കോഴിക്കോട്: യാത്രക്കാർക്ക് വലിയ ആശ്വാസമാകേണ്ട കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ വനിതാ സൗജന്യ യാത്രാ സർവീസ് ജില്ലയിലെ സാധാരണക്കാർക്ക് ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയും ദുരിതവുമായി മാറുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം പരിധിവിട്ട് ഉയർന്നതോടെ ബസുകളുടെ ഓട്ടം പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണ്. കടുത്ത തിരക്ക് കാരണം പ്രായമായവരും കുട്ടികളും വിദ്യാർത്ഥികളും ബസിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണുള്ളത്. പേര് ‘സൗജന്യ യാത്ര’ എന്നാണെങ്കിലും ഒടുവിൽ ജീവൻ തന്നെ പണയം വെച്ചുള്ള ഒരു വലിയ സാഹസിക യാത്രയായി ഇത് മാറിക്കഴിഞ്ഞു.
മോട്ടോർ വാഹന ചട്ടപ്രകാരം 51 സിറ്റിംഗും 25 ശതമാനം സ്റ്റാൻഡിംഗും ഉൾപ്പെടെ പരമാവധി 64 പേർക്ക് യാത്ര ചെയ്യാവുന്ന ബസുകളിലാണ് ഇപ്പോൾ 100 മുതൽ 120 വരെ ആളുകളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം ഇത്രയധികം വർദ്ധിച്ചിട്ടും അതിനനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കെ.എസ്.ആർ.ടി.സി ഇതുവരെ തയ്യാറായിട്ടില്ല.
താമരശ്ശേരി, മുക്കം, തിരുവമ്പാടി, വയനാട്, ആനക്കാംപൊയിൽ, കൂരാച്ചുണ്ട്, തൊട്ടിൽപാലം റൂട്ടുകളിലാണ് ആളുകൾ കെ.എസ്.ആർ.ടി.സി ബസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ തിരക്ക് കാരണം പലപ്പോഴും സ്റ്റാൻഡിലേക്ക് പോലും പോകാൻ കഴിയാതെ യാത്രക്കാർ വഴിയിലെ സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരികയാണ്.
ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നത് കാരണം ഇറങ്ങേണ്ട ആളുകൾക്ക് കൃത്യസമയത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതുമൂലം ഇതോടെ മണിക്കൂറുകളോളം സ്ത്രീകളടങ്ങുന്ന യാത്രക്കാർ വഴിയിൽ പെരുവഴിയിലാകുന്ന അവസ്ഥയാണ്.
കുണ്ടറ സിയാദിന്റെ അസ്വാഭാവിക മരണം: പോലീസിന് ഗുരുതര വീഴ്ചകൾ; ആശുപത്രി രേഖകളും സ്റ്റേഷനിൽ നിന്ന് മുക്കി
മലയോര മേഖലയായ വയനാട്, ആനക്കാംപൊയിൽ ഭാഗങ്ങളിലേക്ക് ചെറിയ ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. അമിതഭാരം കാരണം കുത്തനെയുള്ള കയറ്റങ്ങളിലും ഇറക്കങ്ങളിലും വെച്ച് ബ്രേക്ക് ചവിട്ടിയാൽ കൃത്യമായി കിട്ടുന്നില്ലെന്ന് ഡ്രൈവർമാർ തന്നെ വ്യക്തമാക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള ഈ അപകടയാത്രയിൽ യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ചാണ് ഇരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പ്രിയദർശിനി സർവീസുകൾ ആരംഭിക്കുകയോ അല്ലെങ്കിൽ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം. സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനൊപ്പം സിറ്റി ഫാസ്റ്റ് സർവീസുകൾ കൂടി ലഭ്യമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. സൂപ്പർ ഫാസ്റ്റ് ബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ടെങ്കിലും അവയ്ക്ക് എല്ലാ സ്ഥലങ്ങളിലും സ്റ്റോപ്പില്ല. അതിനാൽ ഒരു പ്രിയദർശിനി ബസ് പോയാൽ തൊട്ടുപിന്നാലെ സൗജന്യ യാത്രയില്ലാത്ത മറ്റൊരു സാധാരണ കെ.എസ്.ആർ.ടി.സി ബസ് കൂടി ഓടണമെന്നാണ് മലയോര മേഖലയിലെ യാത്രക്കാരുടെ പ്രധാന ആവശ്യം.


വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ എ.സി.ബി പൊക്കി; 16 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി







