രാജ്യാന്തര വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ കപ്പലുകൾക്ക് പ്രവേശനം വിലക്കുമെന്ന റിപ്പോർട്ടുകളാണ് പുതിയ ഭീഷണി. ഹോർമുസിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന തരത്തിൽ ഒമാനുമായി ഇറാൻ ധാരണയിലെത്തിയ കരാറിലാണ് കപ്പലുകളെ വിലക്കുന്ന വ്യവസ്ഥയുള്ളത്. ഇത് ട്രംപ് ഭരണകൂടം അംഗീകരിക്കാൻ വഴിയില്ലെന്നും, സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നുമാണ് വിപണിയുടെ വിലയിരുത്തൽ.
എന്നാൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാന് കൂടുതൽ കാലം പിടിച്ചുനിൽക്കാനാവില്ലെന്നും, ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും അത് ലോകത്തിന് വലിയ അപകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ രാജ്യാന്തര തലത്തിൽ വിപണികൾ ജാഗ്രതയിലായി. യുഎസ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളും ചാഞ്ചാട്ടത്തിലാണ്. ഇന്ത്യൻ വിപണിയിലേക്കും നഷ്ടം വ്യാപിക്കുമെന്നാണ് കരുതുന്നത്.
ക്രൂഡോയിൽ കയറുന്നു
ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമാകാത്തതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 83.52 ഡോളറിലെത്തി. ഡബ്ല്യുടിഐ ബാരലിന് 78 ഡോളറിലാണ്. യുഎഇയുടെ മർബൻ 80 ഡോളറിന് തൊട്ടടുത്തെത്തി. എണ്ണവില ഉയർന്നത് പണപ്പെരുപ്പ ഭീഷണി വീണ്ടും വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസിൽ വീണ്ടും കപ്പലുകളെ ഇറാൻ ആക്രമിച്ചെന്ന വാർത്തയും എണ്ണവിപണിക്ക് തിരിച്ചടിയായി.
ക്രൂഡ് ഓയിൽ വില ഉയർന്നതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും കയറി. ഇത് സ്വർണവിലയിലെ മുന്നേറ്റത്തെ തടഞ്ഞു. തൊഴിൽ കണക്കുകൾ പരിശോധിച്ച് സെപ്റ്റംബറിൽ അടിസ്ഥാന പലിശ വർധിപ്പിക്കുമെന്ന റിപ്പോർട്ടുകളും ഡോളറിന് കരുത്തായി. ഔൺസിന് 4,300 ഡോളറിലെത്തിയ സ്വർണത്തിന്റെ കയറ്റം ഇതോടെ പതുക്കെയായി — 4,241 ഡോളറിൽ ക്ലോസ് ചെയ്ത ശേഷം ഇപ്പോൾ 4,253 ഡോളറെന്ന നിലയിലാണ്.
കേരളത്തിൽ സ്വർണവില ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയും പവന് 2,120 രൂപ വർധിച്ച് 1,09,800 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 525 രൂപയും പവന് 4,200 രൂപയുമാണ് വർധിച്ചത്.
വിപണി ജാഗ്രതയിൽ
ഇന്ത്യൻ ഓഹരി വിപണി ജാഗ്രതയോടെയാണ് നീങ്ങിയത്. ഇറാൻ-യുഎസ് സമാധാന ശ്രമങ്ങൾക്ക് കൂടുതൽ വ്യക്തത വരട്ടെയെന്ന നിലപാടിലായിരുന്നു നിക്ഷേപകർ. സെൻസെക്സ് 0.26 ശതമാനം നേട്ടത്തിൽ 78,785ലെത്തി. നിഫ്റ്റി 0.05 ശതമാനം മാത്രം ഉയർന്ന് 24,636ലും ക്ലോസ് ചെയ്തു.
ഇന്ന് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യത. എന്നാൽ കമ്പനികളുടെ ഒന്നാം പാദ ഫലങ്ങൾ പുറത്തുവരുന്നതിനാൽ ചില മേഖലകളിലെ ഓഹരികൾ ശ്രദ്ധാകേന്ദ്രമാകും.
എൽഐസി ലാഭത്തിൽ 23% വർധന
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എൽഐസിയുടെ ലാഭം 23 ശതമാനം ഉയർന്ന് 13,492 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ 10,987 കോടിയായിരുന്നു. മൊത്തം വരുമാനം 2,37,848 കോടിയായി ഉയർന്നു.
വാഹന വിൽപന 25.89% കൂടി
ജിഎസ്ടി ഇളവുകളെ തുടർന്ന് വാഹന വില കുറഞ്ഞതോടെ ജൂലൈയിൽ ഇന്ത്യയിലെ ആകെ വാഹന വിൽപന 25.89 ശതമാനം ഉയർന്ന് 25,91,138 യൂണിറ്റിലെത്തി. പാസഞ്ചർ വാഹന വിൽപനയിൽ 19.13 ശതമാനവും ഇരുചക്ര വാഹന വിൽപനയിൽ 28.25 ശതമാനവും വളർച്ചയുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“നന്ദിയാൽ അതിരുകടന്ന വികാരം!” ബഹിരാകാശത്ത് ആദ്യ ദിനം അനിൽ മേനോന്റെ വൈറൽ സന്ദേശം; ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഐഎസ്എസിൽ!







