലം താഴ്ന്ന ജീവനക്കാരെ മാത്രം പഴിചാരി ബോര്‍ഡിന് തടിയൂരാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി പമ്പയിലും നിലയ്ക്കലിലും ഘടനാപരമായി നടന്ന ഈ കൂറ്റന്‍ തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ‘വമ്പന്‍ സ്രാവുകളെ’ കണ്ടെത്താന്‍ വിജിലന്‍സിന്റെയോ പ്രത്യേക അന്വേഷണ സംഘത്തിന്റെയോ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്. അയ്യപ്പന്റെ തിരുസന്നിധിയില്‍ നടന്ന ഈ ശതകോടികളുടെ അഴിമതിക്ക് പിന്നിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ ദേവസ്വം ബോര്‍ഡിന് നഷ്ടപ്പെട്ട വിശ്വാസ്യതയും, ഭക്തരുടെ വിശ്വാസവും വീണ്ടെടുക്കാന്‍ സാധിക്കൂവെന്നതാണ് വസ്തുത.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർ സന്ദർശനം ഒഴിവാക്കണം; എട്ട് ജില്ലകളില്‍ ഇന്ന് അവധി







