കൊല്ലം: കുണ്ടറ പെരുമ്പുഴ സ്വദേശിയായ സിയാദ് പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കപ്പെട്ട് ഒന്നരമാസത്തിനുശേഷം ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തൽ. കുണ്ടറ എസ്.ഐ അതുൽ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ. സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണനും, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാണാതായ വിദ്യാർത്ഥിയുടെ സഹോദരിയായ 15-കാരിയെ രാത്രിയിൽ പോലീസ് ജീപ്പിൽ കൊണ്ടുപോയത് വനിതാ പോലീസില്ലാതെ. രാത്രി 10.30-ന് കസ്റ്റഡിയിലെടുത്ത സിയാദിനെ സ്റ്റേഷനിൽ എത്തിച്ചത് 12 മണിക്ക്.
സിയാദിന് മർദ്ദനമേറ്റെന്ന് ഡോക്ടർ രേഖാമൂലം നൽകിയ ‘ഇന്റിമേഷൻ’ റിപ്പോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷമായി.പോലീസുകാരൻ ശ്രീജിത്ത് നട്ടെല്ലിന് ഇടിച്ചെന്ന് സിയാദിന്റെ ഭാര്യ പറയുന്ന ശബ്ദരേഖയും, മർദ്ദിച്ചതായി ശ്രീജിത്ത് തന്നെ സിയാദിന്റെ മകളോട് സമ്മതിക്കുന്ന ഫോൺ സംഭാഷണവും പുറത്ത്.
ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡ്രൈവറായ സിയാദിനെ കുണ്ടറ എസ്.ഐ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുകയോ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയോ ചെയ്യാതെ യാതൊരു രേഖകളുമില്ലാതെയാണ് രാവിലെ ഇയാളെ വിട്ടയച്ചത്.
രാത്രി പത്തരയോടെ സിയാദിനെ പിടികൂടിയെങ്കിലും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം 12 മണിയോടെയാണ് ഇയാളെ അവിടെ എത്തിക്കുന്നത്. ഈ ഒന്നരമണിക്കൂർ സമയം സിയാദിനെ എവിടെ കൊണ്ടുപോയി എന്നതിന് എസ്.ഐയും സംഘവും മറുപടി പറയേണ്ടതുണ്ട്.
സിയാദിന്റെ വീട് കാണിച്ചുതരാൻ കാണാതായ വിദ്യാർത്ഥിയുടെ 15 വയസ്സുള്ള സഹോദരിയെ വനിതാ പോലീസില്ലാതെ രാത്രി ജീപ്പിൽ കയറ്റിയത് ഗുരുതര നിയമലംഘനമാണ്. സിയാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ജീപ്പിലിട്ട് സിപിഒ ശ്രീജിത്ത് ക്രൂരമായി മർദ്ദിച്ചതായി ഈ പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 3-ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സിയാദ്, ശ്രീജിത്ത് തന്നെ ജീപ്പിലിട്ട് മർദ്ദിച്ച വിവരം ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞിരുന്നു. (ശ്രീജിത്ത് പോലീസാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല). വിവരമറിഞ്ഞ ഡോക്ടർ അന്നുതന്നെ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് രേഖാമൂലം ‘ഇന്റിമേഷൻ’ നൽകുകയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എന്നാൽ ഈ നിർണായക രേഖ ഇപ്പോൾ സ്റ്റേഷനിലില്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഗുരുതര പരിക്കുകൾ കണ്ടതിനെ തുടർന്ന് ഇ.എൻ.ടി, സർജറി, ഓർത്തോ, ന്യൂറോ വിഭാഗങ്ങളിൽ ഡോക്ടർ പരിശോധന നിർദ്ദേശിച്ചെങ്കിലും, മദ്യപിച്ച നിലയിലായിരുന്നതിനാലും കൂട്ടിരിപ്പുകാരില്ലാത്തതിനാലും ഇയാളെ അഡ്മിറ്റ് ചെയ്തില്ല. പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും ഇയാൾ ചികിത്സ തേടിയിരുന്നു.
മുൻവൈരാഗ്യവും മരണകാരണവും
നേരത്തെ സിയാദിനെതിരെ വിദ്യാർത്ഥിയുടെ സ്കൂൾ പ്രിൻസിപ്പൽ പരാതി നൽകിയിരുന്നു. അന്ന് ഈ പരാതി അന്വേഷിച്ചതും സിയാദിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തതും ഇതേ സിപിഒ ശ്രീജിത്ത് തന്നെയായിരുന്നു. ഈ മുൻവൈരാഗ്യമാകാം കടുത്ത മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം, സിയാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ‘ഹെപ്പറ്റൈറ്റിസ്-സി’ ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെക്കുന്നതിലൂടെയാകാം ഈ വൈറസ് ബാധയുണ്ടായതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മരണം രോഗബാധയെ തുടർന്നാണെങ്കിലും, കസ്റ്റഡിയിലെടുത്ത സമയത്ത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ മർദ്ദനവും നിയമലംഘനങ്ങളും സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.


പ്രിയദർശിനി നിർത്തിയില്ല: അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി
എന്ന് വരും! എന്ന് വരും ! കെപിസിസി അധ്യക്ഷ കസേരയിലേക്ക് അഞ്ച് പ്രധാന പേരുകള്‍ സജീവ പരിഗണനയില്‍; ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും പഴയ അധ്യക്ഷന്മാരും ചരടുവലി മുറുക്കുന്നു; ഓഗസ്റ്റ് പകുതിയോടെ പുതിയ പ്രസിഡന്റ് വരും







