ആ സൂപ്പര്‍ ഹീറോസിനെ ഇറക്കി മോദി. ആ ആറംഗ ടീം പൊളിക്കും

മോദി എവിടെ അമിത്ഷാ എവിടെ എന്ന ചോദ്യവുമായി രാഷ്ട്രീയ എതിരാളികള്‍ രംഗത്തിറങ്ങുമ്പോള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തെ കാര്‍ന്നു തിന്നുന്നവരെ തളയ്ക്കാന്‍ പൊതു പരീക്ഷ ഭേദഗതി ബില്ലും ആറംഗ കര്‍മ സമിതി രൂപീകരണവുമായി നിര്‍ണായക നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് രാജ്യം. ഒരു രാജ്യത്തിനെ നശിപ്പിക്കാന്‍ കുറെ വില്ലന്‍മാരിറങ്ങിയാല്‍ അവരെ തീര്‍ക്കാന്‍ നാടിനെ സംരക്ഷിക്കാന്‍ ഒരു കൂട്ടം പടയാളികളിറങ്ങും. അവഞ്ചേഴ്‌സില്‍ സൂപ്പര്‍ ഹീറോസായ രക്ഷകരുടെ ബുദ്ധിയും കഴിവും എല്ലാം ഒന്നിക്കുമ്പോള്‍ വില്ലന്‍മാര്‍ തറപ്പറ്റും. ഇവിടെ രാജ്യവും പ്രതീക്ഷയോടെ ആ ആറ് സൂപ്പര്‍ ഹീറോസിനെ ഉറ്റുനോക്കുകയാണ്. നന്ദന്‍ നിലേകനി, എസ്. സോമനാഥ്, തപന്‍ ഡേക്ക, വി. കാമകോടി, അമൃത് ലാല്‍ മീണ, അനിത കര്‍വാള്‍. രാജ്യത്തിന്റെ ആണിക്കല്ലായ ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ തുലാസിലാക്കി ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന, വിദ്യാര്‍ഥികളുടെ വിലപ്പെട്ട ജീവന്‍ നഷ്ടമാക്കിയ ലോക്കിമാരെ പൂട്ടാന്‍ അവരിറങ്ങുകയാണ്. പണ്ട് മൂന്നാറില്‍ വി.എസ്. അച്യുതാന്ദന്‍ കരിമ്പൂച്ചകളെ ഇറക്കിയ പോലെ, ആ  ത്രീമെന്റ് ആർമി  നിയമലംഘകരെ ഇടിച്ചുനിരത്തിയ പോലെ മറ്റൊരു നീക്കം. മുള്ളിനെ മുളള് കൊണ്ട് എടുക്കുക എന്നൊരു ചൊല്ലുണ്ട്. അത് കൂടുതല്‍ ആഴത്തിലുള്ളതാണെങ്കില്‍ കൂടുതല്‍ സൂക്ഷമായി തന്നെ ചെയ്യേണ്ടി വരും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ചില്ലറ ക്ഷീണമൊന്നുമല്ല കേന്ദ്രസര്‍ക്കാരിന് ഉണ്ടാക്കിയിരിക്കുന്നത്. അതിനെക്കാളുപരി രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവി, രക്ഷിതാക്കളുടെ ആശങ്ക, യുവാക്കളുടെ പ്രതിഷേധം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം വേണം. അതിനായി പരീക്ഷാഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അടിമുടി ശുദ്ധികലശം തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹിറ്റടിച്ച് ഓടിക്കാമെന്ന് കരുതിയ പാറ്റകള്‍ ഹിറ്റ് മേക്കറാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരും നരേന്ദ്രമോദിയും മുട്ടുമടക്കിയെന്ന് കരുതിയവര്‍ക്ക് തെറ്റി. കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും വെറുതെയിരിക്കുകയായിരുന്നില്ല. ഒരു ദശാബ്ദത്തിനിടയില്‍ എന്‍ഡിഎ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും ഉത്തരം കണ്ടത്തെുകയായിരുന്നു. പരീക്ഷ ഭേദഗതി ബില്‍ പാസാക്കുക മാത്രമല്ല ഒരു ആറംഗ കര്‍മസമിതിയെ രൂപീകരിച്ച പരീക്ഷ തട്ടിപ്പിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നന്ദന്‍ നിലേകനി, എസ്. സോമനാഥ്, തപന്‍ ഡേക്ക, വി. കാമകോടി, അമൃത് ലാല്‍ മീണ, അനിത കര്‍വാള്‍ എന്നിവരെ ഉള്‍പ്പെടുത്തി അതിവേഗ നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് കേന്ദ്രം.

പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് സാങ്കേതിക വിദഗ്ധന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര കര്‍മ്മസമിതി രൂപീകരിച്ച് രാജ്യത്തെ ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ യുവാക്കളുടെ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്  നരേന്ദ്ര മോദി. ജന്തര്‍ മന്തറില്‍ ഏഴ് ആഴ്ച നീണ്ടുനിന്ന പരീക്ഷാര്‍ഥികളുടെയും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെയും ശക്തമായ പ്രതിഷേധങ്ങളും ജൂലൈ 25-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചത് വരെയുള്ള സംഭവങ്ങളുമാണ് പോയ ദിവസങ്ങളില്‍ കണ്ടത്.

അതുകൊണ്ടു തന്നെഇനി ഒരു പ്രതിഷേധത്തിനും പ്രതിസന്ധിക്കും ഇടവരാത്ത രീതിയില്‍ കുറ്റമറ്റ ഒരു സംവിധാനം തന്നെ ഒരുക്കുകയാണ് ടീം എന്‍ഡിഎ. വിദ്യാഭ്യാസ മേഖലയിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ഡേക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടി, ഐ.എ.എസ് ഉദ്യോഗസ്ഥനായ അമൃത് ലാല്‍ മീണ, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കര്‍വാള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആറംഗ ടാസ്‌ക് ഫോഴ്സ് ഒരുക്കി. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സാങ്കേതിക പദ്ധതികളിലൊന്നായ നൂറുകോടിയിലധികം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്ത ബയോമെട്രിക് സംവിധാനമായ ആധാര്‍ വിജയകരമായി നടപ്പാക്കിയ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നിലേകനിയുടെ പരിചയമാണ് ഒരു വജ്രായുധം.

എന്‍ടിഎയുടെ പരാജയത്തിന് പിന്നിലെ സാങ്കേതികമായ വശത്തിന് ഉത്തരം കണ്ടെത്തും നിലേകനി എന്നതില്‍ സംശയമില്ല. മതിയായ എന്‍ക്രിപ്ഷനോ ആക്സസ് നിയന്ത്രണങ്ങളോ ഓഡിറ്റ് സംവിധാനങ്ങളോ ഇല്ലാതെയാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും
ഈ കുറവ് കണ്ടെത്താനുള്ള സാങ്കേതിക പരിജ്ഞാനം നിലേകനിക്കുണ്ടെന്ന് കരുതപ്പെടുന്നു.
എതിര്‍പ്പുകളെ മറികടന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ വിശ്വാസ്യതയും പ്രധാനം.
രാഷ്ട്രീയമായി എല്ലാവര്‍ക്കും സ്വീകാര്യന്‍. കൃത്യമായ സുരക്ഷാ ചട്ടങ്ങളും വിശ്വാസ്യതയുള്ള സംവിധാനങ്ങളും വിവരങ്ങളുടെ രഹസ്യസ്വഭാവവും സ്ഥാപനത്തിന്റെ അച്ചടക്കവും ആവശ്യമുള്ള, സാങ്കേതികമായി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് കര്‍മസമിതിയെ നയിക്കുന്ന മറ്റൊരാള്‍.

ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ ലക്ഷക്കണക്കിന് പരീക്ഷാര്‍ഥികള്‍ , ചോദ്യപേപ്പറുകള്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള സംവിധാനം എങ്ങനെ രൂപകല്‍പന ചെയ്യാം എന്നത്, അതീവ സുരക്ഷ സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമാണ്. ഈ മേഖലയിലെ പരിചയം സോമനാഥ് സമിതിക്ക് സംഭാവന ചെയ്യും ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന തപന്‍ ഡെക്കയുടേതാണ് ഏറ്റവും രാഷ്ട്രീയമായും സ്ഥാപനപരമായും പ്രാധാന്യമുള്ള നിയമനം. ചോര്‍ച്ചകള്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനമല്ല. സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ കൂടിയാകാം.

അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കിലും ചോര്‍ച്ചയ്ക്ക് പിന്നിലെ സംഘടിത ശൃംഖല ഇല്ലാതായിട്ടില്ല. ഈ ശൃംഖലകളെ കെട്ടുകെട്ടിക്കാനാണ് ഡെക്കെ. രഹസ്യാന്വേഷണത്തിലും വിവരങ്ങള്‍ ചോര്‍ത്തുന്ന ശൃംഖല കണ്ടെത്തുന്നതിലുമുള്ള പരിചയം ഇവിടെ പ്രധാനമാണ്. സാങ്കേതികവിദ്യക്ക് മാത്രം പരിഹരിക്കാനാവാത്ത പ്രശ്‌നം സമിതിയിലെ ലോജിസ്റ്റിക്‌സ് വിദഗ്ധനും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ അമൃത് ലാല്‍ മീണ കൈകാര്യം ചെയ്യും.

വിരമിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനിത കര്‍വാളുമുണ്ട് ടീമില്‍. എന്‍ടിഎ പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള ഇടപാടുകള്‍ എങ്ങനെയെന്ന മുന്‍ പരിചയമുണ്ട്. ഡിജിറ്റല്‍ സുരക്ഷാ രംഗത്തെ പ്രായോഗിക അനുഭവസമ്പത്താണ് ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടി. പരീക്ഷാ സോഫ്റ്റ്വെയറുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക, ചോദ്യപേപ്പറുകള്‍ ചോരാത്ത വിധം ഡിജിറ്റലായി എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുക, അത് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളില്‍ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നിവയിലെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ എല്ലാം കുറ്റമറ്റതാകുമെന്ന് പ്രതീക്ഷിക്കാം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.