തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തെ വഞ്ചനകള്‍ക്കും തട്ടിപ്പുകള്‍ക്കും സാങ്കേതിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ കേരള പൊലീസ് കൂടുതല്‍ സജ്ജമാകുന്നു. സംസ്ഥാനത്തെ മുഴുവന്‍ സൈബര്‍ സുരക്ഷാ-അന്വേഷണ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’ ഔദ്യോഗികമായി നിലവില്‍വന്നു. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിന്റെ നിലവിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെയാണ് സംസ്ഥാനത്തെ പരമോന്നത സൈബര്‍ ഏകോപന ഏജന്‍സിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ’ മാതൃകയില്‍, സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന നോഡല്‍ ഏജന്‍സിയായിരിക്കും ഇനി മുതല്‍ സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, അന്വേഷണം, തെളിവ് ശേഖരണം, കേസ് നടത്തിപ്പ് എന്നിവയെല്ലാം ഇനിമുതല്‍ ഈ കേന്ദ്രീകൃത കുടക്കീഴിലായിരിക്കും നടക്കുക. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായി സൈബര്‍ ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ജനറലിനെ നിയമിച്ചു.
സാങ്കേതികവിദ്യ വളരുന്നതിനൊപ്പം സൈബര്‍ സാമ്പത്തിക തട്ടിപ്പുകളും അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും വിപുലമായ കോഓര്‍ഡിനേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ ഇതിനകം തന്നെ കമാന്‍ഡ് സ്ട്രക്ചറും ജില്ലാ സൈബര്‍ സ്റ്റേഷനുകളുടെ കേന്ദ്രീകൃത നിയന്ത്രണവും നിലവിലുണ്ടായിരുന്നു. 2024-ലും 2025-ലും ഇറങ്ങിയ മുന്‍ ഉത്തരവുകള്‍ വഴി രൂപീകരിച്ച സാങ്കേതിക സൗകര്യങ്ങള്‍ പരിഗണിച്ച്, കേന്ദ്ര നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നിലവിലെ സംവിധാനത്തെ ഔദ്യോഗിക ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’ ആയി പ്രഖ്യാപിക്കുകയായിരുന്നു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ പെടുന്ന തുക തത്സമയം വീണ്ടെടുക്കാനും വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നിര്‍ണായക ചുമതല ഇനി ഈ ഏകോപന കേന്ദ്രത്തിലെ പ്രത്യേക വിഭാഗം നിര്‍വ്വഹിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈനും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലും ഈ സംവിധാനത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുക. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പേയ്മെന്റ് ഗേറ്റ്വേകള് എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ട്, തട്ടിപ്പ് നടന്ന് മിനിറ്റുകള്‍ക്കകം പണം മരവിപ്പിക്കാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.
വ്യാജ സിം കാര്‍ഡുകള്‍ (മൊബൈല്‍ സ്റ്റേഷന് ഇന്റര്‍നാഷണല്‍ സബ്സ്ക്രൈബര്‍ ഡയറക്ടറി നമ്പര്‍), തട്ടിപ്പിന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) എന്നിവ ബ്ലോക്ക് ചെയ്യാനുള്ള നടപടികളും അതിവേഗത്തിലാകും. വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷന്‍ 69അ, 79(3)(യ) എന്നിവ പ്രകാരം കുറ്റകരമായ വെബ്സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നീക്കം ചെയ്യാനുള്ള (ടേക്ക് ഡൗണ്‍) നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഇതിന് നേരിട്ട് അധികാരമുണ്ടായിരിക്കും. ഡിജിറ്റല്‍ ലോകത്തെ വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ഇത് സഹായകരമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) ഉപയോഗിച്ചുള്ള ഭീഷണികള്‍, ഡാര്‍ക്ക് വെബ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍, സങ്കീര്‍ണ്ണമായ ഹാക്കിങ് എന്നിവ നേരിടാന്‍ ‘സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് അഡ്വാന്‍സ്ഡ് ക്രൈംസ് ഗ്രൂപ്പ്’ എന്ന പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. ‘കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം – കേരള’ യുമായി ചേര്‍ന്ന് സംസ്ഥാനത്തെ പ്രധാന ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പുതിയ തലമുറ സൈബര്‍ ഭീഷണികളെ ചെറുക്കാനുള്ള പദ്ധതികളും ഇവര്‍ തയ്യാറാക്കും.
ഡാറ്റാ അനലിറ്റിക്സിനും സാങ്കേതിക അന്വേഷണങ്ങള്‍ക്കും കരുത്തുപകരാന്‍ സംസ്ഥാനത്തെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ സ്പെഷ്യലൈസ്ഡ് ‘സെന്റര്‍ ഓഫ് എക്സലന്‍സുകള്‍’ പ്രവര്‍ത്തിക്കും. തലസ്ഥാനമായ തിരുവനന്തപുരത്ത് വെബ് മോണിറ്ററിങ്ങും സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററും കേന്ദ്രീകരിക്കുമ്പോള്‍, കൊച്ചിയില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളും ബ്ലോക്ക്ചെയിന്‍ അന്വേഷണങ്ങളുമായിരിക്കും പ്രധാനമായും നടക്കുക. ഉത്തരകേരളത്തിലെ കോഴിക്കോട് കേന്ദ്രത്തില്‍ മാല്‍വെയര്‍ അനാലിസിസ്, റിവേഴ്സ് എന്‍ജിനീയറിങ് എന്നിവയിലായിരിക്കും ശ്രദ്ധ പതിയുക.
രാജ്യാന്തര പ്രാധാന്യമുള്ള നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന്, കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സികള്‍, മറ്റ് സംസ്ഥാനങ്ങളിലെ അന്വേഷണ സംഘങ്ങള്‍ എന്നിവയുമായി തത്സമയം വിവരശേഖരണത്തിനും കൈമാറ്റത്തിനും ഈ കേന്ദ്രീകൃത സംവിധാനം വഴിയൊരുക്കും. ബിഗ് ഡാറ്റാ അനലിറ്റിക്സ്, ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വഴി കുറ്റവാളികളുടെ സാന്നിധ്യം നേരത്തെ തിരിച്ചറിയാന്‍ അന്വേഷണ സംഘങ്ങള്‍ക്ക് സാധിക്കും.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരതയും സൈബര്‍ ശുചിത്വവും വളര്‍ത്തുന്നതിനുമായി പ്രത്യേക ബോധവല്‍ക്കരണ വിഭാഗവും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. കേരള പൊലീസ് അക്കാദമി, പോലീസ് ട്രെയിനിങ് കോളേജ് എന്നിവയുമായി ചേര്‍ന്ന് ആധുനിക അന്വേഷണ രീതികളില്‍ ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ പരിശീലനം നല്‍കും. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് വിദ്യാലയങ്ങളിലൂടെയും പൊതുമാധ്യമങ്ങളിലൂടെയും ശക്തമായ പ്രചാരണം നടപ്പിലാക്കും.
ഏകീകൃത കമാന്‍ഡ് സ്ട്രക്ചര്‍ നിലവില്‍ വന്നതോടെ, ജില്ലകളിലെ സൈബര്‍ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗതയും കൃത്യതയും കൈവരും. ഓരോ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഉടനടി സാങ്കേതിക സഹായവും ഫോറന്‍സിക് പിന്തുണയും നല്കാന് തിരുവനന്തപുരത്തെ ആസ്ഥാനത്തിന് സാധിക്കും. കേസ് അന്വേഷണത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ഇത് വലിയ അളവില്‍ സഹായിക്കും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ അതിര്‍ത്തികള്‍ കടന്ന് നടപ്പിലാക്കപ്പെടുന്ന കാലഘട്ടത്തില്‍, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം വളരെ അത്യാവശ്യമാണ്. പുതിയ സംവിധാനത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും കേന്ദ്ര ഏജന്‍സികളുമായും ഡിജിറ്റല്‍ തെളിവുകള്‍ അതിവേഗം പങ്കുവെക്കാനാകും. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലമി പുറപ്പെടുവിച്ച ഉത്തരവ്, ഡിജിറ്റല്‍ യുഗത്തില്‍ കേരള പൊലീസിന്റെ കുറ്റാന്വേഷണ മികവിന് ഒരു നാഴികക്കല്ലായി മാറും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

അതിനിര്‍ണ്ണായകമായത് ബിശ്വനാഥ് സിന്‍ഹയുടെ നിലപാട്; സസ്പെന്ഷന് ഉത്തരവില്‍ ചീഫ് സെക്രട്ടറിയുടെ ‘കടുകട്ടി’ ഭാഷ; അജിത് കുമാറിന് വന്‍ കുരുക്ക്; ക്രിമിനല്‍ കേസുകളിലേക്കും നീളും







