ആലപ്പുഴ: മലയാളികളുടെ പ്രിയ മത്സ്യമായ മത്തിക്ക് വില ഉയരുന്നു. ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക് 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയരാനുള്ള കാരണമായി കാണുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം. ഇതോടുകൂടി മുട്ടവിലയും വർധിച്ചു.
മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മീനിന് ഉയർന്ന വില നൽകേണ്ടിവരുന്നു. ചെറിയ മത്തികളാണ് വിപണിയിൽ കൂടുതലായും ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ 18 സെന്റിമീറ്റർ വരെ നീളമുള്ള വലിയ മത്തി ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മത്സ്യവ്യാപാരികൾ പറയുന്നു. ഇത് മത്സ്യസമ്പത്ത് മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയുണ്ടെങ്കിലും ലഭ്യത വളരെ കുറവായതിനാൽ വിലയിൽ കുറവുണ്ടായിട്ടില്ല.
സമുദ്രതാപനിലയിലെ വർധന, കാലാവസ്ഥാ വ്യതിയാനം, മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരരീതിയിലെ മാറ്റം എന്നിവയാണ് മത്തിയുടെ ലഭ്യതയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രോളിങ് നിരോധനകാലം അവസാനിച്ചിട്ടും പ്രതീക്ഷിച്ച അളവിൽ മത്സ്യം ലഭിക്കാത്തതും വിപണിയിൽ ക്ഷാമത്തിനു കാരണമായിട്ടുണ്ട്. ഇപ്പോൾ കിട്ടുന്നതിൽ മുട്ടയുമുണ്ട്. എന്നാൽ, വരുംമാസങ്ങൾ വലിയ ക്ഷാമത്തിലേക്കു പോകുമെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കടൽമത്സ്യംകൂടിയാണ് മത്തിയെന്ന പ്രത്യേകതയുമുണ്ട്. മത്തിക്കുപുറമേ മറ്റു മത്സ്യങ്ങൾക്കും വില കൂടുതലാണ്. മീനിന്റെ ലഭ്യതക്കുറവ് കാരണം ചിക്കനിലേക്കു തിരിയുന്ന സാഹചര്യത്തിൽ ചിക്കൻ വിലയും കുതിച്ചുയരുകയാണ്. ഫാമുകളിലെ ഉത്പാദനം കുറഞ്ഞതോടെ കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.
അപകടകാരികളോ ഈ അഗർബത്തികൾ
ആരോഗ്യം സംരക്ഷിക്കുന്നവരും ബോഡി ബിൽഡർമാരും മുട്ടയും ചിക്കനുമാണ് ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത്. ഇവയുടെ വില വർധിക്കുന്നത് ആ വിഭാഗത്തെയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. വ്യാപാരികൾ വരും ദിവസങ്ങളിൽ വില വർധിക്കാനിടയുണ്ടെന്ന നിഗമനത്തിലാണ്. എന്നാൽ ഉപഭോക്താക്കൾ വില കുറയുമെന്ന ശുഭ പ്രതീക്ഷയിലാണ്.
സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായേക്കും. ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അറിയിച്ചിട്ടുണ്ട്.


രണ്ട് ദിവസത്തിലധികം പനി തുടരുന്നുണ്ടോ? ചികിത്സ തേടാൻ വൈകരുത്







