തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റുമാര്‍ മാറുമ്പോഴും ഭരണം അറിഞ്ഞോ അറിയാതെയോ നയിക്കുന്നത് ഒരേ കരങ്ങളെന്ന് ആക്ഷേപം. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അതി വിശ്വസ്തനും നിഴൽ പോലെ നടന്ന ഉന്നതൻ തന്നെയാണ് നിലവിലെ ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെയും വലതു വശത്ത് തുടരുന്നത്. കെ.ജയകുമാർ കണിശക്കാരനായതു കൊണ്ട് മാത്രം ഇദ്ദേഹത്തിന് ‘കുടുക്ക ‘ യിൽ നിന്ന് കൈയിട്ട് വാരാൻ കഴിയുന്നില്ല.
കോടികളുടെ അഴിമതി ആരോപണങ്ങളും അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച സംഭവങ്ങളും പുറത്തുവരുമ്പോഴും ഇദ്ദേഹം ഉന്നത പദവിയില്‍ തുടരുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ വലിയ അത്ഭുതവും അമര്‍ഷവും സൃഷ്ടിച്ചിട്ടുണ്ട്.

കെ. ജയകുമാര്‍ പ്രസിഡന്റായി ചുമതലയേറ്റ ആദ്യ നാളുകളില്‍ ഉദ്യോഗസ്ഥ വൃന്ദത്തിനുമേല്‍ കർശന നിയന്ത്രണങ്ങളും അച്ചടക്ക നടപടികളും ഉണ്ടായിരുന്നു. അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനം വിവാദമായിരുന്നു. അന്ന് മടങ്ങുമ്പോള്‍ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത അദ്ദേഹം കാറിന്റെ ഡിക്കിയില്‍ പായസം വാങ്ങി വെച്ചതിന് കടുത്ത ശാസന നേരിടേണ്ടി വന്നത് ബോര്‍ഡിനുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, തുടക്കത്തിലുണ്ടായിരുന്ന ഈ കണിശതയെല്ലാം താമസിയാതെ അപ്രത്യക്ഷമായി. ഇപ്പോള്‍ എല്ലായിടത്തും പ്രസിഡന്റിന്റെ പര്യടനങ്ങളില്‍ നിഴലായി ഇതേ ഉന്നതൻ തന്നെയുണ്ട്.
ശബരിമലയിലെ അരവണ, അപ്പം നിര്‍മാണത്തിനായി കോടികളുടെ മായം കലര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിലെ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന്റെ പരിഗണനയ്ക്ക് വരാതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ ഇദ്ദേഹമാണെന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് ഫയലുകള്‍ മുക്കിയതെങ്കിലും, അദ്ദേഹം പദവി ഒഴിഞ്ഞ ശേഷവും ബോര്‍ഡിന്റെ അമരത്തുതന്നെ തുടരാന്‍ ഇദ്ദേഹത്തിന് സാധിച്ചത് ബോര്‍ഡിനുള്ളിലെ സ്വാധീനം വ്യക്തമാക്കുന്നു.
തുടര്‍ ഭരണമുണ്ടാകുമെന്നു കരുതിയാണ് ഈ സംഘം വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കളമൊരുക്കിയത്. ശബരിമലയില്‍ അരവണ നിര്‍മാണത്തിനായി മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതില്‍ 2.28 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. വിപണിയിലിറക്കാത്ത 10 ലിറ്റര്‍ ക്യാനുകളില്‍ തമിഴ്നാട്ടിലെ ശിവകാശിയില്‍ അച്ചടിച്ച വ്യാജ മില്‍മ സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് വ്യാജ നെയ്യ് സപ്ലൈ ചെയ്തതെന്ന് എസ്.ഐ.ടി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഭക്തജനങ്ങള്‍ ശ്രീ കോവിലില്‍ തീരാഭക്തിയോടെ അര്‍പ്പിക്കുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധമായ നെയ്യ് ശബരിമലയിലെ നെയ്യ് തോണിയില്‍ യാതൊരു പാലനവുമില്ലാതെ കെട്ടിക്കിടന്ന് ചീത്തയായിപ്പോകുമ്പോഴാണ്, മറുവശത്ത് കോടികള്‍ മുടക്കി വ്യാജ നെയ്യ് പുറത്തുനിന്ന് വാങ്ങിക്കൂട്ടിയത്. ഭക്തരുടെ വഴിപാടു നെയ്യ് കൃത്യമായി സംസ്‌കരിച്ച് ഉപയോഗിക്കാന്‍ നടപടിയെടുക്കാതിരുന്ന ഭരണസമിതി, നടതുറന്നിരിക്കുന്ന സമയങ്ങളില്‍ താത്കാലിക ജീവനക്കാരും ബോര്‍ഡ് ഉദ്യോഗസ്ഥരും പ്ലാസ്റ്റിക് കുപ്പികളില്‍ വ്യാപകമായി നെയ്യ് കടത്തുന്നത് കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
സംഭവത്തില്‍ പി.എസ്. പ്രശാന്തിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.ഐ.ടി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ. അജികുമാര്‍, അന്തരിച്ച ബി. മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍, സ്റ്റോര്‍ സൂപ്രണ്ട് തുടങ്ങി പ്രമുഖരെല്ലാം പ്രതിപ്പട്ടികയിലുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എന്നാല്‍, നെയ്യ് അഴിമതിക്കേസ് അന്വേഷണം പുരോഗമിക്കുമ്പോഴും പ്രശാന്തിന്റെ കാലത്തെ ഗൂഢസംഘം
ഇപ്പോഴും അതേ പദവികളിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രശാന്തിന്റെ കാലത്ത് നടന്ന നിയമന അഴിമതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്.ഐ.ടി നീക്കം നടത്തുന്നതിനിടെ, പ്രധാന തെളിവുകളും ഫയലുകളും വീണ്ടും ഇദ്ദേഹത്തിന്റെ കൈകളിലൂടെ കടന്നുപോകുന്നത് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനുപുറമേ, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും ഈ ഉന്നതന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം കാരണം തിരുവല്ലം ക്ഷേത്രത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പല പരാതികളും പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ തന്നെ അട്ടിമറിക്കപ്പെടുകയായിരുന്നു.
മുൻ ഭരണ സമിതിയുടെ ഭരണകാലത്ത് നടന്ന നിയമന അഴിമതികള്‍, തസ്തിക സൃഷ്ടിക്കലിലെ തിരിമറികള്‍, ലേല നടപടികളിലെ വെട്ടിപ്പുകള്‍ എന്നിവയിലെല്ലാം അന്വേഷണം എത്താനിരിക്കെയാണ് വിശ്വസ്തന്റെ സാന്നിധ്യം ദേവസ്വം ആസ്ഥാനത്ത് വീണ്ടും സജീവമാകുന്നത്. മുന്‍ പ്രസിഡന്റുമായി ചേര്‍ന്ന് അഴിമതികള്‍ക്ക് കൂട്ടുനിന്ന വ്യക്തി തന്നെ നിലവിലെ പ്രസിഡന്റിന്റെ വിശ്വസ്തനായി നടക്കുന്നത് കേസിന്റെ ഭാവിപോലും അപകടത്തിലാക്കുമെന്നാണ് ജീവനക്കാരുടെ പക്ഷം.
കോടികളുടെ അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഭരണസമിതിയുടെ ഫയലുകള്‍ പൂഴ്ത്താന്‍ സഹായിച്ച ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്താന്‍ നിലവിലെ ഭരണസമിതി തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. പുതിയ സർക്കാർ വന്നിട്ടും ഇദ്ദേഹത്തിന് ലഭിക്കുന്ന തൊടാനവാത്ത സംരക്ഷണം ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യതയെ വീണ്ടും ജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഇന്ന് കേരളം ഉണർന്നത് മഴയിൽ വിറങ്ങലിച്ച് ; 2018 ആവർത്തിക്കുമോ? മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ഇതൊക്കെ!







