ബക്രീദിന് മുൻപ് ഗോവധ വിലക്ക്: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ; വിജയ് സർക്കാരിന്റെ വിജയം!

ന്യൂഡൽഹി : തമിഴ്നാട്ടിൽ പശുക്കളെയും കിടാങ്ങളെയും കശാപ്പ് ചെയ്യുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. തമിഴ്നാട് സർക്കാർ സമർപ്പിച്ച പ്രത്യേക ഹർജിയിലാണ് ഈ ഇടക്കാല തീരുമാനം. ഇതോടു കൂടി മുഖ്യമന്ത്രി ജോസഫ് വിജയിയോടുള്ള തമിഴ് മക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുകയാണ്.
ബക്രീദിന് തലേന്ന്, അതായത് മേയ് 28ന്, സംസ്ഥാനത്ത് എവിടെയും പശുക്കളെയോ കിടാങ്ങളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശം നൽകിക്കൊണ്ട് മേയ് 27നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് ഹർജി കേട്ട ശേഷം, ഹൈക്കോടതി ഉത്തരവിന്റെ അന്തിമഭാഗം ഭേദഗതി ചെയ്ത് സ്റ്റേ അനുവദിക്കുകയായിരുന്നു. സംസ്ഥാനത്താകെ പൂർണ നിരോധനം ഏർപ്പെടുത്താനുള്ള നിർദേശം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
നിശ്ചിത അറവുശാലകളിൽ മാത്രം മൃഗങ്ങളെ അറുക്കാമെന്ന ഹൈക്കോടതി നിരീക്ഷണവും, ബക്രീദ് ഉൾപ്പെടെ ഏതു ദിവസവും പശുവിനെയോ കിടാവിനെയോ എവിടെയും അറുക്കരുതെന്ന നിർദേശവും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് സർക്കാർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.
ഉത്തരവിന് പിന്നിലെ നിയമപശ്ചാത്തലം
1976ലെ ഒരു കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് മദ്രാസ് ഹൈക്കോടതി ഇപ്പോഴത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷീരോൽപാദനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതിന് പശുവധം തടയണമെന്നായിരുന്നു ആ പഴയ വിധിയുടെ കാതൽ.
എന്നാൽ ഈ നിലപാട് 1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. പത്തു വയസ്സിനു മുകളിൽ പ്രായമുള്ളതും ജോലിക്കോ പ്രജനനത്തിനോ ഉപയോഗശൂന്യമായതുമായ കന്നുകാലികളെ അധികൃതരുടെ അനുമതിയോടെ കശാപ്പ് ചെയ്യാൻ ഈ നിയമം അനുവദിക്കുന്നുണ്ട്.
ഹിന്ദു മക്കൾ കക്ഷിയുടെ ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഈ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.