‘ഒരാൾക്ക് അധികം സിനിമ വേണ്ട, ഒരാൾക്ക് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം’; രണ്ട് മക്കളുടെയും ആഗ്രഹങ്ങൾ പറഞ്ഞ് മോഹൻലാൽ; ‘മായ ഒരു സിനിമ ചെയ്തു, അതിന്റെ പേരിൽ വലിയ പ്രതീക്ഷ വേണ്ട, എന്നും താരം!

മോഹൻലാലും മകൾ വിസ്മയ മോഹൻലാലും സിനിമാ പ്രമോഷനിടെ
മലയാളി സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്നത് മഹാനടൻ മോഹൻലാലിൻറെ മകളുടെ സിനിമാ വിശേഷങ്ങളാണ്. സിനിമയിലേക്കുള്ള വിസ്മയാ മോഹൻലാലിൻറെ തുടക്കം, ‘തുടക്കം’ എന്ന സിനിമയിലൂടെ തന്നെയാണ് എന്നത് വരെ വളരെ രസകരമായിട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷന് വേണ്ടി വിസ്മയ നൽകിയ അഭിമുഖങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ചേർച്ച ചെയ്യപ്പെടുകയാണ്. താരത്തിന് ഒപ്പം താര കുടുംബവും ചർച്ചകളിൽ നിറയുന്നുണ്ട്.
ഇപ്പോഴിതാ, നായികയായെത്തുന്ന ആദ്യ സിനിമ ‘തുടക്ക’ത്തിന് ശേഷവും സിനിമയിൽ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി വിസ്മയ മോഹൻലാൽ. ‘തുടക്ക’ത്തിൽ അഭിനയിച്ചപ്പോൾ ഇഷ്ടമായെന്നും കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും വിസ്മയ പറഞ്ഞു. ‘തുടക്കം’ റിലീസിന് മുന്നോടിയായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയ ആഗ്രഹം പ്രകടിപ്പിച്ചത്.
തുടക്കം ചെയ്തപ്പോൾ ഇഷ്ടമായി. തുടരണം എന്നാണ് ആഗ്രഹം. കൂടുതൽ കഥാപാത്രങ്ങൾ ചെയ്യണം’, ചോദ്യത്തിന് ഉത്തരമായി വിസ്മയ പറഞ്ഞു. ‘ഒരാൾക്ക് സിനിമ അധികം ചെയ്യേണ്ട. ഒരാൾക്ക് സിനിമ ചെയ്യണം. ഒരാള് എങ്ങനെയെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കണം എന്നാണ്…’, എന്നായി തൊട്ടടുത്തിരുന്ന മോഹൻലാലിന്റെ കമന്റ്. പ്രണവിന്റെയും വിസ്മയയുടെയും താത്പര്യങ്ങൾ സൂചിപ്പിച്ചായിരുന്നു മോഹൻലാലിന്റെ പ്രതികരണം. പ്രണവിന് സിനിമ ഇഷ്‌ടമാണെങ്കിലും എഴുത്തും സംഗീതവും ഉൾപ്പെടെ ഒട്ടേറെ താത്പര്യങ്ങളുണ്ടെന്നും വിസ്മയ കൂട്ടിച്ചേർത്തു.
‘മായ ഒരു സിനിമ ചെയ്തു. എന്റെ മകൾ ആയതുകൊണ്ടാണ് ആളുകൾ കൂടുതൽ പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ സിനിമ ചെയ്യുന്ന പുതിയ ഒരാൾ എന്നേയുള്ളൂ. ആ പരിഗണന കൊടുത്താൽ മതി. വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത സാധാരണ സിനിമയാണ്’, അഭിമുഖത്തിന്റെ തുടക്കത്തിൽ മോഹൻലാൽ പറഞ്ഞു. ‘പുതിയ ആളാണെന്ന് തോന്നാത്ത രീതിയിലാണ് മായ അവതരിപ്പിച്ചിരിക്കുന്നത്’, സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ചേർത്തുപറഞ്ഞു.
‘അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ഒരുപാട് ടേക്കുകൾ പോയി. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കാനൊരുങ്ങുമ്പോൾ എനിക്ക് വലിയ ആവേശമായിരുന്നു. സെറ്റിലെത്തിയപ്പോൾ, അച്ഛന്റെ കൂടെ അഭിനയിക്കുകയാണ് എന്നൊക്കെ ആളുകൾ പറഞ്ഞു. ടേക്കിൽ കുറേ തെറ്റുകൾ വന്നു. കുറേ ടേക്കുകൾ വീണ്ടും എടുക്കേണ്ടിവന്നു’, അച്ഛനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് വിസ്മയ പറഞ്ഞു.
‘സിനിമയിൽ മകൾ എന്നൊന്നുമില്ല. കഥാപാത്രമായി കാണും. കഥാപാത്രം ആവശ്യപ്പെടുന്നതുപോലെ പെരുമാറാൻ ഞാൻ അവരോട് പറഞ്ഞു. എനിക്ക് അതിൽ കൂടുതലായി ഇടപെടാൻ പറ്റില്ല. ഞാനും അപ്പോൾ അഭിനേതാവാണ്. ക്യാമറയ്ക്ക് പിന്നിൽ ഇരിക്കുന്ന ആൾക്കും ഇഷ്ടപ്പെടണമല്ലോ?’, മോഹൻലാലിന്റെ മറുപടി.
‘ചെറുപ്പത്തിൽ മാത്രമേ അച്ഛൻ അഭിനയിച്ച ചിത്രങ്ങളുടെ സെറ്റിൽ പോയിട്ടുള്ളൂ. പിന്നീട് സെറ്റുകളിൽ പോയിട്ടില്ല. തന്മാത്ര, വാനപ്രസ്ഥം എന്നിവ അച്ഛന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങൾ.. അച്ഛന്റെ സിനിമകൾ ഇഷ്ടമായില്ലെങ്കിൽ അത് പറയും. അച്ഛൻ തിരിച്ച് ഒന്നും പറയാറില്ല’, വിസ്മയ പറഞ്ഞു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.