പി എസ് സിയെ മൊത്തത്തില്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചന; കടുത്ത നടപടികളിലേക്ക്; പ്രത്യേക നിയമനിര്‍മ്മാണവും പരിഗണനയില്‍; അട്ടിമറി തെളിഞ്ഞാല്‍ പി എസ് സി ഉന്നതരെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പിഎസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട പിഎസ്സി ഭരണസമിതിയെ മൊത്തത്തില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇതിനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി നിയമോപദേശം തേടും. ആവശ്യമെങ്കില്‍ പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും നീക്കമുണ്ട്. പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പിഎസ്സിയിലെ ഉന്നതരെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പിഎസ്സി പരീക്ഷാ ക്രമക്കേട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പ്രാഥമിക നിയമോപദേശം. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന സ്ഥാപനമായതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ അന്വേഷണം വിജിലന്‍സിന് കൈമാറിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത പോലീസ്-വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നതോടെ പരീക്ഷാ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പിഎസ്സിക്ക് അകത്തുള്ള ‘വലിയ സ്രാവുകള്‍’ വലയിലാകുമെന്നാണ് സൂചന. ക്രമക്കേടില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പദവികള്‍ നോക്കാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ സംഘമാകും കേസ് അന്വേഷിക്കുക.
ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നേരിട്ട് നടപടിയെടുക്കാന്‍ സര്‍ക്കാരിന് ചില സാങ്കേതിക പരിമിതികളുണ്ട്. എന്നാല്‍, നിലവിലെ കമ്മീഷന്റെ കീഴില്‍ ഇനി ഒരു പരീക്ഷ നടത്തിയാലും അതിന്റെ വിശ്വാസ്യത പൊതുസമൂഹവും ഉദ്യോഗാര്‍ത്ഥികളും ചോദ്യം ചെയ്യുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ കമ്മീഷനെ മൊത്തത്തില്‍ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ നിശ്ചയിക്കാനുള്ള കടുത്ത രാഷ്ട്രീയ തീരുമാനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനായി ഓര്‍ഡിനന്‍സ് വഴിയോ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചോ പുതിയ നിയമനിര്‍മ്മാണം നടത്താനും അണിയറയില്‍ ആലോചനകള്‍ സജീവമാണ്.
പിഎസ്സിക്ക് അകത്ത് നടന്ന ക്രമക്കേട് അന്വേഷിക്കാന്‍ ചെയര്‍മാന് കീഴിലുള്ള സ്വന്തം ഉദ്യോഗസ്ഥനെത്തന്നെ ചുമതലപ്പെടുത്തിയത് നേരത്തെ വലിയ വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും വേണ്ടിയാണ് പിഎസ്സി അധികൃതര്‍ ഈ നാടകം കളിച്ചതെന്ന കടുത്ത വിമര്‍ശനം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ഉയര്‍ന്നിരുന്നു. പിഎസ്സിയുടെ ആഭ്യന്തര അന്വേഷണം തികച്ചും അപര്യാപ്തമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടാനും വിജിലന്‍സിനെ രംഗത്തിറക്കാനും തീരുമാനിച്ചത്.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി വെച്ച് കളിച്ച കമ്മീഷനിലെ ഉന്നതരെ അഴിക്കുള്ളിലാക്കി ഭരണം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പക്ഷേ നിയമപരമായ തിരിച്ചടിയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.