ബിശ്വനാഥ് സിന്‍ഹ.. പുലിയല്ല.. പുപ്പുലി! മന്ത്രിസഭയിലെ അജണ്ട അവതരണ രീതി മാറുന്നു! പദ്ധതികൾ കോടതി കയറി മുടങ്ങുന്ന രീതി മാറ്റിമറിക്കാൻ ചീഫ് സെക്രട്ടറിയുടെ മാസ് ഉത്തരവ്; പ്രൈവറ്റ് സെക്രട്ടറിമാരുടെ ‘ കുറിപ്പ് യുഗം ‘ അവസാനിക്കുന്നു ‘; പദ്ധതി ഫയലിൽ എത്ര പേർക്ക് തൊഴിൽ ലഭിക്കുമെന്ന് വ്യക്തമാക്കണം ! നിര്‍ണ്ണായക ഉത്തരവിറക്കി ചീഫ് സെക്രട്ടറി, ഈ മാസം 17 മുതല്‍ ക്യാബിനറ്റ് യോഗങ്ങളിലെ കുറിപ്പുകളില്‍ സുപ്രധാന മാറ്റം!

തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ.. പുലിയല്ല.. പുപ്പുലി…… തിരുവനന്തപുരം ഭരണസിരാകേന്ദ്രം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ , സെക്രട്ടേറിയറ്റില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതികളില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ അത്ഭുതപ്പെടുത്തുന്ന പുതിയ ഉത്തരവ്. മന്ത്രിസഭാ യോഗങ്ങളില്‍ സമര്‍പ്പിക്കുന്ന  കുറിപ്പുകളില്‍ വന്‍ സുപ്രധാന പരിഷ്‌കാരങ്ങളും അവതരണ രീതിയിലെ മാറ്റങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ  ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം 17 മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ കടുത്ത നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലവില്‍ മന്ത്രിസഭാ യോഗങ്ങളില്‍ സമര്‍പ്പിക്കുന്ന വിവരങ്ങളില്‍ വലിയ പോരായ്മകളും വൈവിധ്യങ്ങളും രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. കുറിപ്പുകളില്‍ കൃത്യമായ ഘടനയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും അടിയന്തരവും ശക്തവുമായ ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ ഭരണസംവിധാനത്തിലെ പോരായ്മകള്‍ കൃത്യമായി ചൂണ്ടിക്കാട്ടി കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
ഭരണരംഗത്ത് കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനുള്ള ചീഫ് സെക്രട്ടറിയുടെ കൃത്യമായ വിഷന്‍ കണ്ടതോടെ മുഖ്യമന്ത്രി അദ്ദേഹത്തിന് മുന്നോട്ട് പോകാന്‍ പച്ചക്കൊടി കാട്ടി. ഇതോടെ ഭരണസിരാകേന്ദ്രത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും വകുപ്പുകളിലും ചീഫ് സെക്രട്ടറിയുടെ ഈ നീക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗോടെ ഭരണം സുഗമമാക്കാന്‍ ബിശ്വനാഥ് സിന്‍ഹ നടത്തുന്ന ഈ നീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ആഗസ്റ്റ് 17 മുതല്‍ കൃത്യമായ 13 ഘടകങ്ങള്‍ അടങ്ങിയ നിശ്ചിത മാതൃകയില്‍ മാത്രമേ മന്ത്രിസഭാ കുറിപ്പുകള്‍ തയ്യാറാക്കാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ എടുത്തുപറയുന്നു. ഇതില്‍ വീഴ്ച വരുത്തുന്ന ഒരു ഫയലും ഇനി കാബിനറ്റിന്റെ പരിഗണനയ്ക്ക് വരില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം. ഭരണസിരാകേന്ദ്രത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ഒരു വിപ്ലവകരമായ മാറ്റം അത്യാവശ്യമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
എല്ലാ വകുപ്പ് സെക്രട്ടറിമാരും ഈ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഴയ രീതിയിലുള്ള അപൂര്‍ണ്ണമായോ അല്ലെങ്കില്‍ തെറ്റായ മാതൃകയിലോ ഉള്ള കുറിപ്പുകള്‍ ഇനി ഒരു കാരണവശാലും പൊതുഭരണ വകുപ്പ് സ്വീകരിക്കില്ല. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്ന രീതിക്കും അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുന്ന രീതിക്കും ഇതോടെ വിരാമമാകും.
പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍, പദ്ധതികള്‍ വഴി ഉണ്ടാകാന്‍ പോകുന്ന തൊഴിലവസരങ്ങള്‍, ഉണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങള്‍, പദ്ധതികളുടെ നാഴികക്കല്ലുകള്‍ എന്നിവയടക്കം പുതിയ ഫ്രെണ്ട് പേജ് ഫോര്‍മാറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം. ഇത് വഴി തീരുമാനങ്ങള്‍ വേഗത്തിലാക്കാനും കാബിനറ്റിന് കൃത്യമായ ധാരണ ലഭിക്കാനും സാധിക്കും.
ഇതിനുപുറമെ, മുന്‍പ് സര്‍ക്കാര്‍ നല്‍കിയ പൊതുവാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന വിവരവും പുതിയ കുറിപ്പില്‍ ഇനി വ്യക്തമായി ചേര്‍ക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇത് വഴി വാഗ്ദാനങ്ങളുടെ നിലവിലെ അവസ്ഥ എന്താണെന്ന് സര്‍ക്കാരിന് എളുപ്പത്തില്‍ വിലയിരുത്താന്‍ സാധിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ഇതോടെ പൂര്‍ണ്ണമായും ഒഴിവാക്കാനാകും.
ഓരോ പദ്ധതിയും നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ വ്യക്തമായി മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിന് വലിയ ആശ്വാസമാകും. തുക വകയിരുത്തുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ ഈ നിര്‍ദ്ദേശം വഴി സാധിക്കുമെന്നാണ് കരുതുന്നത്.
നിയമപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, പിന്നീട് പദ്ധതികള്‍ കോടതി കയറി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. നിയമ വകുപ്പിന്റെ ഉപദേശങ്ങളും അവലോകനങ്ങളും കൃത്യമായി രേഖപ്പെടുത്തി മാത്രമേ ഇനി കാബിനറ്റ് നോട്ടുകള്‍ തയ്യാറാക്കാന്‍ സാധിക്കൂ എന്നത് സര്‍ക്കാരിന് വലിയൊരു നിയമപരിരക്ഷ കൂടിയാണ് നല്‍കുന്നത്.
സെക്രട്ടേറിയറ്റിലെ ചുവപ്പുനാട അറുത്തുമാറ്റി ഭരണം കൂടുതല്‍ ജനകീയവും സുതാര്യവുമാക്കാന്‍ ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ് എടുത്ത ഈ തീരുമാനം ഐ.എ.എസ് വൃത്തങ്ങളിലും വലിയ തരംഗമായി മാറിയിട്ടുണ്ട്. ആഗസ്റ്റ് 17 മുതല്‍ സംസ്ഥാന ഭരണത്തില്‍ വരാന്‍ പോകുന്ന ഈ വന്‍ മാറ്റം കേരളത്തിന്റെ ഭരണചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായി മാറും.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.