EXCLUSIVE അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; കണ്ണൂരിലെ ഫ്ളാറ്റില്‍നിന്ന് പൊക്കിയത് ഡിഐജി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം; ചെന്നിത്തലയ്ക്കും കേരളാ പോലീസിനും ബിഗ് സല്യൂട്ട്; മംഗളം ടിവി എക്‌സ്‌ക്ലൂസീവ്

കണ്ണൂര്‍: പോലീസിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തി ഒളിവില്‍ കഴിഞ്ഞിരുന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സോ്ഷ്യല്‍ മീഡിയയിലൂടെ പോലീസിനെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്ത കുറ്റവാളിയുമായ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പോലീസിന്റെ പിടിയിലായി. കണ്ണൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിയവേയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റ കാര്‍ത്തിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു മിന്നല്‍ പരിശോധനയും അറസ്റ്റും.
കണ്ണൂരില്‍ ചുമതലയേറ്റ് 24 മണിക്കൂറിനകം തന്നെ കേളികേട്ട ഒളിവുജീവിതം നയിച്ചിരുന്ന പ്രതിയെ വലയിലാക്കാന്‍ സാധിച്ചത് ഡിഐജി കാര്‍ത്തിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി മാറി. പോലീസിനെ വെട്ടിച്ച് മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ അതിവേഗം പിടികൂടാനായത് അന്വേഷണ സംഘത്തിനും സംസ്ഥാന പോലീസ് സേനയ്ക്കും വലിയ നേട്ടമായി. മംഗളം ടിവിയാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മംഗളം ടിവി ബിഗ് എക്‌സ്‌ക്ലൂസീവ്.
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പോസ്റ്റുകളിട്ട് കേരള പോലീസിനെയും അന്വേഷണ ഏജന്‍സികളെയും പരസ്യമായി നാണം കെടുത്തിക്കൊണ്ടിരുന്ന ആയങ്കിയുടെ അറസ്റ്റ് പോലീസ് സേനയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. സൈബര്‍ ഇടങ്ങളില്‍ പോലീസിനെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്ത പ്രതിക്ക് ഒടുവില്‍ നിയമത്തിന്റെ വലക്കണ്ണികള്‍ക്കുള്ളില്‍ കീഴടങ്ങേണ്ടി വന്നു.
പ്രതിപക്ഷ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയേണ്ടിവന്നിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഈ കസ്റ്റഡി വലിയ ആശ്വാസമായി. കേസില്‍ പ്രതിയെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പ്രഖ്യാപനം നടപ്പിലായതോടെ വിഷയത്തിലെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും താല്കാലിക ശമനമായിട്ടുണ്ട്.
അതിസങ്കീര്‍ണമായ ഡിജിറ്റല്‍ തന്ത്രങ്ങളിലൂടെയാണ് ആയങ്കി ഇതുവരെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒരേസമയം നാല് മൊബൈല്‍ ഫോണുകള്‍ കൈവശം വെച്ചിരുന്നെങ്കിലും, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒഴിവാക്കാന്‍ ഇവയെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സാധാരണ പോലീസ് പിന്തുടരുന്ന സൈബര്‍ അന്വേഷണ രീതികളെല്ലാം ഇയാള്‍ നിഷ്പ്രഭമാക്കുകയായിരുന്നു.
ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആയങ്കി സജീവ സാന്നിധ്യമായിരുന്നു. വിപിഎന്‍  സാങ്കേതികവിദ്യയും വെര്‍ച്വല്‍ ഐപി അഡ്രസുകളും എന്‍ക്രിപ്റ്റഡ് ആപ്പുകളും ഉപയോഗിച്ചായിരുന്നു ഇയാളുടെ ആശയവിനിമയം. യഥാര്‍ത്ഥ ഐപി അഡ്രസ് കണ്ടെത്താന്‍ സാധിക്കാതെ പോലീസ് സംഘം തുടക്കത്തില്‍ കടുത്ത വെല്ലുവിളി നേരിട്ടിരുന്നു.
ആയങ്കിയുടെ ഈ സാങ്കേതിക പ്രതിരോധം തകര്‍ക്കാന്‍ സംസ്ഥാന പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പ്രഗത്ഭരായ സൈബര്‍ വിദഗ്ധരുടെ സഹായം തേടിയിരുന്നു. വിപിഎന്‍ പൂട്ട് പൊളിച്ച് യഥാര്‍ത്ഥ ഐപി അഡ്രസ് കണ്ടുപിടിക്കുന്നതിനായി മുംബൈ, ഡല്‍ഹി സൈബര്‍ ക്രൈം വിഭാഗങ്ങളിലെ മുന്‍നിര വിദഗ്ധര്‍ കേരള പോലീസുമായി ചേര്‍ന്നാണ് നീക്കങ്ങള്‍ നടത്തിയത്.
കാട്ടുപള്ളിയാന്‍ വീരപ്പനെ പിടികൂടാന്‍ നടപ്പാക്കിയ തിരച്ചില്‍ രീതികള്‍ക്ക് സമാനമായ വിപുലമായ നെറ്റ്വര്‍ക്കാണ് പോലീസ് സംസ്ഥാനത്തുടനീളം ഇതിനായി സജ്ജമാക്കിയത്. എല്ലാ ജില്ലാ പോലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കുകയും കരമാര്‍ഗ്ഗവും സാങ്കേതിക മാര്‍ഗ്ഗവും ഒരുപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
ആയങ്കിക്ക് ഒളിത്താവളങ്ങളൊരുക്കാനും സാമ്പത്തിക സഹായം നല്‍കാനും ശ്രമിച്ച കൂട്ടാളികളെയും പോലീസ് ഒന്നൊന്നായി വലയിലാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആയങ്കിയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സാമ്പത്തിക സ്രോതസ്സുകളും സഹായികളുടെ ശൃംഖലയും തകര്‍ത്തതോടെ ആയങ്കി പൂര്ണ്ണമായും ഒറ്റപ്പെടുകയായിരുന്നു.
സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റല്‍ ഒളിത്താവളങ്ങള്‍ തകര്‍ത്ത പോലീസ്, ഡിഐജി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ ഫ്‌ലാറ്റില്‍ വെച്ച് പ്രതിയെ പൂട്ടുകയായിരുന്നു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.