“വ്യാജ ജനനത്തീയതി നൽകി സ്‌കൂൾ പ്രവേശനം: മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ പിഴ, കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ഡൽഹി ഹൈക്കോടതി”

ന്യൂഡല്‍ഹി: സ്‌കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്‍കിയ മാതാപിതാക്കളുടെ പ്രവര്‍ത്തി കാരണം കുട്ടി കഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കി വ്യാജ വിവരങ്ങള്‍ നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി സ്‌കൂള്‍ രേഖകളിലും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിലും തിരുത്തി നല്‍കാന്‍ സെന്റ് കൊളംബാസ് സ്‌കൂളിനോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനോടും ജസ്റ്റിസ് വികാസ് മഹാജന്‍ ആവശ്യപ്പെട്ടു.

കുട്ടിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഹര്‍ജിക്കാരന്റെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം പ്രവേശന സമയത്ത് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ഹര്‍ജിക്കാരനില്‍ ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2014 ഏപ്രിലില്‍, കുട്ടിയുടെ ജനനത്തീയതി 2010 മാര്‍ച്ച് 23 ആണെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് കിന്റര്‍ഗാര്‍ട്ടനില്‍ പ്രവേശനം ലഭിച്ചത്.
പിന്നീട്, 2011-ലെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആശുപത്രി രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനനത്തീയതി തിരുത്താന്‍ കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. ജനനത്തീയതി തിരുത്തുന്നത് കുട്ടിയുടെ പ്രവേശനത്തെ അസാധുവാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം, മാതാപിതാക്കള്‍ കുട്ടിയുടെ പ്രായം ഒരു മാസം കുറച്ചു കാണിച്ചു എന്ന കാരണത്താല്‍ മാത്രം കെജി പ്രവേശനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി തിരുത്താന്‍ സ്‌കൂളിനും സി.ബി.എസ്.ഇക്കും കോടതി നിര്‍ദ്ദേശം നല്‍കി. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പുതുക്കിയ ജനനത്തീയതി രജിസ്റ്റര്‍ ചെയ്യാനും സിബിഎസ്ഇയോട് ഉത്തരവിട്ടു. ഔദ്യോഗിക രേഖകളില്‍ വിദ്യാര്‍ത്ഥിയുടെ ജനനത്തീയതിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള കോളജുകളില്‍ അപേക്ഷിക്കുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അനീതി കാണിച്ച മാതാപിതാക്കളെ ശിക്ഷിക്കാതെ വിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.