147.599 ദശലക്ഷം യൂണിറ്റിന്റെ വെള്ളം ഒറ്റദിവസം; മൂന്ന് ദിവസത്തിൽ ജലനിരപ്പ് 11% ഉയർന്നു; 5 വർഷത്തിനിടയിലെ റെക്കോർഡ് നീരൊഴുക്ക്, പവർകട്ട് ഭീതി കുറയുമോ?; KSEB ഇപ്പോഴും ആശങ്കയിൽ!

കനത്ത മഴയെ തുടർന്ന് കേരളത്തിലെ ഡാമിലേക്ക് ഒഴുകിയെത്തുന്ന ശക്തമായ നീരൊഴുക്കും ഉയരുന്ന ജലനിരപ്പും
സീതത്തോട്‌ : ഇനി സംസ്ഥാനത്ത് പവർ കട്ട് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം. കാരണം, സംസ്ഥാനത്തെ കെ.എസ്‌.ഇ.ബി. സംഭരണികളിലേക്ക്‌ ഞായറാഴ്ചയുണ്ടായത്‌ അഞ്ച്‌ വർഷത്തിനിടയിൽ ഒറ്റദിവസത്തെ ഏറ്റവുമുയർന്ന നീരൊഴുക്കാണ്. 147.599 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്‌ ഒരു ദിവസം മാത്രം കിട്ടിയത്‌. ഇതോടെ സംഭരണികളിലെ ആകെ ജലനിരപ്പ്‌ 43 ശതമാനമായി ഉയർന്നു.
ഒറ്റ ദിവസം മാത്രമല്ല, കഴിഞ്ഞ മൂന്നു ദിവസവും കനത്ത നീരൊഴുക്കാണ്‌ ഉണ്ടായത്‌. മൂന്നുദിവസം കൊണ്ട്‌ 11 ശതമാനം ജലനിരപ്പ് സംഭരണികളിൽ ഉയർന്നിട്ടുണ്ട്. പദ്ധതിമേഖലയിൽ മഴയുടെ ശക്തി നേരിയതോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങൾകൂടി നീരൊഴുക്ക്‌ ശക്തമായി തുടരാൻ  സാധ്യതയുണ്ട്.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിൽ 46 ശതമാനവുമാണ്‌ തിങ്കളാഴ്‌ചത്തെ ജലനിരപ്പ്‌. ശബരിഗിരി പദ്ധതിപ്രദേശത്ത്‌ കഴിഞ്ഞദിവസം 125 മില്ലീമീറ്റർ മഴ ലഭിച്ചു. ശബരിഗിരിയിലെ പമ്പാഡാം പ്രദേശത്ത്‌ 94 മില്ലീമീറ്റർ മഴപെയ്തു.
കേരളത്തിന്റെ സംഭരണികളിലെല്ലാം കൂടി 1762.335 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണിപ്പോഴുള്ളത്‌. കഴിഞ്ഞവർഷം ഇതേസമയം 3127.13 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബോർഡിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സ്ഥിതി ആശങ്കാജനകമാണ്‌. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ 40 ശതമാനത്തോളം വെള്ളം ഇപ്പോഴും കുറവാണ്‌.
ഒരാഴ്‌ച മുമ്പുവരെ സംഭരണികളിൽ വേണ്ടത്ര വെള്ളമില്ലാത്തതിനാൽ ഉത്പാദനം പ്രതിസന്ധിയിലായിരുന്നു. വലിയ പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും പരമാവധി വെള്ളം സംഭരിച്ചുകൊണ്ട്‌ ചെറുകിട പദ്ധതികളിൽനിന്ന്‌ പരമാവധി ഉത്പാദനം നടത്തുകയാണ്‌ വൈദ്യുതിബോർഡ്‌.
ഇടുക്കിയിൽ വെറും 1.869 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 0.10 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയുമാണ്‌ ഞായറാഴ്ച ഉത്പാദിപ്പിച്ചത്‌. കുറ്റ്യാടി പദ്ധതിയിൽനിന്നാണ്‌ ഞായറാഴ്ച ഏറ്റവുംകൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്‌. 4.6831 ദശലക്ഷം യൂണിറ്റ്‌. മഴ വ്യാപകമായതോടെ വൈദ്യുതി ഉപഭോഗം വലിയ രീതിയിൽ കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.