തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിഭാഗവുമായി ഒത്തുകളിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരിയെ തല്‍സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്വേഷണ റിപ്പോര്‍ട്ടും. പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഗീനാകുമാരിയെ അടിയന്തരമായി നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രമുഖ അഭിഭാഷകനും മുന്‍ ജില്ലാ ഗവണ്മെന്റ് പ്ലീഡറുമായ എ. സന്തോഷ് കുമാറാണ് പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. തിങ്കളാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാര്‍ ഹാജരാകും.
പ്രതിപക്ഷ നേതാവിന്റെ ബേക്കറി ജങ്ഷനിലുള്ള വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസ് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷന് തന്നെ വഴിമരുന്നിട്ടത് വലിയ വിവാദമായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന മ്യൂസിയം പോലീസിന്റെ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി, പ്രതിക്ക് കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിയമിതയായ ഗീനാകുമാരി കോടതിയില്‍ വാദിച്ചത്.

അന്വേഷണസംഘത്തെ പിന്നില്‍നിന്ന് കുത്തിയ ഈ അട്ടിമറി തിരിച്ചറിഞ്ഞ നിമിഷം തന്നെ സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ ആഭ്യന്തര മന്ത്രിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കൃത്യമായ തെളിവുകളോടെ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ. പ്രശാന്തും ഡി.ജി.പി.യും ഞായറാഴ്ച നടത്തിയ അടിയന്തര ചര്‍ച്ചയിലാണ് ഗീനാകുമാരിയെ മാറ്റാന്‍ തീരുമാനമായത്. താല്‍ക്കാലിക ചുമതല അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ എ.ആര്. ഷാജിക്ക് നല്‍കിയെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു. പ്രോസിക്യൂട്ടര്‍ തലത്തില്‍ ഗൂഢാലോചനയും ഒത്തുകളിയും നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഈ നിര്‍ണായക അട്ടിമറി പുറത്തുകൊണ്ടുവന്ന തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ ഐ.പി.എസിന്റെ പ്രൊഫൈലിലേക്ക് കണ്ണോടിച്ചാല്‍, നീതിനിര്വ്വഹണത്തില് അദ്ദേഹം പുലര്‍ത്തുന്ന കണിശത വ്യക്തമാകും. മുന്‍പ് താല്‍ക്കാലിക ചുമതലകള്‍ മാറ്റിനിര്‍ത്തിയാല്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് തലസ്ഥാന നഗരത്തില്‍ ജനിച്ചുവളര്‍ന്ന ഒരു ‘നാട്ടുകാരന്’ ഉദ്യോഗസ്ഥന് സിറ്റി പോലീസിന്റെ അമരക്കാരനാകുന്നത്. കൈതമുക്ക് ചെമ്പകശേരി സ്വദേശിയായ അരുളിന് തലസ്ഥാന നഗരിയുടെ ഓരോ ഗല്ലികളും അവിടുത്തെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളും കൃത്യമായി അറിയാം.
സംസ്ഥാന പോലീസില്‍ എസ്.ഐ. ആയിരുന്ന ജി.ബി. ബാലകൃഷ്ണന്റെയും ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ശ്രീരഞ്ജിനിയുടെയും മകനാണ് ഡോ. അരുള്‍. അച്ഛന്റെ പോലീസ് യൂണിഫോമിന്റെ ഗാംഭീര്യവും അമ്മയുടെ കാരുണ്യത്തിന്റെ പാരമ്പര്യവും ഒരുപോലെ ഉള്‍ക്കൊണ്ടാണ് അദ്ദേഹം വളര്‍ന്നത്. അസാധാരണമായ അക്കാദമിക് തിളക്കത്തോടെയാണ് അദ്ദേഹം സിവില്‍ സര്‍വീസിലേക്ക് എത്തിയത്. കൊച്ചിന് സഹകരണ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ബയോകെമിസ്ട്രിയില്‍ എം.ഡി.യും കരസ്ഥമാക്കിയ അദ്ദേഹം ഡയബറ്റോളജിയില്‍ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്. സ്റ്റെതസ്കോപ്പില്‍ നിന്ന് ക്രമസമാധാനത്തിന്റെ ഐ.പി.എസ്. യൂണിഫോമിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം വലിയ ജനശ്രദ്ധ പിടുത്തുപറ്റിയിരുന്നു.
മെഡിക്കല്‍ രംഗത്ത് തിളങ്ങിനില്‍ക്കുമ്പോഴും ജനങ്ങളെ നേരിട്ട് സേവിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ സിവില്‍ സര്‍വീസിലേക്ക് നയിച്ചത്. 2012-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 125-ാം റാങ്കും സംസ്ഥാന തലത്തില്‍ എട്ടാം റാങ്കും നേടിയാണ് ഈ തലസ്ഥാനത്തുകാരന് ഐ.പി.എസ്. സ്വന്തമാക്കിയത്. ഭാര്യ ഡോ. ദേവിയും മെഡിക്കല്‍ രംഗത്തുണ്ട്. മകന് ഭരത് ഡി. കൃഷ്ണ ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സര്‍വീസിന്റെ തുടക്കത്തില്‍ തിരുവനന്തപുരത്ത് ഡി.സി.പിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അരുളിന് നഗരത്തിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൃത്യമായി അറിയാം.
പിന്നീട് കൊല്ലം സിറ്റി കമ്മീഷണര്‍, ഗവര്‍ണറുടെ എ.ഡി.സി. (അഞ്ച് വര്‍ഷത്തോളം), റെയില്‍വേ എസ്.പി, മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി എസ്.പി, തൃശൂര്‍, എറണാകുളം റേഞ്ച് ഡി.ഐ.ജി. എന്നീ നിര്‍ണ്ണായക പദവികള്‍ അദ്ദേഹം വഹിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പോലീസ് അഴിച്ചുപണിയിലാണ് പരിചയസമ്പന്നനായ ഈ അമരക്കാരന് നഗരത്തിന്റെ ചുമതലയിലെത്തുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂര്‍ണ്ണതോതിലാകുന്നതോടെ നഗരത്തിനുണ്ടാകുന്ന അതിവേഗ വളര്‍ച്ചയ്ക്ക് അനുസൃതമായി, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ രാജ്യാന്തര നിലവാരമുള്ള പൊലീസിംഗാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിയമവ്യവസ്ഥയെയും പോലീസിന്റെ കഠിനാധ്വാനത്തെയും വെല്ലുവിളിക്കുന്ന തരത്തില്‍ പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് നടത്തുന്ന ഏത് ഒത്തുകളിയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഡോ. അരുള്‍ ബി. കൃഷ്ണ ഐ.പി.എസ്. ഈ നടപടിയിലൂടെ നല്‍കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ഗൗരവതരമാണെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണറുടെ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക് കടന്നത്.
കേസ് ഇനി കോടതിയില്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന എ. സന്തോഷ് കുമാര്‍ പ്രോസിക്യൂഷന് രംഗത്തെ അതികായനാണ്. 2011-15 കാലയളവില്‍ തിരുവനന്തപുരം ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആയിരുന്ന അദ്ദേഹം, കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ പ്രമാദമായ നിരവധി കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി തിളങ്ങിയിട്ടുള്ള വ്യക്തിയാണ്. സന്തോഷ് കുമാറിന്റെ നിയമനത്തോടെ കേസ് ശക്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കാലാവസ്ഥാ വ്യതിയാനവും ആവർത്തിക്കുന്ന ദുരന്തങ്ങളും: കേരളം ഇനിയെങ്കിലും പഠിക്കുമോ? സിസ്റ്റം വൻ പരാജയം ആ മുന്നറിയിപ്പ് കേരളം അവഗണിച്ചു. ഇത് വരുത്തി വച്ച കെടുതിയെന്ന് പരിസ്ഥിതി ഗവേഷകൻ ഡോ സുഭാഷ് ചന്ദ്രബോസ്







