മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ:അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു, കഡാവർ നായകളും

വയനാട്:മേപ്പാടി കള്ളാടിയിൽ ചൊവ്വാഴ്ച 11 മണിയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിൽ രാത്രിയും തുടർന്നിരുന്നു. അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്. മണ്ണൊലിപ്പിനെ തുടർന്ന് നിലച്ച വൈദ്യുതി കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചതിനാൽ രാത്രിവൈകിയുള്ള രക്ഷാപ്രവർത്തനത്തിന് സഹായകരമായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനൊപ്പമുള്ള വലിയ പാറക്കല്ലുകൾ തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽനിന്നുള്ള അഗ്‌നിരക്ഷാസംഘങ്ങളും തിരച്ചിലിൽ പങ്കാളികളാണ്.

ഇടയ്ക്കിടെ പെയ്യുന്ന മഴയും കുത്തിയൊലിച്ചെത്തുന്ന വെള്ളവും തിരച്ചിലിന് തടസ്സമാണ്, എന്നിരുന്നാലും ഇവ വകവയ്ക്കാതെ മണ്ണുമാന്തിയന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്.

തൊള്ളായിരംകണ്ടിയിലെ റിസോർട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുങ്ങിയവർ പാലത്തിലെ മണ്ണ് നീക്കംചെയ്തതോടെ രാത്രി തിരികെമടങ്ങിയിരുന്നു. മണ്ണിടിച്ചിലുണ്ടായിടത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന നൽകുന്നതെന്നും നാലു സോണുകളായി തിരിച്ച് പരിശോധന നടത്തുമെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു. മണ്ണിടിച്ചിലിൽ പരിക്കേറ്റ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

കാണാതായവരെ എത്രയുംവേഗം കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായി 66 അംഗ എൻ.ഡി.ആർ.എഫ്. ടീമും ഫയർ ആൻഡ് റസ്‌ക്യു അധികൃതരും പോലീസും സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെയും സേവനം ലഭ്യമാക്കും. ദേശീയ ദുരന്തനിവാരണ സേനയ്ക്കും ജില്ലയിലെ അഗ്‌നിരക്ഷാസേനാംഗങ്ങൾക്കും പുറമേ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ അഗ്‌നിരക്ഷാസേനകളും കണ്ണൂർ കെ.എ.പി. നാല് പോലീസ് സേനയും സ്ഥലത്തുണ്ട്. അതിനാൽതന്നെ തിരച്ചിൽ ഊർജിതമാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കുമെന്നും അതിനായി അധിക ഉപകരണങ്ങൾ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെയും തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മഴ കനക്കാനുള്ള സാഹചര്യവുമുണ്ട്. ഈ സാഹചര്യം തുടർന്നാൽ തിരച്ചിൽ ദുഷ്കരമാവും. കുത്തിയൊലിച്ചെത്തുന്ന മഴവെള്ളത്തെ നിയന്ത്രിക്കാനായാൽ മാത്രമേ തിരച്ചിൽ തുടരാനാവൂ. തിരച്ചിലിനായി കഡാവർ നായകളുമുണ്ട്. മീനാക്ഷി പാലത്തിൻറെ മുകൾ ഭാഗത്ത് കൂടുതൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും തിരച്ചിൽ തുടരും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.