കേപ്ടൗൺ: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ടണിഞ്ഞ മധ്യനിരതാരം ജെയ്ഡൻ ആഡംസ് അന്തരിച്ചു. ടീം ലോകകപ്പിൽനിന്ന് പുറത്തായി ഏതാനും ദിവസങ്ങൾക്കുശേഷമാണ് 25-കാരന്റെ മരണം.
നോക്കൗട്ടിലെത്തിയെങ്കിലും ആതിഥേയരായ കാനഡയോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും ഈ 25 വയസ്സുകാരൻ കളിച്ചിരുന്നു. ദക്ഷിണ കൊറിയയെ 1–0ന് തോല്പിച്ച മത്സരത്തിലും താരം പകരക്കാരനായി കളത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയോടെ കേപ്ടൗണിലെ വീട്ടിൽ ആഡംസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനു മണിക്കൂറുകൾക്ക് മുൻപ് ജെയ്ഡൻ ആഡംസിന്റെ
മുത്തശ്ശി മരിയാന ആഡംസ് മരണപ്പെട്ടിരുന്നു. എന്നാൽ ലോകകപ്പ് ടീം ക്യാംപിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
കുടുംബമോ ബന്ധപ്പെട്ട അധികൃതരോ ഔദ്യോഗികമായ കാരണം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പോലീസ് അന്വേഷണമാരംഭിച്ചു. ഒരുദിവസംമുൻപ് കാമുകി അഖീലയ്ക്കൊപ്പമുള്ള ചിത്രം അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
2023-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരം ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയിലെ മേമെലോഡി സൺഡൗൺസ് ക്ലബ്ബിനു വേണ്ടി കളിക്കാനുള്ള തയാറെടുപ്പിലായിരുന്നു ആഡംസെന്നു താരത്തിന്റെ മെന്ററായ ബ്രെന്ഡിൻ ജോൺസൺ പ്രതികരിച്ചു. മരണകാരണം കണ്ടെത്തിയിട്ടില്ല.


സഞ്ജുവിനെതിരെയുള്ള വിമർശനങ്ങൾക്ക് തക്ക മറുപടി; സപ്പോർട്ടുമായി എത്തിയ ആ മുൻ താരം ആര്?
കിരീടം ഉയർത്തുന്നവർക്ക് ഫിഫ നൽകും അപ്രതീക്ഷിത സമ്മാനം; ലോകകപ്പ് ആവേശം ഇരട്ടിയാകും







