ചൈന : ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന ചൊല്ല് പോലെയായി ചൈനയിലെ ഗ്വാങ്സിയിലെ ജനജീവിതം. ഒരു ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ട് വരുമ്പോള്‍ മറ്റൊരു ആശങ്ക കണ്മുന്നില്. വീടുകളെല്ലാം മുങ്ങി. റോഡുകള്‍ തോടുകളായി. ജീവനും കൊണ്ടോടുകയാണ് ജനം. രക്ഷപ്പെടാന്‍ അരക്കെട്ടോളം വെള്ളത്തിലൂടെ ഓടുന്ന കാഴ്ച. എന്നാല്‍ ഓടിയവരുടെ കാലുകള്‍ക്കിടയിലൂടെ അതിവേഗം നീന്തിയെത്തിയത് വിഷപ്പാമ്പുകള്‍. വെള്ളപ്പൊക്കം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളിലൊന്നിലെ നിരവധി പാമ്പ് ഫാമുകള്‍ വെള്ളത്തിനടിയിലായി. കൂടുകളും മതിലുകളും തകര്‍ന്നതോടെ നൂറുകണക്കിന് വിഷപ്പാമ്പുകള്‍ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രളയജലത്തിന്റെ ഒഴുക്കില്‍ ഇവ കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസ മേഖലകളിലേക്കും എത്തിച്ചേര്‍ന്നു.
പുരി ജഗന്നാഥ രഥയാത്രയിൽ ആശങ്ക; തിരക്കിൽപ്പെട്ട് 120 പേർക്ക് പരിക്ക്, നിരവധി ഭക്തർ ചികിത്സയിൽ
വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഒപ്പം വിഷപ്പാമ്പുകളും ഒഴുകിനടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പല പ്രദേശങ്ങളിലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ പേടിക്കുന്ന അവസ്ഥ. വീടുകളിലും കൃഷിയിടങ്ങളിലും റോഡുകളിലും വെള്ളത്തില്‍ നീന്തുന്ന വിഷപ്പാമ്പുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്ക് പാമ്പുകടിയേറ്റു. റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായതിനാലും കനത്ത ഗതാഗതക്കുരുക്കും കാരണം സമയത്ത് ചികില്‍സ നല്‍കാനും സാധിച്ചില്ല. ചികിത്സ ലഭിക്കും മുന്‍പേ അവര്‍ മരണത്തിന് കീഴടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളക്കെട്ടാണെങ്കിലും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുകയാണ്. രക്ഷാപ്രവര്‍ത്തകരും അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിനും തുകല്‍ വ്യവസായത്തിനും മാംസ ആവശ്യങ്ങള്‍ക്കുമായി ഗ്വാങ്സിയില്‍ വന്‍തോതില്‍ പാമ്പുകളെ വളര്‍ത്തുന്ന ഫാമുകളുണ്ട്. ഏകദേശം മൂന്ന് കോടി അതായത് 30 ദശലക്ഷം പാമ്പുകളെ വിവിധ ഫാമുകളിലായി വളര്‍ത്തുന്നുണ്ട്. വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ സമീപത്തെ മൃഗശാലയുടെ ചുറ്റുമതിലും തകര്‍ന്നു. സീബ്രകള്‍, പന്നികള്‍ ഉള്‍പ്പെടെ നൂറിലധികം മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഇതും പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
പാമ്പുകളെ പിടികൂടാന്‍ വിദഗ്ധ സംഘങ്ങളെ ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരും 5,700-ലധികം ബോട്ടുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പാമ്പുകടിയേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്കാന് താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പുകളും ആന്റിവെനം ചികിത്സാ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തില്‍ ഇതുവരെ ആറു പേര് മരിക്കുകയും 1.3 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. വീടുകളും കൃഷിയിടങ്ങളും മാത്രമല്ല, പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ആധാരങ്ങളായ ഫാമുകളും വ്യാപകമായി നശിച്ചിട്ടുണ്ട്.









