റിസോർട്ടുകൾ വളർന്നു… മലകൾ തകർന്നു; 2018ലും തകരാത്ത വാഗമൺ ഇപ്പോൾ പേടിപ്പിക്കുന്നത് എന്തുകൊണ്ട്?; അശാസ്ത്രീയ നിർമാണവും പ്രകൃതിചൂഷണവും ദുരന്തത്തിലേക്ക് തള്ളുന്നുവെന്ന് നാട്ടുകാർ!

വാഗമണിലെ മണ്ണിടിച്ചിൽ പ്രദേശം, മലമുകളിൽ റോഡ് തകർന്ന നിലയും മഴയെ തുടർന്ന് ഇടിഞ്ഞ മണ്ണും
വാഗമൺ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് വാഗമൺ. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരമുള്ള, ഇളക്കമുള്ള മണ്ണുള്ള പരിസ്ഥിതിലോല പ്രദേശം കൂടിയാണ്. എന്നാൽ 1924, 2018 മഹാപ്രളയങ്ങളിൽപോലും ഈ പ്രദേശം സുരക്ഷിതമായിരുന്നു.
എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഏഴിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകർന്നതിന്റെ ഉദാഹരണമാണിത്. അശാസ്ത്രീയ നിർമാണങ്ങളും പ്രകൃതിചൂഷണവുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.
ഉയരമുള്ള മലകളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നെടുകയും കുറുകെയും മണ്ണ് വെട്ടി റോഡുകൾ നിർമിക്കുന്നത് മലനിരകളുടെ ഉറപ്പ് നഷ്ടപ്പെടുത്തുന്നു. സമുദ്രക്കാറ്റും പടിഞ്ഞാറൻ കാറ്റും ശക്തമായതിനാൽ പാരാഗ്ലൈഡിങ് കേന്ദ്രമായ ഇവിടെ ആയിരക്കണക്കിന് റിസോർട്ടുകളാണുള്ളത്.
കാറ്റിനെ പ്രതിരോധിക്കാൻ മീറ്ററുകളോളം ആഴത്തിൽ കമ്പികൾ അടിച്ചുകയറ്റിയും കോൺക്രീറ്റ് ചെയ്തുമുള്ള നിർമാണം മലകളുടെ ഉൾഭാഗത്തിന് ഇളക്കമുണ്ടാക്കുന്നു. വർഷങ്ങൾ കഴിയും തോറും വാഗമൺ റിസോർട്ടുകളുടെ നാടായി മാറുകയാണ് എന്ന ആക്ഷേപം ഉണ്ട്.
ഒരു മലയിൽതന്നെ അഞ്ചാറ് റിസോർട്ടുകൾ ഉയർന്നതോടെ ആവശ്യത്തിന് വെള്ളത്തിനായി നിരവധി കുഴൽക്കിണറുകളും പടുതാക്കുളങ്ങളും കൃത്രിമതടാകങ്ങളും നിർമിക്കുന്നത് മണ്ണൊലിപ്പ് വർധിപ്പിക്കുന്നു. വാഗമൺ സഞ്ചാരികൾക്ക് ഏറെ പരിചിതമല്ല ഇടമാണ് വാഗമണ്ണിലെ താഴ്‌വാരങ്ങൾ. അവിടെയും റിസോർട്ടുകളും തേയില തോട്ടങ്ങളും ധാരാളമായി ഉണ്ട്.
അവിടെയുള്ള തോട്ടങ്ങളിൽ നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. രാത്രിയിലുണ്ടാകുന്ന മണ്ണിടിച്ചിൽ അറിയാൻ വൈകുന്നതും ഗതാഗത തടസ്സവും രക്ഷാപ്രവർത്തനം വൈകിപ്പിച്ച് പെട്ടെന്നുള്ള വൻ ദുരന്തങ്ങൾക്ക് കാരണമാകാം.
ക്വാറികളും പാറമടകളും അനിയന്ത്രിതമായി പ്രവർത്തിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന പരാതിയാണ് പ്രദേശവാസികൾക്ക് ഉള്ളത് . വാഗമണ്ണിലെ ഏറ്റവും ഉയരംകൂടിയ മൂൺമലയിൽ വെട്ടിയ റോഡിൽ കഴിഞ്ഞ ശനിയാഴ്ച മണ്ണിടിച്ചിലുണ്ടായി. ഇളകിയ മണ്ണ് രാത്രി കടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞെങ്കിലും, മഴയിൽ ഈ മണ്ണ് വീടുകളിലേക്ക് ഒഴുകിയിറങ്ങുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
വില്ലേജ് ഓഫീസിന് തൊട്ടുമുന്നിലാണ് ഇതെല്ലാം നടക്കുന്നത് എന്നതും ഒരു വിരോധാഭാസമാണ്. ഇനിയും ഈ അവസ്ഥ തുടർന്നാൽ രണ്ടുമൂന്ന് വർഷത്തിനകം വാഗമൺ വൻദുരന്തത്തെ നേരിടേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.