സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാകുമെന്ന ഭീതിയിൽ കുടുംബങ്ങൾ വൻതോതിൽ സ്വർണം വിറ്റഴിക്കുന്നു. ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം 50,000 കിലോഗ്രാം (50 ടൺ) സ്വർണമാണ് ഏപ്രിൽ-ജൂൺ പാദത്തിൽ വിറ്റത്. മുൻ വർഷത്തേക്കാൾ 43 ശതമാനം കൂടുതലാണിത്.
സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് ഉയരമായ 1.20 ലക്ഷം നിലവാരത്തിലെത്തിയിരുന്നു. സ്വർണ വില ഇനിയും കുറഞ്ഞേക്കുമെന്ന ഭീതിയാണ് വില്പനയ്ക്ക് പിന്നിൽ. നിലവിൽ സംസ്ഥാനത്ത് പവന് 1.05 ലക്ഷം രൂപ നിലവാരത്തിലാണ് സ്വർണ വില.
പരമ്പരാഗത രീതിയിൽനിന്ന് മാറി സ്വർണത്തിന്റെ ലാഭസാധ്യത തിരിച്ചറിയാൻ തുടങ്ങിയെന്നതാണ് മാറ്റം. വിപണിയിലുണ്ടായേക്കാവുന്ന വിലയിടിവിന് മുമ്പായി കൈവശമുള്ള സ്വർണം വിറ്റ് ലാഭമെടുക്കാനുള്ള നീക്കമാണ് ഇപ്പോഴുള്ളത്. പഴയ സ്വർണം വാങ്ങി പുതിയത് വാങ്ങുന്നതിന് പകരം പണമാക്കിമാറ്റാനാണ് ഉപഭോക്താക്കൾക്ക് താത്പര്യം.
വജ്രാഭരണത്തിലേക്ക് പുതിയ തലമുറ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നതും മാറ്റത്തിന് കാരണമായി വിലയിരുത്തുന്നു. ജൻ സി, മില്ലേനിയൽസ് എന്നിവർക്ക് വജ്രാഭരണങ്ങളോടാണ് താത്പര്യം. പഴയ സ്വർണം നൽകി വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ.
രാജ്യത്തെ കുടുംബങ്ങളിൽ 30,000 ടണ്ണിലേറെ സ്വർണമുണ്ടെന്നാണ് കണക്ക്. മുൻ സാമ്പത്തിക വർഷം 72.4 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഇറക്കുമതി കുറയാൻ ഇടയാക്കും. വിദേശ നാണ്യശേഖരത്തിന് വലിയ ആശ്വാസമാണ് അതിലൂടെ ലഭിക്കുക. വ്യാപാര കമ്മി കുറയ്ക്കാനും സഹായിക്കും.
പുനരുപയോഗം ഇപ്രകാരം
2025 ലെ റീസൈക്ലിംഗ് അളവ്: 125-150 ടൺ.
2026-ലെ നിലവിലെ അനുമാനം: 200-250 ടൺ.


സ്ത്രീത്വത്തെ അപമാനിച്ച കേസില് നടന് വിനായകനെതിരെ മാവേലിക്കര പോലീസ് കേസെടുത്തു
വടകര എംഡിഎംഎ കേസ്: അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത് ഇൻസ്റ്റഗ്രാംവഴി; കീർത്തനയ്ക്കും കാവ്യയ്ക്കും പുറമെ കൂടുതൽ അധ്യാപകർ കുടുങ്ങും? വലവിരിച്ച് പൊലീസ്







