സി.ആർ. ബിജു നേതൃത്വം നൽകുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇനി ഇല്ലാതാകുമോ? രണ്ട് സംഘടന മതിയെന്ന് ആവശ്യം , മൂന്നും വേണമെന്ന് ഡി.ജി.പി; ആര് ജയിക്കും, നിര്‍ണ്ണായകം ആഭ്യന്തരമന്ത്രിയുടെ നിലപാട്

എസ്. നിരജ്ഞൻ

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ അംഗത്വ ഘടന പുന:പരിശോധന നിർണായക ഘട്ടത്തിലേക്ക്. കേരളാ പോലീസ് അസോസിയേഷൻ ഭരണ വിഭാഗം നേതാവ് ജി.ആർ. അജിത്, പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ചൂണ്ടിക്കാട്ടി കെ.പി.ഒ. എയുടെ ആവശ്യം ഇല്ലെന്ന് സമർത്ഥിക്കുന്നു. എന്നാൽ,
ഡി.ജി.പി: രവഡാ ചന്ദ്രശേഖർ ഈ വിഷയത്തിൽ നേർക്കു നേർ നിൽക്കുകയാണ്.
പുനഃപരിശോധനയെച്ചൊല്ലി പോലീസ് മേധാവിയും യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ നേതൃത്വവും തമ്മില്‍ അത്ര രസത്തിലല്ല .

നിലവിലെ മൂന്ന് അസോസിയേഷനുകളുടെ ഘടന ഉടനടി പരിഷ്കരിച്ച് സംഘടനകളുടെ എണ്ണം രണ്ടാക്കി ചുരുക്കണമെന്ന ആവശ്യവുമായി സംഘടനയുടെ പ്രമുഖ നേതാവ് അജിത് രംഗത്തെത്തിയതോടെയാണ് വിഷയം പോലീസിൽ കത്തുകയാണ്. ഇതു സംബന്ധിച്ച ഫയൽ നിയമ വകുപ്പിന്റെ പരിഗണനയിലാണ്. ഡി.ജി.പിയുടെ ശിപാർശ ഇങ്ങനെയാണ്: കെ.പി.എ – സി.പി.ഒമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാർ , എ.എസ്.ഐമാർ, ഗ്രേഡ് എസ്.ഐമാർ
എന്നിവരെ അവരുടെ പ്രധാന തസ്തിക അടിസ്ഥാനമാക്കി അംഗങ്ങളായി ഉണ്ടാകും. കെ.പി.എസ്.ഒ.എയിൽ എസ്.ഐമാരും ഇൻസ് പെക്ടർമാരും മാത്രം. ഈ വിഭാഗത്തിൽ ഉദ്യോഗസ്ഥർ ഭൂരിഭാഗവും എസ്.എച്ച്.ഒമാരായോ മറ്റ് മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നതിനാൽ ഇവരുടെ പ്രശ്നങ്ങൾക്ക് സമാന സ്വഭാവമാണെന്നു ഡി.ജി.പി ചൂണ്ടിക്കാണിക്കുന്നു. കെ.പി.എസ്.ഒ.എയിൽ നോൺ ഐ.പി.എസ് എസ്.പിമാർ , ഡിവൈ.എസ്.പിമാർ എന്നിവർ അംഗങ്ങളായിരിക്കും. ഓരോ സംഘടനയ്ക്കും രണ്ടു വർഷത്തെ കാലവധി ഉണ്ടായിരിക്കും. പുതിയ ഭാരാവാഹികൾ വരുന്നത് വരെ അഡ്ഹോക്ക് സമിതി നിലവിൽ വരും. മൂന്ന് വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിയും അടങ്ങുന്നതായിരിക്കും സംഘടനയുടെ പുതിയ ഘടന – ഡി.ജി.പിയുടെ ശിപാർശയിൽ പറയുന്നു.

എന്നാല്‍, ഈ പരമ്പരാഗത ഘടനയില്‍ മാറ്റം വരുത്തി സംഘടനകളെ രണ്ടാക്കി പരിമിതപ്പെടുത്തണമെന്നാണ് യു.ഡി.എഫ് അനുകൂല വിഭാഗത്തിന്റെ പ്രഖ്യാപിത നിലപാട്. കോണ്‍ഗ്രസ് അനുകൂല പോലീസുകാരുടെ മുന്നണിപ്പോരാളിയായ ജി.ആർ.അജിത്താണ് ഈ നിര്‍ദ്ദേശം പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. ഗ്രേഡ് എസ്.ഐമാരും ഡയറക്ട് എസ്.ഐമാരും വരെ വരുന്ന ഒന്നാം അസോസിയേഷനും, സി.ഐമാര്‍ മുതല്‍ നോണ്‍ ഐ.പി.എസ് എസ്.പിമാര്‍ വരെയുള്ള രണ്ടാം അസോസിയേഷനുമായി പോലീസുകാരെ പുനഃസംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതായത് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വേണ്ടെന്ന് ചുരുക്കം. സീനിയർ എസ്.പിമാരുടെ എണ്ണം വളരെ കുറവാണെന്നും അതുകൊണ്ട് തന്നെ സി.ഐമാരെ കെ.പി.എസ്.ഒ.എയിൽ ഉൾപ്പെടുത്തുന്നതാണ് അഭികാമ്യമെന്നു കെ.പി.എ നേതാവ് ജി.ആർ. അജിത് അടിവരയിടുന്നു.

ഈ മാതൃക നടപ്പിലാകുന്നതോടെ എസ്.ഐ റാങ്ക് വരെയുള്ള മുഴുവന്‍ പോലീസുകാരും ഒറ്റ അസോസിയേഷന്റെ കുടക്കീഴില്‍ അണിനിരക്കും. സേനയ്ക്കുള്ളില്‍ കൂടുതല്‍ ഐക്യവും താഴെത്തട്ടിലുള്ള ജീവനക്കാരുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാന്‍ രണ്ട് സംഘടനകള്‍ എന്ന സംവിധാനമാണ് ഏറ്റവും അനുയോജ്യമെന്ന് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പോലീസ് സംഘടനാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അജിത് , സാധാരണക്കാരായ പോലീസുകാര്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള നേതാവാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതു ഭരണകാലത്ത് കടുത്ത പീഡനങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കും അജിത് ഇരയായിരുന്നു. എന്നാല്‍, ഭരണകൂടത്തിന്റെ എല്ലാ രാഷ്ട്രീയ വേട്ടയാടലുകളെയും അതിജീവിക്കാൻ ഭരണപക്ഷ സംഘടനയ്ക്കായി എന്നതും ചരിത്രം. അതുകൊണ്ടുതന്നെ, സംഘടനാ രംഗത്ത് അംഗീകാരവുമുള്ള പോലീസ് നേതാവിന്റെ തള്ളിക്കളയാനാകാത്ത ഈ ആവശ്യം ആഭ്യന്തര വകുപ്പിനും അവഗണിക്കുക എളുപ്പമല്ല. അതേസമയം, സംഘടനകള്‍ രണ്ടാക്കി ചുരുക്കണമെന്ന യു.ഡി.എഫ് അനുകൂല വിഭാഗത്തിന്റെ നിര്‍ദ്ദേശത്തോട് പോലീസ് മേധാവി വിയോജിപ്പ് പ്രകടിപ്പിക്കുന്നു. സേനയുടെ ഘടനയില്‍ പുനഃസംഘടന വേണമെന്ന അഭിപ്രായം അദ്ദേഹത്തിനുമുണ്ടെങ്കിലും സംഘടനകളുടെ എണ്ണം മൂന്നായി തന്നെ നിലനിര്‍ത്തണമെന്നാണ് ഡി.ജി.പിയുടെ ഉറച്ച നിലപാട്.

ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം, ഗ്രേഡ് എസ്.ഐമാര്‍ വരെയുള്ള പോലീസുകാര്‍ ഉള്‍പ്പെടുന്ന പോലീസ് അസോസിയേഷനാണ് ആദ്യത്തേത്. ഡയറക്ട് എസ്.ഐമാരും സി.ഐമാരും ഉള്‍പ്പെടുന്ന രണ്ടാം അസോസിയേഷനും, ഡിവൈ.എസ്.പിമാരും നോണ്‍ ഐ.പി.എസ് എസ്.പിമാരും ചേരുന്ന മൂന്നാമത്തെ അസോസിയേഷനുമായി വിഭജിക്കാനാണ് പോലീസ് മേധാവി താല്പര്യപ്പെടുന്നത്. ഉദ്യോഗതലത്തിലെ മേല്‍ക്കോയ്മയും അച്ചടക്കവും നിലനിര്‍ത്താന്‍ ഇത്തരം തരംതിരിവ് അത്യാവശ്യമാണെന്ന് ഡി.ജി.പി വാദിക്കുന്നു. ഇതോടെ അസോസിയേഷന്‍ നേതൃത്വവും പോലീസ് മേധാവിയും തമ്മില്‍ തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്നാണ് സേനാംഗങ്ങൾ ഉറ്റുനോക്കുന്നത്.
ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ വിഷയം ഭരണതലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പോലീസ് സേനയുടെ കാര്യക്ഷമതയെയും സംഘടനാ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാരിനും ഇതില്‍ വേഗത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്.

ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്ന നിലപാടായിരിക്കും ഒടുവില്‍ അന്തിമമായി മാറുന്നത്. പോലീസുകാരുടെ ക്ഷേമത്തിനായി എന്നും നിലകൊള്ളുകയും വലിയ സ്വാധീനവുമുള്ള കെ.പി.എ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അത്ര എളുപ്പത്തിൽതള്ളിക്കളയാന്‍ ആഭ്യന്തരമന്ത്രിക്കും സാധിക്കില്ല. വരും ദിവസങ്ങളില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം ആഭ്യന്തരമന്ത്രി കൈക്കൊള്ളുന്ന തീരുമാനം കേവലം സംഘടനാ മാറ്റം എന്നതിനപ്പുറം പോലീസിനുള്ളിലെ സമവാക്യങ്ങളെക്കൂടി നിര്‍ണ്ണയിക്കും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.