പെട്രോൾ വാഹന ഉടമകളിൽ അതൃപ്തി; സർവേ ഫലം ഇങ്ങനെ

 

ന്യൂഡൽഹി: പെട്രോൾ വാഹന ഉടമകൾക്കിടയിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് സർവേയിൽ  കണ്ടെത്തി.

പഴയ വാഹനങ്ങൾ ഓടിക്കുന്നവർക്കിടയിലാണ് അസംതൃപ്തി കൂടുതൽ പ്രകടമാവുന്നത്. രാജ്യത്തെ 316 ജില്ലകളിലെ 22,567 പെട്രോൾ വാഹന ഉടമകൾക്കിടയിലാണ് ലോക്കൽ സർക്കിൾസ് സർവേ നടത്തിയത്.

പ്രതികരിച്ചവരിൽ 53 ശതമാനം പേർ  E20 പെട്രോൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ റോഡ് ട്രാൻസ്‌പോർട്ട്‌,പെട്രോളിയം മന്ത്രാലയങ്ങളുടെ പ്രവർത്തനം ‘ദുരന്തപൂർണമോ’ ‘അപര്യാപ്തമോ’ ആണെന്ന് വിലയിരുത്തി.

2023-ന് മുമ്പ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ ഉടമകളിൽ 66 ശതമാനം പേരും വാഹനങ്ങളുടെ മൈലേജ് കുറഞ്ഞുവെന്ന് പറയുന്നു. E20 പെട്രോൾ ഉപയോഗിച്ച് തുടങ്ങിയശേഷം 10 ശതമാനം മൈലേജ് കുറഞ്ഞു എന്നാണ് അവർ പറയുന്നത്.

സർവേയിൽ പങ്കെടുത്ത 45 ശതമാനം പേർ യന്ത്രഭാഗങ്ങളുടെ തേയ്മാനം വർധിച്ചുവെന്നും അറ്റകുറ്റപ്പണി കാര്യമായി വർധിച്ചെന്നും പറയുന്നു.

കൂടുതൽ വില നൽകേണ്ടി വന്നാലും E0 അല്ലെങ്കിൽ E10 പെട്രോൾ വാങ്ങുന്നത് നല്ലതാണെന്ന് 2023-ന് മുമ്പുള്ള പെട്രോൾ വാഹന ഉടമകളിൽ ഏകദേശം 31 ശതമാനം പേരും  അഭിപ്രായപ്പെടുന്നു.

പെട്രോളിൽ എഥനോൾ കലർത്തുന്ന പരിപാടിയെ കേന്ദ്ര സർക്കാർ തുടർച്ചയായി ന്യായീകരിക്കുന്നതിനിടെയാണ് സർവ്വേ ഫലം പുറത്തു വരുന്നത്.

2025 ഏപ്രിൽ മുതൽ നിർമിക്കുന്ന വാഹനങ്ങൾ മാത്രമാണ് പൂർണ്ണമായും E20-അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. 2023 നു മുമ്പ് നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവരിലാണ് E20 ഇന്ധന ഉപയോഗം സംബന്ധിച്ച ആശങ്ക കൂടുതൽ.

എഥനോൾ കലർത്തലിനെ എതിർക്കുന്നില്ലെന്നും എന്നാൽ എഥനോളിന്റെ അളവ് കുറഞ്ഞ ഇന്ധനം  വാങ്ങാനുള്ള അവസരം വേണമെന്ന് പല വാഹന ഉടമകളും അഭിപ്രായപ്പെടുന്നുണ്ട്.

സർവേയിൽ പങ്കെടുത്തവരിൽ 31 ശതമാനം പേർ E0 അല്ലെങ്കിൽ E10 പെട്രോളിന് അധികം പണം നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി.  പഴയ വാഹനങ്ങൾക്കായി കുറഞ്ഞ അളവിൽ എഥനോൾ കലർത്തിയ ഇന്ധനം സമാന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ പെട്രോളിൽ എഥനോൾ കലർത്തുന്നതിന് തുടക്കം കുറിച്ചത്. ഈ നീക്കം കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും, കർഷകർക്ക് അധിക വരുമാനം നൽകുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.