ലോകകപ്പ് ഫൈനലിൽ അർജന്റീന ഇറങ്ങുമ്പോൾ, എതിരാളികളായ സ്പെയിനിനൊപ്പം നിൽക്കുന്നത് ലോകത്തിന്റെ വലിയൊരു വിഭാഗം ആരാധകരും കൂടിയാണ്. ടൂർണമെന്റിലുടനീളം അൾജീരിയ, കേപ്വേർഡെ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കെല്ലാം കിട്ടിയ പിന്തുണ ഒരു കാര്യമേ കാണിക്കുന്നുള്ളൂ, അർജന്റീനയ്ക്കെതിരെ ആരു കളിച്ചാലും അവർക്കൊപ്പം നിൽക്കുക എന്നതാണ് പലരുടെയും നിലപാട്. കടുത്ത വിമർശനം നേരിട്ട ഇംഗ്ലണ്ടിന് പോലും സെമിഫൈനലിന് മുൻപ് സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിത പിന്തുണ ലഭിച്ചത് ഇതിന്റെ ഉദാഹരണമാണ്.
ഫുട്ബോളിലെ ഏറ്റവും വിജയകരവും തിരിച്ചറിയാവുന്നതുമായ ടീമുകളിലൊന്നാണ് അർജന്റീനയെങ്കിലും, ഏറ്റവുമധികം ധ്രുവീകരണം സൃഷ്ടിക്കുന്ന ടീമുകളിലൊന്നും അതുതന്നെ. ദിയാഗോ മറഡോണയുടെ ധിക്കാരം മുതൽ ലയണൽ മെസിയുടെ ആഗോള താരപദവി വരെ, ആൽബിസെലസ്റ്റെ എന്നറിയപ്പെടുന്ന ഈ ടീം സ്വദേശത്തും വിദേശത്തും ആരാധന ക്ഷണിച്ചു വരുത്തുന്നതോടൊപ്പം അമർഷവും അസൂയയും അലോസരവും ഒരുപോലെ വിളിച്ചു വരുത്തുന്നു.
മറഡോണ ഇതിഹാസം
എക്സാലോജിക് കേസ്: അന്വേഷണം മുൻ മുഖ്യമന്ത്രിയിലേക്കും; തെളിവുകൾ ലഭിച്ചാൽ സമൻസ് അയക്കുമെന്ന് എസ്.എഫ്.ഐ.ഒ (SFIO)
വ്യക്തിഗത പ്രതിഭകളാൽ രൂപപ്പെട്ടതാണ് അർജന്റീനയുടെ ഫുട്ബോൾ വ്യക്തിത്വം. 1986ലെ ലോകകപ്പ് നേടിക്കൊടുത്ത മറഡോണ അർജന്റീനയ്ക്ക് ഏറ്റവും ധിക്കാരപൂർണമായ കായിക ഇതിഹാസം സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ അദ്ദേഹം നേടിയ രണ്ട് ഗോളുകൾ, കുപ്രസിദ്ധമായ ‘ഹാൻഡ് ഓഫ് ഗോഡ്’, പിന്നീട് ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒറ്റയ്ക്കുള്ള കുതിപ്പ്, ഇന്നും അർജന്റീനയുടെ ഫുട്ബോൾ കഥയിൽ കേന്ദ്രസ്ഥാനത്താണ്.
ഈ ഗോൾ ഇംഗ്ലീഷ് ആരാധകർക്ക് ഇന്നും നൊമ്പരമാണെങ്കിൽ, 1982ലെ ഫോക്ലാൻഡ്സ് യുദ്ധത്തിന് ശേഷമുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പല അർജന്റീനക്കാരും ഇതിനെ കാണുന്നത്. 2026ലെ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചപ്പോൾ ഫോക്ലാൻഡ്സ് ദ്വീപ് തർക്കവുമായി ബന്ധപ്പെട്ട ബാനർ ഉയർത്തിയത്, ഫിഫയുടെ രാഷ്ട്രീയ പ്രകടന വിലക്ക് ലംഘനമായി വിവാദമായിരുന്നു.
മെസി ഇഫക്ട്
മറഡോണയിൽ നിന്ന് വ്യത്യസ്തമായി പൊതുവേദികളിൽ ശാന്തസ്വഭാവക്കാരനായ മെസി, എന്നാൽ കൂടുതൽ ആഗോള സ്വാധീനവും ദീർഘായുസ്സുമുള്ള മറ്റൊരു ഐക്കണായി മാറി. ബാഴ്സലോണയ്ക്കൊപ്പം മിക്ക പ്രധാന ക്ലബ് ബഹുമതികളും നേടിയ അദ്ദേഹം, ആ വിജയം തന്നെ എതിർ ആരാധകരുടെ ലക്ഷ്യമാക്കി മാറ്റി. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മത്സരബുദ്ധി ലോക ഫുട്ബോളിനെ മെസി-റൊണാൾഡോ ചേരികളായി വിഭജിച്ചു.
വർഷങ്ങളോളം മറഡോണയുമായി താരതമ്യം ചെയ്യപ്പെടുകയും രാജ്യത്തിന് വേണ്ടി വലിയ കിരീടം നേടാത്തതിന് വിമർശിക്കപ്പെടുകയും ചെയ്ത ശേഷം, 2022ൽ ഖത്തറിൽ മെസി അർജന്റീനയെ ലോകകപ്പിലേക്ക് നയിച്ചു. ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ ദൂരദിക്കുകളിലും മെസിയുടെ സാന്നിധ്യം ആരാധകരെ ആകർഷിക്കുന്നുണ്ടെങ്കിലും, ഈ മെസി-കേന്ദ്രീകൃത കഥയിലും അതിനെ ചുറ്റിപ്പറ്റിയുള്ള ആരാധനയിലും മടുപ്പുള്ളവരും കുറവല്ല.
സങ്കീർണമായ അയൽപക്ക ബന്ധം
ലാറ്റിനമേരിക്കയിൽ അർജന്റീനയുടെ പ്രതിച്ഛായ സങ്കീർണമാണ്. യൂറോപ്യൻ സ്വാധീനത്താൽ രൂപപ്പെട്ട സാംസ്കാരിക വ്യതിരിക്തതയും, വിജയത്തെ ദേശീയ മികവിന്റെ തെളിവായി കാണുന്ന ഫുട്ബോൾ സംസ്കാരവും അർജന്റീന എന്നും കൊണ്ടുനടക്കുന്നു. ഈ ആത്മവിശ്വാസം ചിലയിടങ്ങളിൽ പ്രശംസിക്കപ്പെടുമ്പോൾ, മേഖലയിലെ ചില ഭാഗങ്ങളിൽ അത് അഹങ്കാരത്തിന്റെ പ്രതിരൂപമായും വ്യാഖ്യാനിക്കപ്പെടുന്നു.
ഡ്രമ്മുകളും പതാകകളും മുദ്രാവാക്യങ്ങളുമായി പല രാജ്യങ്ങളും ദേശീയ അഭിമാനം പ്രകടിപ്പിക്കാറുണ്ടെങ്കിലും, അർജന്റീനയുടെ ആരാധകാവേശം ചിലപ്പോൾ അതിരുകടക്കാറുണ്ട്. ഈ ദേശീയ വികാരം ചിലപ്പോൾ വിവാദ പരാമർശങ്ങളിലേക്കും നീങ്ങാറുണ്ട്. ഈ മാസം തന്നെ ഒരു അർജന്റീന ടിവി കമന്റേറ്റർ മെക്സിക്കൻ ജനതയ്ക്കെതിരെ നടത്തിയ പരാമർശം മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം “അപലപനീയം” എന്നാണ് വിശേഷിപ്പിച്ചത്.
ഫ്രാൻസ് താരങ്ങളുടെ ആഫ്രിക്കൻ വേരുകളെ പരിഹസിക്കുന്ന ഒരു അധിക്ഷേപ ഗാനം സ്റ്റേഡിയങ്ങളിൽ ചില ആരാധകർ ഇപ്പോഴും ആലപിക്കാറുണ്ടെന്നതും, 2024ൽ ഇത് ആലപിച്ചതിന് അർജന്റീന താരങ്ങൾ തന്നെ മാപ്പ് പറഞ്ഞതും ശ്രദ്ധേയമാണ്.
ബ്രസീലുമായുള്ള പതിറ്റാണ്ടുകൾ നീണ്ട മത്സരബുദ്ധിയാണ് അർജന്റീനയുടെ ഏറ്റവും ആഴമേറിയ വൈരാഗ്യം. 2014ലെ ബ്രസീൽ ലോകകപ്പിൽ ആതിഥേയരെ കളിയാക്കി അർജന്റീന ആരാധകർ പാടിയ മുദ്രാവാക്യം ഇതിന്റെ ഉദാഹരണമാണ്. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ പെനാൽറ്റിയിലൂടെ ചിലിയോട് തോറ്റതും, മെക്സിക്കോയുമായി ആവർത്തിച്ചുള്ള ലോകകപ്പ് ഏറ്റുമുട്ടലുകളും സമൂഹമാധ്യമ വാദപ്രതിവാദങ്ങളും ഈ വൈരാഗ്യങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മിടുക്കും കൗശലവും നിറഞ്ഞ അർജന്റീനയുടെ കളിരീതി കാണാൻ ആസ്വാദ്യകരമാണെങ്കിലും, ന്യായമായ കളിയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ചിലർ വിലയിരുത്തുന്നു. ഇതെല്ലാം ചേർന്നാണ്, “അർജന്റീന ഒഴികെ ആരും ജയിക്കട്ടെ” എന്നത് പല ആരാധകരുടെയും സ്വാഭാവിക നിലപാടായി മാറുന്നത്.

പവാർ കുടുംബത്തിൽ വീണ്ടും വിള്ളൽ? അമ്മയും മകനും ഒരു വശത്ത്, പട്ടേലും തത്കരെയും മറുവശത്ത്; ഫഡ്നാവിസിനെ കാണാൻ മത്സരയോട്ടം!







