”അവളെ ഞങ്ങള്‍ നിയന്ത്രിക്കാറില്ല. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളത് പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ആ ഫ്രീ സ്പീച്ചിലാണ് അവളെ വളര്‍ത്തിയത്”- പറയുന്നത് സുചിത്രാ മോഹന്‍ലാലാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ ഭാര്യ. മകളും ഇപ്പോള്‍ ‘തുടക്കം’ എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിക്കയും ചെയ്ത മകള്‍ വിസ്മയ ഡല്‍ഹിയിലെ ജന്ദര്മന്തിര് സമരത്തില്‍ ‘പാറ്റകള്‍’ നടത്തിയ സമരത്തെ അനുകൂലിച്ചത് ചോദിച്ചപ്പോഴാണ് അമ്മയുടെ ഈ മറുപടി.
ഈ ലോകത്തും രാജ്യത്തും സംഭവിക്കുന്ന പൊതുകാര്യങ്ങളില്‍ യാതൊരു അഭിപ്രായവും പറയാതെ, ഫാഷനും റീല്‍സുമായി ജീവിക്കുന്നവരാണ്, നമ്മുടെ സ്റ്റാര്‍ കിഡ്സ് എന്നുപറയുന്ന താരമക്കളില്‍ ഏറെയും. വായില്‍ വെള്ളിക്കരണ്ടിയല്ല, സ്വര്ണ്ണക്കരണ്ടിയായി ജനിച്ച അവര്‍ മിക്കവരും, മണ്ണിലല്ല വിണ്ണിലാണ് ജീവിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലാത്ത കുറച്ചുപേരുണ്ട്. അതില്‍ ഏറ്റവും പ്രധാനിയാണ്, പ്രണവ് മോഹന്‍ലാല്‍ എന്ന അവധൂതനെപ്പോലെ, യാത്രകള്‍ക്കിടയില്‍ വല്ലപ്പോഴും സിനിമചെയ്യുന്ന ജന്മം. പ്രണവിനെപ്പോലെയാണ് അനിയത്തി വിസ്മയയും. ഫാന്‍സ് അസോസിയേഷനുകളുടെയും സൂപ്പര്‍താര പദവികളുടെയും അമിത വെളിച്ചത്തില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിച്ച വിസ്മയ മോഹന്‍ലാല്‍, ഡല്‍ഹിയില്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് ഈ യുവതി.

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ‘ചലോ സന്‍സദ്’ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെയും കടുത്ത അടിച്ചമര്‍ത്തലിനെയും വിസ്മയ വിമര്‍ശിച്ചിരുന്നു. ”സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണോ ജനാധിപത്യം?” എന്ന് ചോദിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതോടൊയണ് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. എന്നിട്ടും അവര്‍ പതറിയിട്ടില്ല. നിലപാട് മാറ്റിയിട്ടില്ല. ഇപ്പോഴിതാ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘തുടക്കം’ സിനിമ റിലീസായതോടെ ഇതാ ഒരു പുതിയ താരോദയം എന്ന് വിമര്‍ശകര്‍പോലും പറയുകയാണ്. പൊതുചടങ്ങിലെ സ്റ്റേജ് ഫിയറിന്റെ പേരില്‍ കളിയാക്കപ്പെട്ട, അവള് ചിത്രത്തില്‍ ആയോധന കലകളുടെ അസാധാരണ പ്രകടനം വഴി കൈയടി നേടുകയാണ്. ശരിക്കും രാജാവിന്റെ മകള്‍ തന്നെ!
ലാലേട്ടന്റെ മകള്‍ എന്ന ഒറ്റവരിയില്‍ ഒതുക്കാവുന്ന പെണ്‍കുട്ടിയല്ല അവള്. ഒരു സ്റ്റാര്‍ കിഡ് എന്നതിനപ്പുറം സ്വന്തമായി കവിത, ചിത്രരചന, ആയോധനകല, സിനിമ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്.
താരജാഡയില്ലാത്ത ലളിത ജീവിതം
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെയും സുചിത്രയുടെയും മകളായി തിരുവനന്തപുരത്താണ് വിസ്മയയുടെ ജനനം. പ്രശസ്ത തമിഴ് നിര്‍മാതാവ് കെ. ബാലാജി മുത്തശ്ശനും, നടന് പ്രണവ് മോഹന്‍ലാല്‍ സഹോദരനുമാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ ഫിലിം ഫെസ്റ്റിവലുകളിലും ഹ്രസ്വചിത്ര നിര്‍മാണങ്ങളിലും സജീവമായിരുന്നു. മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ വിസ്മയ, ഒരു സ്റ്റാര്‍ കിഡ് എന്ന ആഡംബരങ്ങളോ താരജാഡകളോ ഇല്ലാതെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഭൂരിഭാഗം താരപുത്രിമാരും തങ്ങളുടെ വസ്ത്രധാരണവും ആഡംബര ജീവിതവും ഇന്‍സ്റ്റാഗ്രാമില്‍ ആഘോഷമാക്കുമ്പോള്‍, വിസ്മയ തന്റെ അക്കൗണ്ട് പ്രധാനമായും ഉപയോഗിക്കുന്നത് സ്വന്തം എഴുത്തുകള്‍, ചിത്രരചനകള്‍, ഫിറ്റ്നസ്, യാത്രകള്‍ എന്നിവ പങ്കുവെക്കാന്‍ മാത്രമാണ്. പൊതുവേദികളിലോ കുടുംബ ചടങ്ങുകളിലോ വലിയ മേക്കപ്പോ തിളങ്ങുന്ന ആഡംബര വസ്ത്രങ്ങളോ ധരിക്കാന്‍ വിസ്മയ മുതിരാറില്ല. സാധാരണ വസ്ത്രങ്ങള്‍ ധരിച്ചുള്ള വിസ്മയയുടെ ചിത്രങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സഹോദരന് പ്രണവ് മോഹന്‍ലാലിനെപ്പോലെ തന്നെ സാധാരണക്കാരെപ്പോലെ യാത്ര ചെയ്യാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിസ്മയ ഇഷ്ടപ്പെടുന്നു. ഹിമാലയന്‍ യാത്രകളും തായ്ലന്ഡിലെ ലളിതമായ ക്യാമ്പ് ജീവിതവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. താന്‍ മുന്‍പ് അമിതഭാരമുള്ള ആളായിരുന്നുവെന്നും ഒരു നില നില തുരുതുരെ പടികള്‍ കയറുമ്പോള്‍ പോലും ശ്വാസം മുട്ടിയിരുന്നുവെന്നും വിസ്മയ യാതൊരു മടിയുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു സൂപ്പര്‍താരത്തിന്റെ മകള്‍ എന്ന നിലയിലുള്ള ഇമേജ് നോക്കാതെ സ്വന്തം ബലഹീനതകള്‍ തുറന്നുപറയാന്‍ കാണിച്ച ആര്‍ജ്ജവത്തെ ആരാധകര്‍ ഏറെ അഭിനന്ദിച്ചു.
വിസ്മയ മോഹന്‍ലാല്‍ പൊതുവെ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാറില്ല. പക്ഷേ തന്റെ വീട്ടില്‍ എപ്പോഴും കലയും സിനിമയും സാഹിത്യവും നിറഞ്ഞുനിന്നിരുന്നുവെന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. ”കല കലയെത്തന്നെയാണ് പ്രചോദിപ്പിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ വന്നാല്‍ ചുറ്റും പെയിന്റിംഗുകളും മറ്റ് കലാരൂപങ്ങളും കാണാം. അച്ഛന് ചിത്രങ്ങള്‍ ശേഖരിക്കാനും എല്ലാത്തരം കലകളോട് സംവദിക്കാനും ഒരുപാട് ഇഷ്ടമാണ്,” എന്ന് വിസ്മയ വ്യക്തമാക്കി.അച്ഛന്റെ ജന്മദിനത്തില് അദ്ദേഹം അടുക്കളയില്‍ പാചകം ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ”എനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും കഠിനാധ്വാനിയും കഴിവുള്ളതുമായ മനുഷ്യന്, മികച്ച കലാകാരന്, അതിലുപരി നല്ലൊരു ഷെഫ്…” എന്ന് വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. തങ്ങള്‍ കുട്ടിക്കാലത്ത് പുസ്തകങ്ങളെ സ്നേഹിക്കാന്‍ തുടങ്ങിയതിന് കാരണം അമ്മയാണെന്ന് വിസ്മയ പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ കളിക്കാന്‍ കളിപ്പാട്ടങ്ങള്‍ക്ക് പകരം വായിക്കാന്‍ പുസ്തകങ്ങള്‍ തന്നാണ് അമ്മ പ്രോല്ഹാഹിപ്പിച്ചത്. സഹോദരന് പ്രണവിനെക്കുറിച്ച് പറയുമ്പോള്‍ തങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണ് വിസ്മയ പങ്കുവെക്കാറുള്ളത്. തന്നെപ്പോലെ തന്നെ അപ്പുവിനും എഴുത്തിനോടും സംഗീതത്തോടും വലിയ താല്പര്യമുണ്ടെന്നും, അവന് ഒരുപാട് കവിതകളും പാട്ടുകളും എഴുതാറുണ്ടെന്നും വിസ്മയ പറയുന്നു.
മോഹന്‍ലാലിന്റെ മകള്‍ എന്ന വിലാസത്തില്‍ മാത്രം സിനിമയില്‍ നായികയാകാന്‍ ശ്രമിക്കാതെ, ആദ്യം അസിസ്റ്റന്റ് ഡയറക്ടറായി അണിയറയില്‍ പണിയെടുത്തും എഴുത്തുകാരിയായി കഴിവ് തെളിയിച്ചും സ്വന്തം വഴി കണ്ടെത്താനാണ് വിസ്മയ ശ്രമിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള സുഹൃത്തുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. കല്യാണി പ്രിയദര്ശന് അടക്കമുള്ള സഹതാരങ്ങളുമായും അവള് നല്ല സൗഹൃദത്തിലാണ്.
എഴുത്തുകാരി, ചിത്രകാരി, അസി.ഡയറക്ടര്‍
.അച്ഛന്റെ പ്രശസ്തിയുടെ തണലില്‍ ഒതുങ്ങാന്‍ വിസ്മയ തയ്യാറായിരുന്നില്ല. എഴുത്തുകാരി, ചിത്രകാരി, അസി.ഡയറക്ടര്‍ തുടങ്ങി പല രീതിയിലും അവള് കഴിവ് തെളിയിച്ചു. 2021-ല്‍ പെന്ഗ്വിന് ബുക്സ് വഴി പുറത്തിറങ്ങിയ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാ-ചിത്രരചനാ സമാഹാരത്തിലൂടെ വിസ്മയ തന്റെ എഴുത്തുപാടവം തെളിയിച്ചു. 2021 ഫെബ്രുവരി 14-ന് ,വാലന്റൈന്‍സ് ദിനത്തില്‍ ഇറങ്ങിയ ഈ പുസ്തകം കവിതാ സമാഹാരം മാത്രമല്ല, വിസ്മയ തന്നെ വരച്ച ചിത്രങ്ങളും ഡൂഡിലുകളും അടങ്ങിയ ഒരു പ്രത്യേക കലാരൂപമാണ്.
പ്രണയം, കല, സര്‍ഗ്ഗാത്മകത, മനുഷ്യ സഹജമായ വികാരങ്ങള്‍ എന്നിവയാണ് ഇതിലെ പ്രധാന പ്രമേയങ്ങള്‍.മനസ്സിന്റെ ചിന്താധാരകളെ അതേപടി പകര്‍ത്തുന്ന ‘സ്ട്രീം ഓഫ് കോണ്‍ഷ്യസ്നസ്’ ശൈലിയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു. ലളിതമായ ഭാഷയാണെങ്കിലും വായനക്കാരെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നാണിത്. ‘ഒരു പിതാവെന്ന നിലയില്‍ ഏറെ അഭിമാനകരമായ നിമിഷമാണിതെന്ന് പറഞ്ഞ്’ മോഹന്‍ലാല്‍ തന്നെയാണ് പുസ്തകം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചന് പുസ്തകത്തെ അതിഗംഭീരം എന്നാണ് വിശേഷിപ്പിച്ചത്. നടന് ദുല്‍ഖര്‍ സല്മാന്, എഴുത്തുകാരിയും നടിയുമായ കവിത നായര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിസ്മയയുടെ എഴുത്തിലെ പക്വതയെ അഭിനന്ദിച്ചിരുന്നു.
”ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ തികച്ചും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഒരു കവിതാ പുസ്തകം എഴുതണമെന്ന ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ഇരിക്കാറുള്ളത്,” -അപൂര്‍വമായി അനുവദനിച്ച അഭിമുഖത്തില്‍ വിസ്മയ പറയുന്നു. യാത്രകളിലും ഒഴിവുസമയങ്ങളിലും തന്റെ മനസ്സില്‍ തോന്നുന്ന ചിന്തകളും ഭാവനകളും ഡയറിയില്‍ വെറുതെ കുറിച്ചിടുന്നതും അതിനൊപ്പം ചിത്രങ്ങള്‍ വരയ്ക്കുന്നതും വിസ്മയയുടെ ശീലമായിരുന്നു. യാത്രകള്‍, അവര്‍ കണ്ടുമുട്ടിയ മനുഷ്യര്‍, പ്രകൃതിഭംഗി, അവരുടെ സ്വന്തം ജീവിതാനുഭവങ്ങള്‍ എന്നിവയെല്ലാമാണ് ഈ കവിതകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ പ്രചോദനം. പിന്നീട് ഈ കുറിപ്പുകളും ചിത്രങ്ങളും ഒരുമിച്ച് ചേര്‍ത്തപ്പോഴാണ് ഇതൊരു പുസ്തകമാക്കാനുള്ള സാധ്യത സുഹൃത്തുക്കളും കുടുംബവും ചൂണ്ടിക്കാണിച്ചതും, അങ്ങനെ അത് പെന്ഗ്വിന് ബുക്സില്‍ എത്തിച്ചേര്‍ന്നതും.
വിസ്മയയുടെ പുസ്തകത്തിന് ആമുഖം എഴുതിയത് മോഹന്‍ലാലാണ്. ആദ്യം തനിക്ക് ഒരു ആമുഖം വേണമെന്നുണ്ടായിരുന്നില്ലെന്നും, എന്നാല്‍ അച്ഛന് എഴുതിയത് വായിച്ചപ്പോള്‍ പുസ്തകം പൂര്‍ണ്ണമായതുപോലെ തോന്നിയെന്നും വിസ്മയ പറഞ്ഞു. അച്ഛന് ഒരുപാട് വായിക്കുന്ന ആളാണെന്നും മലയാളത്തില്‍ നന്നായി എഴുതുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രി ഡി ഫാന്റസി ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു.
22 കിലോ ഭാരം കുറച്ചു
ഒരു വലിയ മൃഗസ്നേഹികൂടിയാണ് വിസ്മയ. മുന്‍പ് ഒരു പുതിയ നായക്കുട്ടിയെക്കൂടി ദത്തെടുത്ത വിവരം വിസ്മയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
”ഞങ്ങള്‍ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവന് ഒരു അപാര സുന്ദരനാണ്” എന്നായിരുന്നു സൂര്യാസ്ഥമയം നോക്കിനില്ക്കുന്ന നായയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിസ്മയ കുറിച്ചത്. മോഹന്‍ലാലിന്റെ വീട്ടിലെ കാസ്പര്‍, വിസ്കി എന്നീ വളര്‍ത്തുനായ്ക്കളും ആരാധകര്‍ക്ക് ഏറെ പരിചിതരാണ്. വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലും പിന്നീട് പുറത്തുവന്ന പ്രൊമോഷന് ചിത്രങ്ങളിലും വിസ്മയയോടൊപ്പം ഒരു നായയെ പ്രാധാന്യത്തോടെ കാണിച്ചിട്ടുണ്ട്. വിസ്മയയുടെ യഥാര്‍ത്ഥ ജീവിതത്തിലെ മൃഗസ്നേഹം കൂടിയറിയാവുന്ന ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് സിനിമയിലെ ഈ നായയുടെ സാന്നിധ്യത്തെയും നോക്കിക്കാണുന്നത്.

വിസ്മയ മോഹന്‍ലാലിന്റെ ശാരീരിക മാറ്റവും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗമായിരുന്നു. അമിതഭാരം കാരണം ബുദ്ധിമുട്ടിയിരുന്ന ഘട്ടത്തില്‍ നിന്നും കഠിനമായ പരിശീലനത്തിലൂടെ 22 കിലോയോളം ഭാരം കുറച്ച വിസ്മയയുടെ ഫിറ്റ്നസ് യാത്രയും പ്രചോദനകരമാണ്. തായ്ലന്ഡിലെ കോ സാമുയി ദ്വീപിലുള്ള പ്രശസ്തമായ ഫിറ്റ്ക്ക് ഫിറ്റ്നസ് ക്യാമ്പിലായിരുന്നു, വിസ്മയയുടെ പരിശീലനം. ഫിറ്റ്കോയിലെ പ്രശസ്ത ട്രെയിനറായ ടോണി ഒലിന്‍ കീഴിലായിരുന്നു കഠിന പരിശീലനം. തന്റെ തലച്ചോറിനെ മടിയോട് പോരാടാന്‍ പാകപ്പെടുത്തിയത് ടോണി ആണെന്ന് വിസ്മയ കുറിച്ചിട്ടുണ്ട്. തായ്ലന്‍ഡിന്റെ പരമ്പരാഗത ആയോധനകലയായ മുവായ് തായ് ആണ് അവള് പ്രധാനമായും അഭ്യസിച്ചത്. മുഷ്ടികള്‍, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഈ പൂര്‍ണ്ണ കായികവിനോദം ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിച്ചു. മുവായ് തായ് കൂടാതെ കഠിനമായ വെയിറ്റ് ട്രെയിനിംഗ്, ഹൈക്കിംഗ് (മലകയറ്റം), സണ്‍സെറ്റ് സ്വിമ്മിംഗ് എന്നിവയും ഫിറ്റ്നസ് യാത്രയുടെ ഭാഗമായിരുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിസ്മയ തന്നെ ഇതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ”കുറച്ചു വര്‍ഷങ്ങളായി ഭാരം കുറയ്ക്കണം എന്ന് ഞാന്‍ വെറുതെ പറയുമായിരുന്നു, എന്നാല്‍ അതിനായി ഒന്നും ചെയ്തിരുന്നില്ല. ഒരു നില പടികള്‍ കയറുമ്പോഴേക്കും എനിക്ക് ശ്വാസം മുട്ടുമായിരുന്നു. തായ്ലന്ഡിലെ കഠിനമായ ക്യാമ്പ് ജീവിതം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞ് മാനസികമായും ശാരീരികമായും ഞാന്‍ അതീവ സന്തോഷവതിയാണ്”- അവള് എഴുതി. ഒരുപാട് യുവതീ യുവാക്കള്‍ക്ക് പ്രചോദനമായിരുന്നു ഈ പോസ്റ്റ്.
തുടക്കം സിനിമയിലേക്ക്
ഈ മേക്കോവര്‍ തന്നെയാണ് വിസ്മയയെ ‘തുടക്കം’ എന്ന സിനിമയിലേക്ക് എത്തിച്ചതും. ‘2018’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് എടുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘തുടക്കം’. ഇതിലെ നായികയായ ‘മീനു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തികച്ചും വ്യത്യസ്തയായ, കായികക്ഷമതയുള്ള ഒരു പുതുമുഖത്തെയാണ് അദ്ദേഹം തിരഞ്ഞിരുന്നത്. ആ സമയത്താണ്, വിസ്മയയുടെ തായ്ലന്ഡിലെ മുവായ് തായ് ആയോധനകലാ പരിശീലനങ്ങളും ഫിറ്റ്നസ് മാറ്റങ്ങളും ശ്രദ്ധയില്‍പെടുന്നത്. സിനിമയില്‍ ആക്ഷന്‍ ഘടകങ്ങളുള്ള ഈ വേഷം ചെയ്യാന്‍ വിസ്മയയ്ക്കുള്ള ശാരീരികക്ഷമതയും ബോള്‍ഡ് ലുക്കും തന്നെയാണ് ഇതിലേക്ക് അവരെ തിരഞ്ഞെടുക്കാന്‍ ജൂഡിനെ പ്രേരിപ്പിച്ചത്. ഇത് അച്ഛന് വഴി വന്നതല്ലെന്നും ദൈവനിയോഗംപോലെ സംഭവിച്ചതാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന വിസ്മയയോട് ജൂഡ് കഥ പറഞ്ഞപ്പോള്‍, പുതുമയും കഥാപാത്രത്തിന്റെ പ്രാധാന്യവും കാരണം അവര്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു.ഫാമിലി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്, തുടക്കമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ കഥയുടെ പ്രധാന ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നല്കുന്ന സൂചനയനുസരിച്ച്, വിസ്മയ അവതരിപ്പിക്കുന്ന ‘മീനു’ എന്ന കഥാപാത്രം കടന്നുപോകുന്ന കഠിനമായ ജീവിതയാത്രയും പോരാട്ടങ്ങളുമാണ് സിനിമയുടെ കാതല്‍.ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്ന കാര്യം സംവിധായകന് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മോഹന്‍ലാലും മകളും ആദ്യമായി ഒരുമിച്ച് സ്ക്രീന്‍ പങ്കിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് നടന്നത്. മോഹന്‍ലാലും കുടുംബവും ഒന്നടങ്കം പങ്കെടുത്ത ഈ ചടങ്ങിലെ വൈകാരികമായ നിമിഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചടങ്ങില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച ശേഷം സുചിത്ര നടത്തിയ പ്രസംഗം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ”ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്… ചെറുപ്പത്തില്‍ പ്രണവിന് ഏകദേശം 12 വയസ് ഉള്ളപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ ഒരു സിനിമ ചെയ്തു. അതിന്റെ പേര് ‘ആഗ്രി മായ’ എന്നായിരുന്നു. മായയായിരുന്നു (വിസ്മയ) അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകന് അപ്പുവായിരുന്നു (പ്രണവ്). ഞാന്‍ ആയിരുന്നു ക്യാമറ,” എന്ന് സുചിത്ര ഓര്‍ത്തെടുത്തു.അന്ന് വെറുതെ വീട്ടില്‍ കളിപ്പേരായി ചെയ്ത ആ രണ്ടുപേരും ഭാവിയില്‍ യഥാര്‍ത്ഥ സിനിമാലോകത്തേക്ക് എത്തിച്ചേരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുചിത്ര പറഞ്ഞു.
ഒരു അച്ഛന് എന്ന നിലയിലുള്ള സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചടങ്ങില്‍ സംസാരിച്ചത്. തന്റെ മക്കള്‍ ഒരിക്കലും സിനിമയിലേക്ക് വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എന്നാല്‍ മകള്‍ ഒടുവില്‍ സിനിമയോടുള്ള താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഒരു പിതാവെന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. ചടങ്ങിന് പിന്നാലെ ”ഡിയര്‍ മായക്കുട്ടീ, സിനിമയുമായുള്ള ആജീവനാന്ത സ്നേഹ ബന്ധത്തിലേക്കുള്ള ആദ്യപടിയാകട്ടെ നിന്റെ ഈ ‘തുടക്കം’…” എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം മകള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. പൊതുവെ ക്യാമറകള്‍ക്ക് മുന്നില്‍ വരാന്‍ മടിക്കുന്ന പ്രണവ് മോഹന്‍ലാല്‍ തന്റെ അനിയത്തിയുടെ കരിയറിലെ ഏറ്റവും വലിയ ദിവസത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. സിനിമയുടെ ആദ്യ ക്ലാപ്പടിച്ചത് പ്രണവാണ്.
ഇപ്പോഴിതാ ‘തുടക്കം’ സിനിമ സാമ്പത്തികമായി വലിയ വിജയംകൂടിയായതോടെ ഒരു പുതിയ താരോദയത്തിനാണ് കേരളം സാക്ഷിയാവുന്നതും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ വിസ്മയയുടെ പ്രകടനം തിയേറ്ററുകളില്‍ വലിയ കയ്യടി നേടുന്നുണ്ട്. ക്ലൈമാക്സില്‍ സ്ത്രീ പേക്ഷകര്‍ നിന്ന് കൈയടിക്കുന്നതു കണ്ടു. താരം യഥാര്‍ത്ഥ ജീവിതത്തില്‍ പഠിച്ച ‘മുവായ് തായ്’ മാര്‍ഷ്യല്‍ ആര്‍ട്സ് സ്കില്ലുകള്‍ ചിത്രത്തിലെ ഫൈറ്റ് സീനുകളില്‍ മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. കടുത്ത നായിക ദാരിദ്ര്യമുള്ള മലയാള സിനിമയില്‍ വിസ്മയപ്പോലെയുള്ള നടികള്‍ ആശ്വാസമാണെന്ന് നിരൂപകരും സോഷ്യല്‍ മീഡിയയും വിലയിരുത്തുന്നു.
വാല്‍ക്കഷ്ണം: വിസ്മയ മോഹല്‍ലാല്‍ എന്നത് ഒരു കൊച്ചുകുട്ടിയോന്നുമല്ല. അവള്‍ക്ക് 34 വയസ്സായി. പിതാവിന്റെ അഭിപ്രായം തന്നെ ഒരു മുതിര്‍ന്ന യുവതിയുടെ വായില്‍നിന്നും വരണം എന്ന് പറയുന്നത് ബാലിശമാണ്. പരമ്പരാഗത കേരളീയ സമൂഹത്തില്‍, മുപ്പത് എത്തുന്നവര്‍ക്കൊക്കെയും, സമ്മര്‍ദം വിവാഹത്തെക്കുറിച്ചാണ്. അവിടെയും ലാലേട്ടന്റെ മക്കള്‍ വ്യത്യസ്തരാവുന്നു. വിസ്മയും, പ്രണവും കരിയറിനും യാത്രകള്‍ക്കുമാണ് പ്രധാന്യം കൊടുക്കുന്നത്!
—————————————————————————————————————————————————————————————————————————————-
മംഗളംടിവി പ്രസിദ്ധീകരിച്ച വിസ്മയുടെ സ്പെഷ്യല്‍ സ്റ്റോറിയ്ക്ക് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചു. ഓക്ലാന്റ് എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹം തന്റെ ചിത്രവും മംഗളം ടിവിയ്ക്ക് അയച്ച് തന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


E20 പെട്രോൾ വൻ വിജയം; എഞ്ചിൻ തകരാർ വ്യാജപ്രചാരണം മാത്രം: E25 നടപ്പിലാക്കുക സുരക്ഷാ പരിശോധനകൾക്ക് ശേഷം എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി







